ചൈനക്കെതിരെ രാജ്നാഥ്; ചില രാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ വളച്ചൊടിക്കുന്നു

മുംബൈ | ചൈനക്കെതിരെ ഒളിയമ്പുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചില ഉത്തരവാദിത്വമില്ലാത്ത രാജ്യങ്ങൾ അവരുടെ ഇടുങ്ങിയ താത്പര്യങ്ങൾക്ക് വേണ്ടി അന്താരാഷ്ട്ര നിയമങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഐ എൻ എസ് വിശാഖപട്ടണം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിലാണ് പേരെടുത്ത് പറയാതെ ചൈനയുടെ സമുദ്ര ഇടപെടലുകളെ രാജ്‌നാഥ് സിംഗ് വിമർശിച്ചത്. ചില രാജ്യങ്ങൾ യു എൻ കൺവെൻഷൻ ഓൺ ദി ലോ ഓഫ് സീ (യു എൻ സി എൽ ഒ എസ്) സ്വന്തം നിലക്ക് വ്യാഖ്യാനിക്കുകയാണ്. ഇത് ഈ ചട്ടങ്ങളെ നിരന്തരം ദുർബലമാക്കുകയാണെന്നും സിംഗ് പറഞ്ഞു. ദക്ഷിണ ചൈനാ കടലിലും കിഴക്കൻ ചൈനാ കടലിലും ചൈന കൊണ്ടുവരുന്ന പുതിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് വിമർശം.

തങ്ങളുടെ അധീനതയിലുള്ള കടൽ ഭാഗമെന്ന് സ്വയം പ്രഖ്യാപിച്ച് വിദേശ യാനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമമാണ് സെപ്തംബർ ഒന്നിന് ചൈന കൊണ്ടുവന്നത്.

ചൈന അവകാശവാദമുന്നയിക്കുന്ന സമുദ്ര ഭാഗങ്ങളിൽ യു എസ് നേരത്തേ തന്നെ സൈനിക തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ചൈനയുടെ പുതിയ നീക്കം ഈ മേഖലയിൽ സംഘർഷാവസ്ഥ കൂട്ടുമെന്നാണ് റിപ്പോർട്ട്.

 

ലോകത്തിനായി കപ്പൽ

ഇന്ത്യ ഇന്ന് യുദ്ധക്കപ്പൽ നിർമിക്കുന്നത് രാജ്യത്തിന് വേണ്ടിയാണെങ്കിൽ നാളെ ലോകത്തിന്റെ മൊത്തം ആവശ്യത്തിന് വേണ്ടിയായിരിക്കുമെന്ന് മുംബൈ നേവൽ ഡോക്ക് യാർഡിൽ നടന്ന ചടങ്ങിൽ രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഐ എൻ എസ് വിശാഖപട്ടണത്തിലെ സൗകര്യങ്ങൾ ഭാവിയിലെ ആവശ്യങ്ങൾ കൂടി ലക്ഷ്യമിട്ടുള്ളതാണ്. ഇന്തോ- പസഫിക് മേഖലയിലെ സമാധാനം ഇന്ത്യൻ നാവികസേനയുടെ കൂടി ഉത്തരവാദിത്വമാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.



source https://www.sirajlive.com/rajnath-against-china-some-countries-are-distorting-international-law.html

Post a Comment

أحدث أقدم