ബാബരി മസ്ജിദിന്റെ ഗതി തന്നെയോ സുപ്രസിദ്ധ ശാഹി ഈദ്ഗാഹ് മസ്ജിദിനും? മഥുരയിലെ ശാഹി ഈദ്ഗാഹ് മസ്ജിദിൽ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ് അഖില ഭാരത ഹിന്ദുമഹാസഭ. ഡിസംബർ ആറിന് മഹാ ജലാഭിഷേകത്തിന് ശേഷം വിഗ്രഹം സ്ഥാപിക്കുമെന്നും മഹാജലാഭിഷേകത്തിനായി പുണ്യനദികളിൽ നിന്ന് വെള്ളം കൊണ്ടുവരുമെന്നുമാണ് ഹിന്ദു മഹാസഭ നേതാവ് രാജ്യശ്രീ ചൗധരി മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. “ഞങ്ങൾക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ട്, എന്നാൽ ആത്മീയവും സാമ്പത്തികവും സാംസ്‌കാരികവുമായ സ്വാതന്ത്ര്യം ഇനിയും നേടിയിട്ടില്ലെ’ന്നും ചൗധരി പറയുന്നു. 1992ൽ ഹിന്ദുത്വർ ബാബരി മസ്ജിദ് തകർത്ത ദിവസമാണ് ഹിന്ദു മഹാസഭ വിഗ്രഹം സ്ഥാപിക്കാൻ തിരഞ്ഞെടുത്തതെന്നത് ശ്രദ്ധേയമാണ്. ശാഹി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് വിശ്രംഘട്ടിൽ നിന്ന് “ശ്രീകൃഷ്ണ ജന്മസ്ഥാനി’ലേക്ക് മാർച്ച് നടത്തുമെന്ന് മറ്റൊരു തീവ്ര ഹിന്ദുത്വ സംഘടനയായ നാരായണി സേനയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് മഥുര ജില്ലാ ഭരണകൂടം സി ആർ പി സി സെക്‌ഷൻ 144 പ്രകാരം ജില്ലയിൽ നിരോധന ഉത്തരവ് ഏർപ്പെടുത്തിയിരിക്കയാണ്.
പതിനേഴാം നൂറ്റാണ്ടിൽ നിർമിച്ച ശാഹി മസ്ജിദ് പൊളിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിഷ്ണു ജയിൻ സമർപ്പിച്ച ഹരജി മഥുര സിവിൽ കോടതി തള്ളിയതിന് പിന്നാലെയാണ് വിഗ്രഹം സ്ഥാപിക്കുമെന്ന ഭീഷണിയുമായി ഹിന്ദുത്വ ഫാസിസ്റ്റ് സംഘടനകൾ പ്രകോപനപരമായ നീക്കവുമായി രംഗത്തു വന്നത്. 1947ന് നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങളുടെ സ്ഥിതിഗതികളിൽ മാറ്റംവരുത്തുന്നത് നിരോധിക്കുകയും അവയുടെ മതപരമായ സ്വഭാവം അതേ അവസ്ഥയിൽ നിലനിർത്താൻ നിർദേശിക്കുകയും ചെയ്യുന്ന 1991ലെ ആരാധനാലയ (പ്രത്യേക വ്യവസ്ഥകൾ) നിയമം ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി നിരസിച്ചത്. മഥുരയിലെ കത്ര കേശവ് ദേവ് ക്ഷേത്രത്തിന് സമീപത്തുള്ള ശാഹി ഈദ്ഗാഹ് മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ശ്രീകൃഷ്ണന്റെ “യഥാർഥ ജന്മസ്ഥല’മെന്നാണ് ഹിന്ദു മഹാസഭയുടെ അവകാശവാദം. ഉത്തർ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വർഗീയ ധ്രുവീകരണമുണ്ടാക്കുകയെന്ന രാഷട്രീയ ലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ശാഹി മസ്ജിദിൽ വിഗ്രഹം സ്ഥാപിക്കാൻ ഹിന്ദു മഹാസഭ അനുമതി തേടിയ കാര്യം ജില്ലാ മജിസ്‌ട്രേറ്റ് നവനീത് സിംഗ് ചാഹൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആവശ്യം അംഗീകരിക്കില്ലെന്നും സമാധാനം തകർക്കാൻ സാധ്യതയുള്ള ഒരു പരിപാടിക്കും അനുമതി നൽകില്ലെന്നും അദ്ദേഹം പറയുന്നു. പക്ഷേ യോഗി ഭരണത്തിൽ ഈ തീരുമാനത്തിൽ ഉറച്ചു നിൽക്കാൻ ജില്ലാ മജിസ്‌ട്രേറ്റിനാകുമോ?
ശാഹി മസ്ജിദിൽ വിഗ്രഹം സ്ഥാപിക്കാനായാൽ, ബാബരിയുടെ കാര്യത്തിൽ സംഭവിച്ചതുപോലെ ഈപള്ളിയും തർക്ക മന്ദിരമാകുമെന്നും അതോടെ കൈയേറ്റം എളുപ്പമാകുമെന്നുമാണ് ഹിന്ദുത്വരുടെ കണക്കു കൂട്ടൽ. ബാബരി മസ്ജിദ് സ്ഥലം പിടിച്ചെടുക്കുന്നതിന്റെ ആദ്യപടിയായി പള്ളിയിൽ വിഗ്രഹം സ്ഥാപിക്കുകയായിരുന്നല്ലോ അവർ ചെയ്തത്.
1949 ഡിസംബർ അവസാനത്തിൽ ഒരു രാത്രിയുടെ മറവിലായിരുന്നു പള്ളിയിൽ അതിക്രമിച്ചു കയറി വിഗ്രഹം വെച്ചത്. തുടർന്ന് പള്ളിയിൽ പൂജക്ക് അനുമതി ആവശ്യപ്പെട്ട് നിരന്തരം കോടതികളെ സമീപിച്ചു. 1986 ഫെബ്രുവരി ഒന്നിന് പള്ളിയുടെ കവാടം ഹിന്ദുക്കൾക്ക് പ്രാർഥനക്ക് തുറന്നുകൊടുക്കാൻ ഫൈസാബാദ് ജില്ലാ കോടതി ഉത്തരവിടുകയും ചെയ്തു. ഫൈസാബാദ് കോടതിയുടെ ഈ ഉത്തരവും പള്ളി നിൽക്കുന്ന സ്ഥലം സംബന്ധിച്ച തർക്കവുമായി ബന്ധപ്പെട്ട് 2019 നവംബർ ഒമ്പതിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രീം കോടതി ബഞ്ചിന്റെ ഹിന്ദുത്വർക്കനുകൂലമായ വിധിയുമൊക്കെയാണ് ശാഹി മസ്ജിദിൽ തർക്കവാദം സജീവമാക്കാൻ ഹിന്ദുത്വർക്ക് പ്രചോദനം. ഹിന്ദുത്വ രാഷ്ട്രീയ വിധ്വംസക അജൻഡകൾക്ക് കൂടുതൽ പ്രേരണ നൽകുന്നതായിരുന്നു ബാബരി കേസിൽ പരമോന്നത കോടതിയിൽ നിന്നുണ്ടായ വിധിപ്രസ്താവം.
ബാബരി കേസിലെ സുപ്രീംകോടതി വിധി നീതിയുക്തമായില്ലെന്ന് ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എ പി ഷാ ഉൾപ്പെടെ നിരവധി നിയമജ്ഞർ തന്നെ ചൂണ്ടിക്കാട്ടിയതാണ്. 1949ൽ മസ്ജിദിൽ വിഗ്രഹങ്ങൾ വെച്ചതു തെറ്റാണെന്ന് കോടതി സമ്മതിക്കുന്നുണ്ട്. 1992ൽ പള്ളി പൊളിച്ചതു തെറ്റാണെന്നും കോടതി സമ്മതിക്കുന്നു. എന്നിട്ടും ഇരകളെ തഴഞ്ഞ് അക്രമികൾക്ക് ഭൂമി സമ്മാനിക്കുകയാണല്ലോ കോടതി ചെയ്തത്. ഭരണകൂടങ്ങൾക്ക് വഴി തെറ്റുമ്പോൾ തിരുത്തേണ്ട കടമയും ബാധ്യതകളുമുള്ള കോടതികൾക്ക് വഴി തെറ്റുകയാണെന്നതാണ് തന്നെ ഏറ്റവുമധികം അലട്ടുന്നതെന്നും ബബരി വിധിയിലേക്ക് ചൂണ്ടി 2020 സെപ്തംബറിൽ നടത്തിയ ജസ്റ്റിസ് ഹൊസ്‌ബെത്ത് സുരേഷ് അനുസ്മരണ പ്രഭാഷണത്തിൽ ജസ്റ്റിസ് ഷാ പറയുകയുണ്ടായി.
ബാബരി ഹിന്ദുത്വരെ സംബന്ധിച്ചിടത്തോളം ഒരു തുടക്കവും പരീക്ഷണവുമായിരുന്നു. ആ പരീക്ഷണത്തിൽ ഭരണകൂടത്തിന്റെയും കോടതികളുടെയും പിന്തുണയോടെ വിജയം വരിച്ചതോടെ ചരിത്രപരമായി പ്രാധാന്യമുള്ള മുസ്‌ലിംപള്ളികളിൽ ഒന്നൊന്നായി അവകാശവാദമുന്നയിച്ചു പിടിച്ചെടുക്കുക എന്നതാണ് അവരുടെ അജൻഡ. ബാബരി മസ്ജിദ് പിടിച്ചെടുക്കാനുള്ള കർസേവകൾ രാജ്യത്തു നടന്നുവരുന്ന ഘട്ടത്തിൽ തന്നെ കാശിയും മഥുരയും തങ്ങളുടെ ലക്ഷ്യമായി വി എച്ച് പി പ്രഖ്യാപിച്ചതാണ്. ഈ നീക്കത്തിന് ആർ എസ് എസ് പച്ചക്കൊടി കാണിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മഥുര കൃഷ്ണ ജന്മഭൂമിയാണെന്നാണ് അവകാശവാദമെങ്കിൽ ഗ്യാൻവാപി മസ്ജിദ് മഹാജ്യോതിർലിംഗ പ്രദേശമാണെന്ന് വാദമുന്നിയിക്കാനാണ് പദ്ധതിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
മതേതര ഇന്ത്യയെ ഹിന്ദുരാജ്യമാക്കുക എന്ന സംഘ്പരിവാർ അജൻഡയുടെ ഭാഗമാണിതെല്ലാം. രാജ്യത്തിന് മഹത്തായ സംഭാവനകൾ അർപ്പിച്ച മുഗൾ ഭരണാധികാരികളുടെ ചരിത്രം പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കി പകരം ഹിന്ദു രജപുത്ര ചക്രവർത്തി റാണാപ്രതാപിനെ പോലുള്ള ഹിന്ദുത്വ രാജാക്കന്മാരുടെ ചരിത്രം ഉൾപ്പെടുത്തണമെന്ന് പാഠപുസ്തക പരിഷ്‌കരണവുമായി ബന്ധപ്പെട്ട കേന്ദ്ര വിദ്യാഭ്യാസ പാർലിമെന്റ് സമിതിയുടെ കഴിഞ്ഞ ദിവസത്തെ ശിപാർശയും ഈ അജൻഡയുടെ ബാക്കിപത്രം തന്നെ.
source https://www.sirajlive.com/hindutva-experiment-in-babri-at-shahi-masjid.html
Post a Comment