കോൺക്രീറ്റ് ബാരിക്കേഡുകൾക്കും സൈന്യത്തിന്റെയും പോലീസിന്റെയും ഉരുക്കുമുഷ്ടികൾക്കും തടുത്തു നിർത്താനാകാത്ത കർഷക സമരവീര്യം ചോരയിൽ മുക്കിക്കൊല്ലാനാണോ ഭരണകൂടത്തിന്റെ നീക്കം? ഞെട്ടിപ്പിക്കുന്നതും നിഷ്ഠൂരവുമാണ് ഉത്തർ പ്രദേശിലെ ലഖിംപൂർ ഖേരിയിൽ ഞായറാഴ്ച നടന്ന കർഷക കൂട്ടക്കൊല. കേന്ദ്ര മന്ത്രി അജയ്കുമാർ മിശ്രയും യു പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് മന്ത്രിമാർക്ക് അകമ്പടി സേവിച്ച വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിൽ ഒമ്പത് പേർ മരിച്ചു. ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തു. കേന്ദ്ര മന്ത്രി അജയ്കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ച വാഹനമാണ് കർഷകർക്കിടയിലേക്ക് ഇടിച്ചു കയറ്റിയത്.
മന്ത്രിമാർ വിമാനത്തിൽ വന്നു ഹെലിപാഡിൽ ഇറങ്ങി അവിടെ നിന്നു റോഡ് വഴി യാത്ര ചെയ്യാനായിരുന്നു ആദ്യ തീരുമാനം. അതനുസരിച്ചു മന്ത്രിമാർക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്താനാണ് കർഷകർ ഹെലിപാഡിനു സമീപം സംഘടിച്ചത്. എന്നാൽ കർഷക പ്രതിഷേധത്തെക്കുറിച്ചറിഞ്ഞ മന്ത്രിമാർ ഹെലികോപ്റ്ററിൽ വരാതെ ലക്‌നോവിൽ നിന്നു റോഡ്മാർഗമാണ് യാത്ര ചെയ്തത്. പോലീസ് ഇക്കാര്യം അറിയിച്ചതോടെ കർഷകർ മടങ്ങിപ്പോകാൻ തുടങ്ങി. അതിനിടെയാണ് ഉച്ചക്ക് രണ്ടേകാലോടെ മന്ത്രി പുത്രൻ ആശിഷ് മിശ്രയും കൂട്ടാളികളും സഞ്ചരിച്ച മൂന്ന് കാറുകൾ റോഡരികിൽ കർഷകർക്കിടയിലേക്കു ഇടിച്ചുകയറിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം സംഭവം നടക്കുമ്പോൾ തന്റെ മകൻ സംഭവ സ്ഥലത്തില്ലായിരുന്നെന്നും കർഷകരുടെ കല്ലേറിൽ വാഹന വ്യൂഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നുമാണ് അജയ്കുമാർ മിശ്ര പറയുന്നത്.
പത്ത് മാസത്തിലേറെയായി ഡൽഹിയിലെ അതിർത്തികളിൽ നടന്നു വരുന്ന കർഷക സമരം മോദി സർക്കാറിനും ബി ജെ പി ഭരണത്തിലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കും കടുത്ത തലവേദനയായിരിക്കുകയാണ്. കർഷക നിയമത്തെ ന്യായീകരിച്ചു കേന്ദ്ര സർക്കാർ പല വിശദീകരണങ്ങളും നടത്തുകയും സമരക്കാരെ പിന്തിരിപ്പിക്കാൻ അടവുകൾ ഏറെ പയറ്റുകയും ചെയ്‌തെങ്കിലും അതൊന്നും ഫലിച്ചില്ല. ഇതേ തുടർന്നാണ് സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ സർക്കാർ ശ്രമിക്കുന്നതെന്ന് കർഷക നേതാക്കൾ പറയുന്നു. ഹരിയാനയിലെ കർണാലിൽ നടന്ന ബി ജെ പി നേതൃയോഗത്തിൽ പങ്കെടുക്കാൻ പോകുന്ന പാർട്ടി നേതാക്കൾക്കെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ച കർഷകരുടെ തല തല്ലിച്ചതക്കാൻ ഹരിയാനയിലെ ഒരു ഉന്നത ജില്ലാ ഉദ്യോഗസ്ഥൻ പോലീസുകാരോട് ആവശ്യപ്പെടുന്ന വീഡിയോ പുറത്തു വന്നിരുന്നു. സബ് ഡിവിഷനൽ മജിസ്ട്രേറ്റ് (എസ് ഡി എം) ആയുഷ് സിൻഹ നൽകിയ ഈ നിർദേശം വൻ വിവാദമാകുകയും വ്യാപക പ്രതിഷേധത്തിനിടയാക്കുകയും ചെയ്തതാണ്.
യു പിയിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ യോഗി ആദിത്യനാഥ് സർക്കാറിനും ബി ജെ പിക്കും കടുത്ത ആഘാതമാണ് ലഖിംപൂർ ഖേരി സംഭവം. കർഷക പ്രക്ഷോഭത്തിന് ഇത് ശക്തി പകരുകയും തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. യു പി, പഞ്ചാബ് തുടങ്ങി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയ സംസ്ഥാനങ്ങളിൽ ബി ജെ പി സർക്കാറുകളെ താഴെ ഇറക്കാനുള്ള പ്രചാരണവും ആരംഭിച്ചിട്ടുണ്ട് സമരത്തിന്റെ ഭാഗമായി കർഷക സംഘടനകൾ. അതിനിടെ പ്രതിപക്ഷ നേതാക്കളെ സംഭവ സ്ഥലം സന്ദർശിക്കാൻ അനുവദിക്കാതെ വഴിയിൽ തടയുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യുന്നു യോഗി സർക്കാർ. ലഖിംപൂരിലേക്ക് പുറപ്പെട്ട കോൺഗ്രസ്സ് നേതാവ് പ്രിയങ്കാ ഗാന്ധിയെയും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെയും ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ബഹുജൻ സമാജ് പാർട്ടിയിലെ സതീഷ് ചന്ദ്രയെയും ആം ആദ്മി പാർട്ടിയിലെ സഞ്ജയ് സിംഗിനെയും വഴിയിൽ തടയുകയും ചെയ്തു. പഞ്ചാബ് ഉപമുഖ്യമന്ത്രി രൺധാവയും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും സ്ഥലം സന്ദർശിക്കാനെത്തുന്നതറിഞ്ഞ് അവരുടെ വിമാനം ലാൻഡ് ചെയ്യാൻ അനുവദിക്കരുതെന്ന് വിമാനത്താവള അധികൃതർക്ക് നിർദേശം നൽകിയിട്ടുമുണ്ട്. പ്രതിപക്ഷ നേതാക്കളുടെ സന്ദർശനം കർഷക സമരത്തിന് വീര്യം പകരുമെന്ന ആശങ്കയാണ് കാരണം. ലഖിംപൂർ സംഭവത്തിൽ പ്രതിഷേധം പുകയുന്നതിനിടെ മന്ത്രി പുത്രൻ ആശിഷ് മിശ്ര ഉൾപ്പെടെ പതിനാല് പേർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസ് ഫയൽ ചെയ്തിട്ടുണ്ട്. കൂടാതെ ജുഡീഷ്യൽ അന്വേഷണവും മരിച്ചവരുടെ കുടുംബത്തിന് 45 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 10 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു യോഗി സർക്കാർ. മരിച്ചവരുടെ കുടുംബാംഗത്തിന് സർക്കാർ ജോലിയും വാഗ്ദാനം ചെയ്തു. സാധാരണ ഗതിയിൽ സർക്കാർവിരുദ്ധ സമരങ്ങളിലെ ആൾ നഷ്ടങ്ങൾക്കും ഭരണകൂടഭീകരതക്കുമെതിരെ പുറംതിരിഞ്ഞു നിൽക്കാറുള്ള യോഗി സർക്കാർ ലഖിംപൂർ സംഭവത്തിൽ ഉടനടി ഉയർന്ന നഷ്ടപരിഹാരവും അന്വേഷണവും പ്രഖ്യാപിച്ചതിനു പിന്നിൽ പാർട്ടിക്കും സർക്കാറിനും സൃഷ്ടിച്ചേക്കാകുന്ന രാഷ്ട്രീയ പ്രത്യാഘാതത്തെക്കുറിച്ച ആശങ്കയും വേവലാതിയുമായിരിക്കണം.
കർഷക പ്രധാനമായ രാജ്യമാണ് നമ്മുടേത്. ഇന്ത്യൻ ജനതയിൽ പകുതിയോളം കർഷകരോ കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരോ ആണ്. രാജ്യത്ത് 14.5 കോടി കർഷകരുണ്ടെന്നാണ് പ്രധാൻ മന്ത്രി കിസാൻ യോജനയിലെ കണക്കുകളിൽ പറയുന്നത്. ഇന്ത്യൻ ജനതക്ക് അന്നം തരുന്ന ഈ വിഭാഗത്തിന്റെ ന്യായപൂർണവും സമാധാനപരവുമായ പ്രതിഷേധ സമരത്തെ ചോരയിൽ മുക്കിത്താഴ്ത്താമെന്നാണ് മോദിയും ഷായും യോഗിയുമൊക്കെ കരുതുന്നതെങ്കിൽ അത് വ്യാമോഹം മാത്രമായിരിക്കും. ഇനിയെങ്കിലും കർഷകരുടെ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാനും കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കാനും കേന്ദ്രഭണകൂടവും ബി ജെ പി നേതൃത്വവും സന്നദ്ധമാകേണ്ടതാണ്.
source https://www.sirajlive.com/to-drown-the-peasant-struggle-in-blood.html
إرسال تعليق