എന്തിന് എന്നെ തടങ്കലിലിടുന്നു?; പ്രധാനമന്ത്രി മറുപടി പറയണം- പ്രിയങ്ക ഗാന്ധി

ലഖ്‌നോ | കര്‍ഷകരെ വാഹനമിടിച്ച് കൊന്ന ലഖിംപുര്‍ സന്ദര്‍ശിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതിനിടെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സീതാപൂരില്‍ പോലീസിന്റെ കസ്റ്റഡിയില്‍ താന്‍ കഴിയാന്‍ തുടങ്ങിയിട്ട് 28 മണിക്കൂറായി. ഒരു എഫ് ഐ ആര്‍ പോലുമില്ലാതെയാണ് തടങ്കലില്‍ വെച്ചിരിക്കുന്നത്. കര്‍ഷകരെ വാഹനമോടിച്ചു കയറ്റിയെന്നാരോപിക്കപ്പെടുന്ന മന്ത്രിപുത്രന്‍ പുറത്ത് വിലസുമ്പോഴാണ് തന്നോട് ഈ നടപടി. ഇത് എന്തിനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.

പ്രിയങ്ക ഗാന്ധിയെ കൂടാതെ ഇന്നലെ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍, പഞ്ചാബ് മുഖ്യമന്ത്രി എന്നിവര്‍ക്കൊന്നും ലഖിംപൂരിലെത്താന്‍ അനുമതി നല്‍കിയിരുന്നില്ല. ഇവര്‍ക്ക് ലഖ്‌നോ വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ പോലും യു പി സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. പിന്നീട് ഹെലിപ്പാഡിലെങ്കിലും പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് ഇവര്‍ രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അതിനും യു പി സര്‍ക്കാര്‍ അനുവാദം നല്‍കിയില്ല.
ഇപ്പോഴും ലംഖിപുരിലേക്ക് ഒരു രാഷ്ട്രീയ നേതാവിനേയും പ്രവേശിപ്പിക്കാന്‍ പോലീസ് അനുവദിക്കുന്നില്ല. പ്രദേശത്തെ സംഘര്‍ഷത്തിന് നേരിയ അയവുണ്ടെങ്കിലും ഇന്റര്‍നെറ്റ് സംവിധാനം അടക്കം വിച്ഛേദിച്ചിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കള്‍ക്ക് ഒരു തരത്തിലും ഇവിടേക്ക് പ്രവേശനം അനുവദിക്കില്ലെന്ന വാശിയിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

 

 



source https://www.sirajlive.com/why-are-you-detaining-me-the-prime-minister-should-reply-priyanka-gandhi.html

Post a Comment

أحدث أقدم