ഒന്നര വയസ്സുകാരിയെ പുഴയിൽ തള്ളിയിട്ട് കൊന്നു; പിതാവ് അറസ്റ്റിൽ

തലശ്ശേരി | പിഞ്ചുബാലികയുടെ മരണവുമായി ബന്ധപ്പെട്ട് പിതാവ് അറസ്റ്റിൽ. ഭാര്യയെയും ഒന്നര വയസ്സ് തികയാത്ത മകളെയും പുഴയിൽ തള്ളിവീഴ്ത്തി ഓടി രക്ഷപ്പെട്ട കോടതി ജീവനക്കാരനായ പാട്യം പത്തായക്കുന്ന് കുപ്പ്യാട്ടെ കെ പി ഷിനുവിനെയാണ് ആത്മഹത്യാശ്രമത്തിനിടെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയത്.

വെള്ളിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. ഭാര്യയെയും മകളെയും ബൈക്കിലെത്തിച്ച് പാത്തിപ്പാലം പുഴയിൽ തള്ളിയിടുകയും മകൾ മുങ്ങി മരിക്കുകയും ചെയ്ത സംഭവത്തിലാണ് ഷിനുവിനെതിരെ കൊലപാതക കുറ്റം ചുമത്തിയത്. ഭാര്യ സോനയെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് ഐ പി സി 307 പ്രകാരം കേസെടുത്തത്.
കുറ്റകൃത്യം നടത്തിയതിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഷിനുവിനെ പോലീസ് തിരയുകയായിരുന്നു.

ഇന്നലെ ഉച്ചയോടെ മട്ടന്നൂർ മഹാദേവ ക്ഷേത്രക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഷിനുവിനെ പരിസരത്തുണ്ടായിരുന്നവർ പിടികൂടി മട്ടന്നൂർ പോലീസിന് കൈമാറുകയായിരുന്നു.
ഷിനുവിനെതിരെ കൊലപാതകക്കുറ്റത്തിനും കൊലപാതക ശ്രമത്തിനും കേസുണ്ട്. പാത്തിപ്പാലം പുഴയിൽ വീണ മകൾ അൻവിത മുങ്ങി മരിച്ചിരുന്നു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഭർത്താവിന്റെ കടുംകൈയ്യിൽ പുഴയിലേക്ക് ഊർന്ന് വീണ ഈസ്റ്റ് കതിരൂർ എൽ പി സ്‌കൂൾ അധ്യാപികയായ സോന (25)യെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. നടന്ന സംഭവം ഇവർ കൃത്യമായി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് 6.15 ഓടെയാണ് സംഭവം.
പതിവിന് വിപരീതമായി മുണ്ടുടുത്ത ഷിനു ഭാര്യയെയും മകളെയും കൂട്ടി ആദ്യം വള്ള്യായി ഉമാമഹേശ്വരി ക്ഷേത്രത്തിൽ പോയി പ്രാർഥിച്ചു. പിന്നീടാണ് പുഴയിലെ ഒഴുക്ക് കാണിക്കാനെന്ന വ്യാജേന ബൈക്കിൽ പുഴയോരത്തേക്ക് വന്നത് .

പാത്തിപ്പാലം ഷട്ടറിന് സമീപം ബൈക്ക് നിർത്തി ചെക്ക് ഡാം വഴിയിലൂടെ അൻവിതയെയും എടുത്ത് മുന്നിൽ ഷിനുവും പിറകെ സോനയും നടന്നു. മുണ്ട് അഴിച്ചുടുക്കണമെന്ന് പറഞ്ഞ് മകളെ ഭാര്യയുടെ കൈയിൽ ഏൽപിച്ചു.

പൊടുന്നനെയാണ് ഇരുവരെയും പുഴയിലേക്ക് തള്ളിയത്. ഓർക്കാപ്പുറത്തുള്ള തള്ളലിൽ സോനയുടെ കൈയിൽ നിന്ന് മകൾ തെറിച്ച് വെള്ളത്തിൽ വീണു.

പിന്നാലെ വീണ സോന ചെക്ക്ഡാം കെട്ടിൽ പിടിച്ചു നിന്നു. എന്നാൽ കരുതിക്കൂട്ടിയെന്നതു പോലെ ഷിനു പിന്നെയും സോനയെ ഉലച്ചുവീഴ്ത്തിയത്രെ. ഒഴുക്കിൽപ്പെട്ട സോനക്ക് പിന്നെ പുഴയോരത്തെ കൈതക്കാടാണ് തുണയായത്.

നിലവിളി കേട്ടെത്തിയ പരിസരവാസികളാണ് വെള്ളത്തിൽ നിന്ന് സോനയെ രക്ഷിച്ചത്. തന്റെ മകൾ കൂടിയുണ്ടെന്ന് രക്ഷാപ്രവർത്തകരോട് സോന പറഞ്ഞു. ഇതിനകം കുട്ടി മുങ്ങിമരിച്ചിരുന്നു. ആളുകൾ എത്തുന്നതിനിടെ ഒരാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നത് കണ്ടവരുണ്ട്.



source https://www.sirajlive.com/one-and-a-half-year-old-girl-thrown-into-river-and-killed-father-arrested.html

Post a Comment

Previous Post Next Post