കളിക്കിടെ 15 കാരന് അയൽവാസിയുടെ ക്രൂര മർദനം; കണ്ണിന് സാരമായി പരുക്കേറ്റു

ഹരിപ്പാട് | കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ 15 കാരന് അയൽവാസിയുടെ മർദനം. പല്ലന കൊട്ടക്കാട് അനിൽകുമാറിന്റെ മകൻ അരുണി(15)നാണ് മർദനമേറ്റത്. മർദനത്തിൽ അരുണിന്റെ കണ്ണിന് പരുക്കേറ്റു. സംഭവത്തിൽ അയൽവാസി പല്ലന മുണ്ടൻപറമ്പ് കോളനിയിൽ ശാർങധരനെതിരെ തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കായിരുന്നു സംഭവം. പറമ്പിൽ കുട്ടികൾ കളിക്കുന്നതിനിടെ ശാർങധരൻ തന്റെ മകന്റെ മക്കളെ വിളിക്കാനായി അവിടെയെത്തി. വിളിച്ചെങ്കിലും കുട്ടികൾ കൂടെ ചെല്ലാൻ തയ്യാറായില്ല. ഈ ദേഷ്യത്തിൽ ഇയാൾ കുട്ടികളുടെ കളി സാമഗ്രികൾ നശിപ്പിച്ചു.

ഇത് ചോദ്യം ചെയ്തതിന് അരുണിനെ മരക്കഷ്ണം കൊണ്ട് മർദിക്കുകയായിരുന്നു. മർദനത്തിൽ കണ്ണിന് സാരമായി പരുക്കേറ്റ കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.



source https://www.sirajlive.com/15-year-old-brutally-beaten-by-neighbor-during-game-the-eye-was-severely-injured.html

Post a Comment

أحدث أقدم