കിടക്ക വേണമെന്ന് ജോളി; ഇടപെടാനാകില്ലെന്ന് കോടതി

കോഴിക്കോട് | ജയിലിൽ കിടക്ക വേണമെന്ന കൂടത്തായി കൂട്ടക്കൊല കേസിലെ പ്രതി ജോളിയുടെ ആവശ്യത്തിൽ ഇടപെടാൻ കഴിയില്ലെന്ന് കോടതി. ഇത് ജയിലധികൃതരുടെ പരിധിയിൽ വരുന്നതിനാൽ ഇടപെടുന്നില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജോളിയുടെ ആവശ്യം ജയിൽ അധികൃതരുടെ മുമ്പിൽ അറിയിക്കണമെന്നും കോടതി നിർദേശിച്ചു. കോടതി നിർദേശ പ്രകാരമേ പുതപ്പും കമ്പിളി വസ്ത്രങ്ങളും നൽകാൻ കഴിയൂ എന്ന് ജയിൽ അധികൃതർ നേരത്തേ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്ന് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി രാഗിണി വ്യക്തമാക്കിയത്. പോലീസ് ചോദ്യം ചെയ്യലിനിടെ പിടിച്ചെടുത്ത മൊബൈൽ ഫോൺ മകൾക്ക് ഓൺലൈൻ പഠനത്തിന് തിരികെ കിട്ടണമെന്ന് കൂടത്തായി കൂട്ടക്കൊലക്കേസിലെ രണ്ടാംപ്രതി എം എസ് മാത്യു ഇന്നലെ കോടതിയിൽ അപേക്ഷ നൽകി.

ഫോൺ ഇതുവരെ കോടതിയിൽ സമർപ്പിച്ചിരുന്നില്ല. അന്വേഷണച്ചുമതലയുണ്ടായിരുന്ന ഡി വൈ എസ് പിയാണ് ഫോൺ വാങ്ങിയത്. എന്നാൽ, ഫോൺ കണ്ടെടുത്തിട്ടില്ലെന്നായിരുന്നു പോലീസ് കോടതിയെ അറിയിച്ചത്.

പോലീസ് ഫോൺ വാങ്ങിയെന്ന നിലപാടിൽ മാത്യൂ ഉറച്ചുനിന്നു. കേസ് ഡിസംബർ ഒമ്പതിലേക്ക് മാറ്റി. ജോളിയുടെ ആത്മഹത്യാ ശ്രമക്കേസും പരിഗണിച്ച കോടതി കുറ്റപത്രം വായിച്ചുകേൾപ്പിക്കാൻ 21ന് ഹാജരാകാൻ നിർദേശിച്ചു. ജോളിക്ക് വേണ്ടി ആളൂർ അസോസിയേറ്റ്‌സിലെ അഡ്വ. ഹിജാസ് ഹാജരായി.



source https://www.sirajlive.com/work-to-make-a-bed-the-court-said-it-could-not-intervene.html

Post a Comment

Previous Post Next Post