പാലക്കാട് | രാജ്യത്തുടനീളം ചെറുകിട ആവശ്യങ്ങൾക്കായയുള്ള പണമിടപാടുകൾ ഓഫ് ലൈനിൽ നടത്താനായി റിസർവ് ബേങ്ക് സംവിധാനം ഒരുക്കുന്നു. ഇതിനായി ഡിജിറ്റൽ പേമെന്റ് മോഡുകൾക്ക് ആർ ബി ഐ രൂപം നൽകി.
2020 ആഗസ്റ്റ് ആറിന് വികസിപ്പിച്ചെടുത്ത നൂതന സാങ്കേതിക വിദ്യ ഈ വർഷം ജൂൺ വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തി വിജയം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഓഫ് ലൈൻ ഡിജിറ്റൽ പേമെന്റ് സാധാരണ ജനങ്ങളിൽ എത്തിക്കാൻ ആർ ബി ഐ തയ്യാറാകുന്നത്. നിലവിൽ വളരെയധികം പ്രചാരമുള്ള യൂനിഫൈഡ് പേമെന്റ് ഇന്റർഫേസ് പോലുള്ള ഡിജിറ്റൽ പേമെന്റ് മോഡുകൾക്ക് ഇന്റർനെറ്റും സ്്മാർട്ട് ഫോണും അനിവാര്യമാണ്. എന്നാൽ ഓഫ് ലൈനിൽ ഇന്റർനെറ്റ് സംവിധാനമില്ലെങ്കിലും എസ് എം എസ്, ക്യൂ ആർ കോഡ് വഴി ഡിജിറ്റൽ പേമെന്റിന് റിസർവ് ബേങ്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഗ്രാമീണ മേഖലകളിലുൾപ്പെടെ ഡിജിറ്റൽ പേമെന്റ് വിപുലമാക്കുന്നതിന് വേണ്ടിയാണ് ബേങ്കിൽ നിന്ന് ലഭിക്കുന്ന ചിപ്പ് അധിഷ്ഠിത വിസ ഡെബിറ്റ്, പ്രീപെയ്ഡ് കാർഡുകൾ വഴി പണമിടപാട് നടത്തുന്നതിന് പുതിയ സംവിധാനം റിസർവ് ബേങ്ക് ഒരുക്കുന്നത്. ഈ സംവിധാനത്തിലൂടെ പണമിടപാട് നടത്തുന്നതിന് പ്രൂഫ് ഓഫ് കോൺസെപ്റ്റ്( പി ഒ സി) സാങ്കേതിക വിദ്യയാണ് കാർഡിൽ ഉപയോഗിച്ചിരിക്കുന്നത്.
യെസ് ബേങ്കിന്റെയും ആക്സിസ് ബേങ്കിന്റെയും പങ്കാളിത്തത്തോടെയാണ് പുതിയ സാങ്കേതികവിദ്യ പ്രാവർത്തികമാക്കുന്നത്. ഇന്റർനെറ്റ് ലഭ്യത കുറവുള്ള ഗ്രാമങ്ങളിൽ ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ബേങ്കിൽ നിന്ന് ലഭിക്കുന്ന ചിപ്പ് അധിഷ്ഠിത വിസ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാർഡുകൾ വഴി പ്രതിദിനം 200 രൂപ മുതൽ 2,000 രൂപ വരെ പണമിടപാട് നടത്താവുന്നതാണ്. ഇതിന് പുറമെ ഡിജിറ്റൽ പരിജ്ഞാനമില്ലാത്ത, സ്മാർട്ട്‌ഫോൺ ഉള്ളവർക്ക് ബേങ്ക് അക്കൗണ്ട് ഫോണിലേക്ക് ലിങ്ക് ചെയ്യാൻ ശബ്ദസംവിധാനത്തിലൂടെ പേമെന്റ് നടത്താനും സൗകര്യമുണ്ട്. സ്മാർട്ട് ഫോണില്ലാത്തവർക്ക് ചിപ്പ് മുഖേനയും ഇടപാട് നടത്താം.
ഇത്തരം സംവിധാനം വരുന്നതോടെ ഗ്രാമീണമേഖലകളിലും ഡിജിറ്റൽ പേമെന്റ് സാർവത്രികമാകുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടൽ.
source https://www.sirajlive.com/rbi-launches-digital-payment-mode-you-can-no-longer-make-payments-without-the-internet.html
Post a Comment