ത്രിപുര, ഹരിയാന, യു പി തുടങ്ങി ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരായ സംഘ്പരിവാര്‍ ആക്രമണം പൂര്‍വോപരി വര്‍ധിച്ചിരിക്കയാണ്. ബംഗ്ലാദേശിലെ ദുര്‍ഗാ പൂജക്കിടെയുണ്ടായ സംഘര്‍ഷത്തിന്റെ പേര് പറഞ്ഞ് ത്രിപുരയില്‍ മുസ്‌ലിംകള്‍ക്കും പള്ളികള്‍ക്കും മുസ്‌ലിം കച്ചവട സ്ഥാപനങ്ങള്‍ക്കും നേരെ ഈ മാസം 21ന് സംഘ്പരിവാര്‍ ആരംഭിച്ച അക്രമം ഇപ്പോഴും തുടരുകയാണ്. അഗർത്തല, കൈലാഷഹര്‍, ഉദയ്പ്പൂര്‍, കൃഷ്ണ നഗര്‍, ധർമനഗര്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വര്‍ഗീയാക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ജാഗരണ്‍ മഞ്ച്, ബജ്റംഗ്്ദള്‍, ആര്‍ എസ് എസ് സംഘടനകളാണ് ഇതിനു പിന്നില്‍. രണ്ട് ദിവസം മുമ്പ് ചംതില്ല മസ്ജിദ് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തകര്‍ക്കുകയുണ്ടായി. കൃഷ്ണനഗര്‍ ജുമുഅ മസ്ജിദിന് നേരെയും ആക്രമണമുണ്ടായതായി ത്രിപുര ഇന്‍ഫോവേസ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ മാസം 22ന് വെള്ളിയാഴ്ച രാത്രി ഉനക്കോട്ടി ജില്ലയില്‍ പല്‍ ബസാറിലും ശനിയാഴ്ച രാത്രി ബിഷാര്‍ഗഢിലെ നറോറയിലും സിപാഹിജാല ജില്ലയിലെ കലംചെറയിലും പള്ളികള്‍ തകര്‍ക്കപ്പെട്ടു. പനിസാഗറിലും ഒരു പള്ളിക്കു നേരെയും നിരവധി മുസ്‌ലിം വീടുകള്‍ക്ക് നേരെയും ആക്രമണം നടന്നു.പ്രകോപന പരമായ മുദ്രാവാക്യങ്ങളും ജയ്ശ്രീറാമും വിളിച്ചാണ് ഹിന്ദുത്വ ഭീകരരുടെ വിളയാട്ടം. സംസ്ഥാനത്ത് പന്ത്രണ്ടോളം മസ്ജിദുകള്‍ തകര്‍ക്കപ്പെട്ടതായാണ് വിവരം. ആക്രമണങ്ങളുടെ ശരിയായ വിവരം ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുന്നില്ല. സാമൂഹിക മാധ്യമങ്ങളാണ് സംഭവങ്ങള്‍ പുറത്തെത്തിക്കുന്നത്. സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പള്ളി തകര്‍ത്തു. അതിലെ ജീവനക്കാരെ വെട്ടിക്കൊല്ലുകയും ഊരിപ്പിടിച്ച വാളുകളും മറ്റുമാരകായുധങ്ങളുമായി മുസ് ലിംവിരുദ്ധ മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്തുകയും ചെയ്യുന്ന രംഗങ്ങള്‍ വീഡിയോകളില്‍ ദൃശ്യമാണ്. യാതൊരു പ്രകോപനവുമില്ലാതെ ഏകപക്ഷീയമായി നടക്കുന്ന ഈ ആക്രമണത്തില്‍ നിസ്സംഗമാണ് സംസ്ഥാനത്തെ ബി ജെ പി ഭരണകൂടം.
ഹരിയാനയില്‍ ആഴ്ചകളായി മുസ്‌ലിംകളുടെ ജുമുഅ നിസ്‌കാരം തടസ്സപ്പെടുത്തിക്കൊണ്ടിരിക്കയാണ് ഹിന്ദുത്വ ഭീകരര്‍. തുറന്ന സ്ഥലങ്ങളിലെ നിസ്‌കാരം നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ഭരണകൂടം നിസ്‌കാരത്തിന് അനുവാദം നല്‍കിയ വാസീറാബദ്, അതുല്‍ കതാരിയ ചൗക്ക്, സൈബര്‍ പാര്‍ക്ക്, ഭക്തവാര്‍ ചൗക്, സൗത്ത് സിറ്റി, ഗുഡ്ഗാവിലെ സെക്ടര്‍ 12 എ, സെക്ടര്‍ 14ലേ തുടങ്ങിയ സ്ഥലങ്ങളിലെ ജുമുഅ നിസ്‌കാരം തടസ്സപ്പെടുത്തി വരുന്നത്. ബി ജെ പി മുന്‍ നേതാവും അഭിഭാഷകനുമായ കുല്‍ഭൂഷണ്‍ ഭരദ്വാജിന്റെ നേതൃത്വത്തിലാണ്. സെക്ടര്‍ 14-ല്‍ നിസ്‌കാരം തടസ്സപ്പെടുത്തിയത്. മുസ്്ലിംകള്‍ നിസ്‌കാരം നിര്‍വഹിച്ചു കൊണ്ടിരിക്കെ, തൊട്ടടുത്ത് ഹിന്ദുത്വ ഭീകരര്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കുന്നതിന്റെയും “ജയ് ശ്രീറാം’ വിളിക്കുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
2018ലും സംസ്ഥാനത്ത് സമാനമായ പ്രശ്നങ്ങളുണ്ടായിരുന്നു. അന്ന് അധികൃതര്‍ സംഘ്പരിവാര്‍ നേതാക്കളുമായി ചര്‍ച്ച നടത്തി 37 ഇടത്ത് നിസ്‌കാരം അനുവദിക്കാന്‍ ധാരണയായതാണ്. ഈ സ്ഥലങ്ങളിലും നിസ്‌കാരം അനുവദിക്കില്ലെന്നാണ് ഇപ്പോള്‍ സംഘ്പരിവാര്‍ നിലപാട.് പൊതുസ്ഥലങ്ങള്‍ കൈയ്യേറാനാണ് മുസ്്ലിംകളുടെ ശ്രമമെന്നും ഇത് ലാൻഡ് ജിഹാദാണെന്നുമാണ് അവരുടെ ആരോപണം.
പശുവിനെ ചൊല്ലിയുള്ള മുസ്‌ലിം ആക്രമണം ഉത്തര്‍പ്രദേശ് തുടങ്ങി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഒരു മാസം മുമ്പാണ് യു പിയിലെ മഥുരയില്‍ അയ്യൂബ്, മുഅ്‌സിം എന്നീ യുവാക്കളെ ഗോരക്ഷാ ഗുണ്ടകള്‍ ക്രൂരമായി മർദിച്ചത്. ഫേസ്ബുക്ക് ലൈവിട്ടായിരുന്നു അതിക്രമം. വീഡിയോ ഷെയര്‍ ചെയ്യാനും അക്രമികള്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. യു പി പോലീസാകട്ടെ അക്രമികളെ വിട്ടു ഇരകള്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തത്. ആരാധനാസ്ഥലം കളങ്കപ്പെടുത്തുകയും മൃഗങ്ങളെ ഉപദ്രവിക്കുകയും ചെയ്‌തെന്നു ചൂണ്ടിക്കാട്ടിയാണ് കേസ്. ഇത്തരം അതിക്രമങ്ങള്‍ തടയേണ്ടതിന് പകരം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിക്കുന്നത്. മനുഷ്യനെ പോലെ പ്രാധാന്യമുള്ളതാണ് പശുവുമെന്നായിരുന്നു സംസ്ഥാനത്ത് പശുക്കളുടെ പേരില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ യോഗി ആദിത്യനാഥിന്റെ പ്രതികരണം.
മുസ്‌ലിംകള്‍ക്കെതിരെ മാത്രമല്ല, ക്രിസ്ത്യാനികള്‍ക്കെതിരെയും ഹന്ദുത്വ അക്രമം വര്‍ധിച്ചിട്ടുണ്ട് രാജ്യത്ത്. ഉത്തരേന്ത്യയില്‍ ഒറ്റ ദിവസം മാത്രം 13 ക്രിസ്തീയ ആക്രമണങ്ങള്‍ നടന്നതായി ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ മതസ്വാതന്ത്ര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നത് ഒരാഴ്ച മുമ്പാണ്. യു പിയിലെ മഹാരാജ് ഗഞ്ച്, ബിജ്നൂറിലെ ചക് ഗോര്‍ധന്‍, അസംഗഢ,് കുസുമി തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ക്രിസ്തീയ അക്രമം. കര്‍ണാടകയില്‍ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍, ഹുബ്ബാലിയിലെ ബൈരിദേവര്‍കോപ്പ ക്രിസ്ത്യന്‍ പള്ളി കൈയേറി ഭജന നടത്തിയത് ഈ മാസം 17നാണ്. പള്ളി കേന്ദ്രീകരിച്ചു മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് ഹിന്ദുത്വര്‍ പള്ളി കൈയേറിയതെന്നാണ് എൻ ഡി ടി വി റിപ്പോർട്ട്.
ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും ഹനിക്കപ്പെടുന്നതിനൊപ്പം, ആഗോള തലത്തില്‍ രാജ്യത്തിന്റെ യശസ്സ് നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കയുമാണ് ഇത്തരം ഹിന്ദുത്വ അക്രമങ്ങള്‍. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റിന്റെ 2020 ലെ ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 53 ആണ്.
2018- ലെ 51- ല്‍ നിന്നു രണ്ട് സ്ഥാനവും കൂടി പിന്നിലേക്ക് പോവുകയായിരുന്നു കഴിഞ്ഞ വര്‍ഷം രാജ്യം. വലതുപക്ഷ ഹിന്ദുത്വ ശക്തികളുടെ വളര്‍ച്ച, മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം. ആള്‍ക്കൂട്ടത്തിന്റെ നിയമം കൈയിലെടുക്കുന്ന പ്രവണത, എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്തല്‍ എന്നിവയാണ് സൂചികയില്‍ ഇന്ത്യയെ പിന്നിലാക്കിയത്.
യു എന്‍ മനുഷ്യാവകാശ കമ്മീഷനിലും ഇന്ത്യക്ക് രൂക്ഷമായ വിമര്‍ശമേല്‍ക്കേണ്ടി വന്നു. വംശീയതയുടെ പേരിലുള്ള ഈ ആക്രമങ്ങളുടെ പേരില്‍. അന്താരാഷ്ട്ര വേദികളില്‍ ഭീകരതക്കും തീവ്രവാദത്തിനുമെതിരെ വാചാലനാകാറുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയാട്ടെ, സ്വന്തം രാജ്യത്ത് നടക്കുന്ന ഈ ഹിന്ദുത്വ ഭീകരതയുടെ കാര്യത്തില്‍ മൗനവുമാണ്.
source https://www.sirajlive.com/hunting-for-religious-minorities-is-widespread.html
Post a Comment