തിരുവനന്തപുരം | വിനോദ സഞ്ചാര, ഗതാഗത വകുപ്പുകൾ കൈകോർത്ത് സംസ്ഥാനത്തെ 20 പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ‘ഫുഡി വീൽസ്’ റസ്റ്ററന്റുകൾ തുറക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ഗതാഗതം നിർത്തിയ പഴയ പാലങ്ങളിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷണശാലകൾ തുറക്കുന്ന പദ്ധതിയും ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ടൂറിസം മേഖലയിലെ ഹോട്ടലുകളുടെയും റിസോട്ടുകളുടെയും ഉത്തരവാദിത്വ ടൂറിസം ക്ലാസിഫിക്കേഷൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കെ എസ് ആർ ടി സി ഡബിൾ ഡെക്കർ ബസിന്റെ മാതൃകയിൽ വൈക്കം കായലോരത്ത് ആരംഭിച്ച ‘ഫുഡി വീൽസ്’ റസ്റ്റോറന്റിന്റെ മാതൃകയിലാണ് 20 ടൂറിസം കേന്ദ്രങ്ങളിൽകൂടി പദ്ധതി ആരംഭിക്കുക. പ്രാദേശിക ഭക്ഷണമാകും ഇവിടെ വിളമ്പുന്നത്. ചെലവു ചുരുക്കി റസ്റ്റോറന്റുകൾ തുറക്കാൻ കഴിയുമെന്നതും കൂടുതൽ ആളുകൾക്കു തൊഴിൽ നൽകാൻ സാധിക്കുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ‘ഫുഡി വീൽസ്’ ആരംഭിക്കാനാണ് ടൂറിസം വകുപ്പിന്റെ പദ്ധതി. പുതിയ പാലം നിർമിച്ചതിനെത്തുടർന്ന് ഗതാഗതം നിർത്തിയ പഴയ പാലങ്ങളിലാണ് പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് ഹോട്ടൽ സംവിധാനം ആരംഭിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ ഈ രീതി നിലവിലുണ്ട്. വിവിധ സർക്കാർ വകുപ്പുകളുടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി നൂതന പദ്ധതികൾ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
source https://www.sirajlive.com/food-wheels-will-launch-in-20-locations-with-folk-food-minister-pa-mohammad-riyaz.html
Post a Comment