ന്യൂഡല്‍ഹി | ഇന്ത്യക്കാരടക്കം ലോകത്തെ പ്രമുഖരുടെ രഹസ്യ സ്വത്തുക്കളുടെയും നിയമപരമല്ലാത്ത നിക്ഷേപങ്ങളുടേയും വിവരങ്ങള്‍ പുറത്ത്. പാന്‍ഡോറ പേപ്പറുകള്‍ എന്ന പേരിലാണ് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ലോക നേതാക്കളുടേയും കോടീശ്വരന്മാരുടേയും കായിക താരങ്ങളുടേയും അനധികൃത ആസ്തിയുടെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ വെളിപ്പെടുത്തലായിരിക്കും ഇത് എന്നാണ് കരുതപ്പെടുന്നത്. മുമ്പ് പാനമ പേപ്പേഴ്‌സ്, പാരഡൈസ് പേപ്പേഴ്‌സ് എന്ന പേരിലും ഇത്തരം വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു.
12 ദശലക്ഷം ഫയലുകള്‍ ഇത്തരത്തില്‍ തങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞെന്ന് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഓഫ് ഷോര്‍ നിക്ഷേപങ്ങളുടേയും പാനമ, ദുബൈ, മൊനാക്കോ, സ്വിറ്റ്‌സര്‍ലാന്‍ഡ്, സൈമാന്‍ ഐലന്‍ഡ് എന്നിവിടങ്ങളിലെ അനധികൃത നിക്ഷേപങ്ങളുടേയും വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സ് ആണ് വിവിധ മാധ്യമങ്ങള്‍ വഴി രേഖകള്‍ പുറത്ത് വിട്ടത്. ഇന്ത്യ, അമേരിക്ക, റഷ്യ, പാക്കിസ്ഥാന്‍, യു കെ, മെക്‌സിക്കോ എന്നിവിടങ്ങളിലെ വിവധ രാജ്യക്കാരായ കോടീശ്വരന്മാരുടെ നിക്ഷേപങ്ങളുടെ വിവരമാണ് പുറത്ത് വിട്ടിരിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഇന്ത്യന്‍ വ്യവസായി അനില്‍ അംബാനി, പാക്കിസ്ഥാന്‍ മന്ത്രി സഭയിലെ പന്ത്രണ്ട് മന്ത്രിമാര്‍, ജോര്‍ദാന്‍ രാജാവ്, ഉക്രെയിന്‍ പ്രസ്ഡന്റ്, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ എന്നിവരുടെ അനധികൃത സ്വത്തിന്റെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിട്ട രേഖകളിലുണ്ട്.
സച്ചിന് പുറമെ മുന്നൂറോളം ഇന്ത്യക്കാരുടെ സ്വത്ത് വിവരങ്ങളുടെ രേഖകള്‍ വെളിപ്പെടുത്തലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതിന്‍ സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ ഉള്‍പ്പെട്ടവരും വിവിധ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ ഉള്ളവരും മുന്‍ എം പിമാരും ഉണ്ട്.
source https://www.sirajlive.com/pandora-opens-the-box-after-panama-illegal-assets-of-celebrities-including-tendulkar-leaked.html
Post a Comment