ലഖിംപുര്‍ കൂട്ടക്കുരുതി; കേന്ദ്രമന്ത്രി അജയ് മിശ്രക്കെതിരേയും കേസ്

ലഖ്‌നോ | ലഖിംപൂരില്‍ കര്‍ഷകരെ കാര്‍ കയറ്റി കൊന്ന വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രക്ക് എതിരെയും കേസ്. ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അജയ് മിശ്രയുടെ മകന്‍ ആശിഷിനെതിരെ നേരത്തെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അജയ് മിശ്രക്കെതിരേയും കേസെടുത്തിരിക്കുന്നത്. അജയ് മിശ്രയുടെ മകന്‍ ആശിഷ് കുമാര്‍ മിശ്ര കര്‍ഷകരുടെ സമര സ്ഥലത്തേക്ക് വാഹനം ഓടിച്ച് കയറ്റുകയായിരുന്നെന്നാണ് ആരോപണം. വാഹനമിടിച്ച് കര്‍ഷകരെ കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആശിഷ് കുമാര്‍ മിശ്ര ഉള്‍പ്പടെ 14 പേര്‍ക്കെതിരെ കൊലപാതക കുറ്റം ഉള്‍പ്പടെ ചുമത്തിയാണ് കേസെടുത്തത്.

ലഖിംപുര്‍ ഖേരിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കര്‍ഷകരുടെ സമരസ്ഥലത്തേക്ക് മന്ത്രിയുടെ മകന്റെ നേതൃത്വത്തില്‍ വാഹനമിടിച്ച് കയറ്റുകയായിരുന്നു. നാല് കര്‍ഷകര്‍ ദാരുണമായി കൊല്ലപ്പെട്ടു. പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകനടക്കം അഞ്ച് പേരും മരണപ്പെട്ടു.

കര്‍ഷകരെ കാര്‍ കയറ്റി കൊന്നതിനെ തുടര്‍ന്ന പ്രതിഷേധങ്ങളെ വേട്ടയാടുന്ന നടപടി യു പി പോലീസ് തുടരുകയാണ്. ഇതിനകം 18 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയടക്കമുള്ള നിരവധി നേതാക്കള്‍ പോലീസ് തടങ്കലിലാണ്. ചിലര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിച്ചെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മീററ്റ് ജില്ലാ പൊലീസ് മേധാവി വിനീത് ഭട്‌നഗര്‍ പറഞ്ഞു.

 

 

 



source https://www.sirajlive.com/lakhimpur-massacre-the-case-is-also-against-union-minister-ajay-mishra.html

Post a Comment

أحدث أقدم