ശ്രീലങ്കന്‍ പ്രതിസന്ധിയില്‍ ഇന്ത്യക്ക് പാഠമുണ്ട്

യല്‍ രാജ്യമായ ശ്രീലങ്ക കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. അത്യാവശ്യ ഭക്ഷ്യവസ്തുക്കള്‍ പോലും കിട്ടാനില്ലാതെ ജനം നെട്ടോട്ടമോടുകയാണ്. ആകാശം മുട്ടെ വളരുന്ന വില. പെരുകുന്ന തൊഴിലില്ലായ്മ. വിദേശനാണ്യ പ്രതിസന്ധി. ഭാരമേറിക്കൊണ്ടേയിരിക്കുന്ന പൊതു കടം. ഒന്നും ചെയ്യാനാകാതെ പകച്ചു നില്‍ക്കുന്ന ഭരണകൂടം. ഇതിന്റെയെല്ലാം ഫലമായി തകരുന്ന ക്രമസമാധാന നില. ദ്വീപ് രാഷ്ട്രത്തിന്റെ ഇന്നത്തെ അവസ്ഥ ഇന്ത്യയെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ഇന്ധന വില കുതിച്ചുയരുകയും കല്‍ക്കരി ക്ഷാമം മൂലം വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്യുമ്പോള്‍ നമ്മുടെ രാജ്യത്തെ ഭരണാധികാരികള്‍ ശ്രീലങ്കയിലെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കേണ്ടതാണ്.

ഭരിക്കുന്നവരുടെ നയരാഹിത്യവും ധാര്‍ഷ്ട്യവും പ്രത്യയശാസ്ത്ര മണ്ടത്തരങ്ങളുമാണ് ശ്രീലങ്കയെ ഇന്നത്തെ ദുരവസ്ഥയിലേക്ക് നയിച്ചത്. നോട്ട് നിരോധനം പോലെ വീണ്ടുവിചാരമില്ലാത്ത സാമ്പത്തിക പരിഷ്‌കാരം പൊടുന്നനെ കൊണ്ടുവരികയെന്ന പരമാബദ്ധം അരങ്ങേറിയ ഇന്ത്യയില്‍ നിന്നു കൊണ്ട് ശ്രീലങ്കയില്‍ എന്താണ് സംഭവിച്ചത് എന്ന് കൂടുതല്‍ അന്വേഷിക്കേണ്ടതില്ല. പൊതു മേഖലാ ആസ്തികള്‍ വിറ്റഴിച്ചും രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന നിയമ നിര്‍മാണത്തില്‍ കടിച്ചുതൂങ്ങിയും മുന്നോട്ട് പോകുന്ന നമ്മുടെ കേന്ദ്ര സര്‍ക്കാറിനെ നയിക്കുന്ന പ്രത്യയശാസ്ത്രം തന്നെയാണ് അടിസ്ഥാനപരമായി ശ്രീലങ്കന്‍ ഭരണം കൈയാളുന്ന പാര്‍ട്ടിക്കുമുള്ളത്. കടുത്ത തീരുമാനങ്ങള്‍ ഒരു കൂടിയാലോചനയുമില്ലാതെ പൊടുന്നനെ എടുക്കുന്നതാണ് വലിയ മിടുക്കെന്ന് കരുതുന്നവരാണ് നരേന്ദ്ര മോദിയും രജപക്‌സേമാരും. സൈന്യത്തിന്റെ അപ്രമാദിത്വത്തിലാണ് താത്പര്യം. മതത്തിന്റെ രാഷ്ട്രീയ പ്രയോഗത്തിലും ഇരു കൂട്ടരും വിശ്വസിക്കുന്നു. വൈകാരികത ഇളക്കിവിടലാണ് രാഷ്ട്രീയ തന്ത്രം.
ഭക്ഷ്യവസ്തുക്കളുടെ പൂഴ്ത്തിവെപ്പ് തടയുന്നതിന്റെ ഭാഗമായി എല്ലാ വിലനിയന്ത്രണങ്ങളും എടുത്തുകളഞ്ഞുവെന്നതാണ് ശ്രീലങ്കയില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. പൂഴ്ത്തിവെപ്പ് തടയാന്‍ സൈന്യത്തെ ഇറക്കിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് ഈ തലതിരിഞ്ഞ നയം പുറത്തെടുത്തത്. വില കുതിച്ചുയരുമ്പോള്‍ എല്ലാ വ്യാപാരികളും വസ്തുക്കള്‍ വില്‍പ്പനക്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതോടെ വിലക്കയറ്റം കൂടുതല്‍ രൂക്ഷമായിരിക്കുന്നു. ശ്രീലങ്കന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുന്നു. റേഷന്‍ കട വഴി നല്‍കുന്ന അരിയുടെ അളവ് വെറും ഒരു കിലോഗ്രാം മാത്രമാണ്. പഞ്ചസാരയും ധാന്യവും നല്‍കുന്നത് നിര്‍ത്തി. മൊത്തം വില 37 ശതമാനം ഉയരുമെന്നാണ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ആഗസ്റ്റ് 31 മുതല്‍ രാജ്യം സാമ്പത്തിക അടിയന്തരാവസ്ഥയിലാണ്. ഭക്ഷ്യക്ഷാമം മൂലം ജനങ്ങള്‍ അക്രമാസക്തരാകാതിരിക്കാന്‍ നിശാനിയമവും ഏര്‍പ്പെടുത്തി.

മുന്‍ പട്ടാള മേജര്‍ നിവുന്‍ ഹെല്ലയെ അവശ്യ സേവനങ്ങളുടെ കമ്മീഷണര്‍ ആയി നിയമിച്ചിരുന്നു. മൊത്ത, ചില്ലറ കച്ചവടക്കാരില്‍ നിന്ന് ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. സ്വകാര്യ ഇറക്കുമതിക്കാരുടെ പൂഴ്ത്തിവെപ്പ് കൊണ്ടാണ് ആവശ്യസാധനങ്ങളുടെ ക്ഷാമവും വിലക്കയറ്റവും ഉണ്ടാകുന്നതെന്നാണ് സര്‍ക്കാറിന്റെ നിലപാട്. ഏത് പ്രതിസന്ധികളെയും നേരിടുന്നതിന് രജപക്‌സേ സഹോദരന്മാര്‍ (പ്രധാനമന്ത്രി മഹീന്ദാ രജപക്‌സേ, പ്രസിഡന്റ് ഗോതബയ രജപക്‌സേ, ധനമന്ത്രി ബേസില്‍ രജപക്‌സേ) പട്ടാളത്തെയാണ് ഉപയോഗിക്കുന്നത്. സിവിലിയന്‍ ഉദ്യോഗസ്ഥരിലോ രാഷ്ട്രീയ നേതൃത്വത്തിലോ അവര്‍ക്ക് വിശ്വാസമില്ല. എല്‍ ടി ടി ഇയെ കൊന്നുതീര്‍ത്ത സൈനിക വിജയത്തിന്റെ ഹാംഗ് ഓവറിലാണ് അവരിപ്പോഴും.

ഉപഭൂഖണ്ഡത്തില്‍ ആദ്യമായി സ്വതന്ത്ര സാമ്പത്തിക സമ്പ്രദായത്തിലേക്കു മാറിയ രാജ്യമാണ് ശ്രീലങ്ക. അരി, പഞ്ചസാര, സവാള, ഉരുളക്കിഴങ്ങ്, മണ്ണെണ്ണ, പെട്രോള്‍, പാചക വാതകം, മരുന്ന് തുടങ്ങി മിക്ക അവശ്യ സാധനങ്ങള്‍ക്കും ശ്രീലങ്ക ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇവയെല്ലാം ഇറക്കുമതി ചെയ്യുന്നത് സ്വകാര്യ ഇറക്കുമതിക്കാരാണ്. കൊവിഡ് പ്രതിസന്ധിയില്‍ വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ സാമ്പത്തിക കാരണമായി ചൂണ്ടിക്കാട്ടാവുന്നത്. വിനോദ സഞ്ചാര മേഖല ആകെ നിശ്ചലമായി. വിദേശനാണ്യ പ്രതിസന്ധി രൂക്ഷമായി. ഇതോടെ ഇറക്കുമതി അസാധ്യമായി. രാജ്യത്തിന്റെ വിദേശ നാണയ ശേഖരം 750 കോടി ഡോളറില്‍ നിന്ന് 280 കോടി ഡോളറായി ഇടിഞ്ഞു. സാധനങ്ങള്‍ ഇറക്കുമതി ചെയ്യണമെങ്കില്‍ അവ നല്‍കുന്ന രാജ്യത്തിന് വില ഡോളറില്‍ നല്‍കണം.

കടം വാങ്ങി ഇറക്കുമതിക്കുള്ള ഡോളര്‍ കണ്ടെത്താമെന്ന് വിചാരിച്ചാല്‍ അതും നടക്കാത്ത സ്ഥിതിയാണ്. വായ്പാ ശേഷി സൂചികയില്‍ ഏറെ പിറകോട്ട് പോയ ശ്രീലങ്കക്ക് വായ്പ കൊടുക്കാന്‍ ആരും തയ്യാറാകില്ല. രജപക്‌സേ സര്‍ക്കാറിന്റെ ചൈനയുമായുള്ള ബാന്ധവം യൂറോപ്യന്‍ രാജ്യങ്ങളെയും യു എസിനെയും അകറ്റുകയും ചെയ്തിരിക്കുന്നു.

ഗോതബയ രജപക്‌സേ ഏപ്രിലില്‍ പ്രഖ്യാപിച്ച ഒരു തീരുമാനം ഇപ്പോഴത്തെ പ്രതിസന്ധിയെ അതീവ ഗുരുതരമാക്കിയെന്നത് വസ്തുതയാണ്. ഭക്ഷ്യ പ്രതിസന്ധി മറികടക്കാന്‍ പരിമിതമായെങ്കിലും സഹായിക്കുമായിരുന്ന ശ്രീലങ്കന്‍ കാര്‍ഷിക രംഗം തകര്‍ത്ത് തരിപ്പണമാക്കുന്നതായിരുന്നു ആ തീരുമാനം. രാജ്യം ജൈവ കൃഷിയിലേക്കു മാറാന്‍ തീരുമാനിച്ചുവെന്നതായിരുന്നു പൊടുന്നനേയുള്ള ആ പ്രഖ്യാപനം. അതിനെ തുടര്‍ന്ന് രാസവളങ്ങളും രാസ കീടനാശിനികളും കളനാശിനികളും നിരോധിച്ചു. ഓര്‍ഗാനിക് കൃഷി സമ്പൂര്‍ണമായി നടപ്പാക്കിയ രാജ്യമെന്ന ഖ്യാതി നേടലായിരുന്നു ലക്ഷ്യം. എന്നാല്‍ അത് ദീര്‍ഘ കാലത്തെ തയ്യാറെടുപ്പോടെ നടപ്പാക്കേണ്ട പരിഷ്‌കാരമാണെന്ന് നിരവധി വിദഗ്ധര്‍ ഉപദേശിച്ചു നോക്കി. രജപക്‌സേ ചെവിക്കൊണ്ടില്ല. ഒടുവില്‍ നാണ്യ വിളകളുടെയടക്കം ഉത്പാദനം കുത്തനെ ഇടിഞ്ഞു. എന്നിട്ടും നയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ചുരുക്കത്തില്‍, രാജ്യം പ്രതിസന്ധിയിലാകുമ്പോള്‍ ഭരണകര്‍ത്താക്കള്‍ എന്തൊക്കെ ചെയ്യരുത് എന്നതിന്റെ പാഠപുസ്തകമായി മാറുകയാണ് ദ്വീപ് രാഷ്ട്രം. ആ ജനതയെ സഹായിക്കാനുള്ള ബാധ്യത ലോകത്തിനുണ്ട്. യു എന്‍ ഏജന്‍സികളും മറ്റ് സന്നദ്ധ സംഘങ്ങളും ഈ ദിശയില്‍ നീങ്ങണം.



source https://www.sirajlive.com/india-has-a-lesson-to-learn-from-the-sri-lankan-crisis.html

Post a Comment

Previous Post Next Post