തേൻ കൃഷി ലാഭകരമാക്കാം; രജിസ്റ്റർ ചെയ്തത് 2,295 കർഷകർ

മലപ്പുറം | തേനീച്ച കൃഷി കൂടുതൽ ലാഭകരമാക്കാനുള്ള ഹോർട്ടികോർപിന്റെ രജിസ്‌ട്രേഷൻ നടപടികൾ തുടങ്ങി. ഈ മാസം ഒന്ന് മുതൽ തുടങ്ങിയ രജിസ്‌ട്രേഷനിൽ ഇതുവരെ 2,295 പേരാണ് ആകെ രജിസ്റ്റർ ചെയ്തത്. അനൗദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്ത് 10,000ലധികം തേനീച്ച കർഷകരുണ്ട്.

രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ച് 22 ദിവസം പിന്നിട്ടിട്ടും വേണ്ടത്ര കർഷകർ രജിസ്‌ട്രേഷനായി ഹോർട്ടികോർപ്പിനെ സമീപിച്ചിട്ടില്ല. തേനീച്ച കൃഷിയെ കൂടുതൽ സജീവമാക്കുന്നതിനുള്ള ഹോർട്ടികോർപ്പിന്റെ പദ്ധതിയുടെ ഭാഗമാണ് രജിസ്്‌ട്രേഷൻ. മികച്ച പരിശീലനവും സബ്സിഡിയും ലഭ്യമാക്കി തേൻ ഉത്പാദനവും കർഷകരുടെ വരുമാനവും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സാധാരണഗതിയിൽ തേനീച്ച കോളനിയടങ്ങിയ പെട്ടിക്ക് 1,400 രൂപ ചെലവ് വരുമെങ്കിൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്ക് ഹോർട്ടികോർപ്പിന്റെ 40 ശതമാനം സബ്സിഡി കിഴിച്ച് 840 രൂപയേ നൽകേണ്ടതുള്ളൂ. കൃഷിക്കാവശ്യമായ അനുബന്ധ ഉപകരണങ്ങളും ഹോർട്ടികോർപ് നൽകുന്നുണ്ട്.

മഴക്കാലത്ത് പഞ്ചസാര ലായനി നൽകേണ്ടി വരുമെന്നത് ഒഴിച്ചാൽ മറ്റ് കാലങ്ങളിൽ തേനീച്ചകൾ സ്വയം ഭക്ഷണം കണ്ടെത്തും. ഫെബ്രുവരി, മാർച്ച് മാസത്തിൽ തേനെടുക്കാം. ഒരു പെട്ടിയിൽ നിന്ന് പത്ത് ലിറ്ററോളം തേൻ ലഭിക്കും. ഒരു ലിറ്ററിന് 175 രൂപയാണ് ഹോർട്ടികോർപ് നിശ്ചയിച്ച വില. എന്നാൽ, പൊതുവിപണിയിൽ ഇതിനേക്കാൾ വില കിട്ടും. തേനീച്ച കൃഷിക്കായി കർഷകർക്ക് നിരവധി ആനുകൂല്യങ്ങളും മറ്റും ഹോർട്ടികോർപിലൂടെ നൽകി വരുന്നുണ്ട്.

തേനീച്ച കർഷകർക്കും പുതുതായി കൃഷിയിലേക്ക് വരാൻ താത്പര്യമുള്ളവർക്കും ഹോർട്ടികോർപ് മൂന്ന് ദിവസത്തെ പരിശീലനമാണ് നൽകുന്നത്. വിവിധ ഗ്രാമപഞ്ചായത്തുകളിൽ ഇതിനകം പരിശീലന ക്ലാസ്സ് നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ പരിശീലനം നൽകും. ഇതുവഴി ശാസ്ത്രീയമായ പരിപാലനത്തിലൂടെ മികച്ച വരുമാനവും തേനീച്ചകളുടെ സംരക്ഷണവും ഉറപ്പുവരുത്താനാവുമെന്ന് അധികൃതർ പറയുന്നു. തേനീച്ച കർഷകർ കൂടതലും മലയോര മേഖലകളിലാണ്. എങ്കിലും വർഷങ്ങളായി തേനീച്ച കൃഷി ചെയ്തു വരുന്നവരടക്കം ഹോർട്ടികോർപിൽ ഇതുവരെയും രജിസ്റ്റർ ചെയ്തിട്ടില്ല. പദ്ധതിയിൽ ഇനിയും രജിസ്റ്റർ ചെയ്യാൻ സമയമുണ്ടെന്നും അധികൃതർ പറയുന്നു. താത്പര്യമുള്ളവർക്ക് 0479 2356695 നന്പറിൽ രജിസ്റ്റർ ചെയ്യാം.



source https://www.sirajlive.com/honey-cultivation-can-be-profitable-2295-farmers-registered.html

Post a Comment

أحدث أقدم