സപ്ലൈകോ സ്ഥലം മാറ്റം; ദിവസ വേതനക്കാർ ആശങ്കയിൽ

മലപ്പുറം | മൂന്ന് വർഷം പൂർത്തിയാക്കിയ ദിവസ വേതന ജീവനക്കാരെ സ്ഥലം മാറ്റി നിയമിക്കാനുള്ള സപ്ലൈകോ നീക്കത്തിൽ ആശങ്കയോടെ ജീവനക്കാർ. കുറഞ്ഞ വേതനത്തിന് സപ്ലൈകോ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് ഉത്തരവ് തിരിച്ചടിയാകുന്നത്.

അതേ താലൂക്കിലെ മറ്റ് വിൽപ്പന ശാലകളിലേക്ക് പുനഃക്രമീകരിക്കാനാണ് ഉത്തരവിൽ പറയുന്നതെങ്കിലും താലൂക്കിലെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറുന്നതോടെ ഇവരുടെ ശമ്പളത്തിലോ മറ്റ് ആനൂകൂല്യങ്ങളിലോ വർധനവ് വരുത്തുന്നത് സംബന്ധിച്ച് ഉത്തരവിൽ നിർദേശങ്ങളില്ല.

നിലവിൽ ദിനംപ്രതി 575 രൂപയാണ് താത്കാലിക ജീവനക്കാർക്ക് സപ്ലൈകോ നൽകി വരുന്നത്. ഈ തുകക്ക് കഷ്ടിച്ച് മാസം കടന്നുപോകാൻ മാത്രമാണ് ഉപകരിക്കുക. ഇനി സ്ഥലം മാറ്റം കൂടി വരുന്നതോടെ യാത്രാ ചെലവ്, ഭക്ഷണം എന്നിവക്കടക്കം ഈ തുക മതിയാകാതെ വരും. ഈ മേഖലയിൽ വനിതാ ജീവനക്കാരാണ് കൂടുതലുള്ളത്. അതാത് സപ്ലൈകോ കേന്ദ്രങ്ങളിൽ സമീപ പ്രദേശങ്ങളിലെ സ്ത്രീകളാണ് ജോലി ചെയ്തു വരുന്നത്. ഇത് ജീവനക്കാർക്ക് ഏറെ സൗകര്യപ്രദവുമായിരുന്നു. യാത്ര, ഭക്ഷണ ഇനത്തിലെ ചെലവും കുറക്കാൻ സഹായിച്ചിരുന്നു.

പുതിയ ഉത്തരവ് നടപ്പിൽ വരുമ്പോൾ ഇവരുടെ ചെലവ് ഇരട്ടിയാകും. ഈമാസം 15നാണ് സപ്ലൈകോ അഡീഷനൽ ജനറൽ മാനേജർ മേഖലാ മാനേജർമാർക്കും ഡിപ്പോ മാനേജർമാർക്കുമായി ഉത്തരവിറക്കിയത്. ഓക്‌ടോബർ 23ന് ഭക്ഷ്യ പൊതുവിതരണ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗ നടപടികളുടെ ഭാഗമാണ് ദിവസ വേതനക്കാരെ മാറ്റാൻ നിശ്ചയിച്ചത്. നിലവിൽ എന്നു മുതൽ ഉത്തരവ് നടപ്പിൽ വരുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അടിയന്തരമായി പുനഃക്രമീകരിക്കാൻ ഉത്തരവിൽ പറയുന്ന സാഹചര്യത്തിൽ അടുത്ത മാസം മുതൽ നിലവിൽ വരാനാണ് സാധ്യത. സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് സ്ഥലംമാറ്റ നടപടികൾ തീരുമാനിച്ചതെന്നും ഉത്തരവ് ഉടൻ പ്രബല്യത്തിൽ വരുമെന്നും അധികൃതർ വിശദീകരിച്ചു. വേതനം വർധിപ്പിക്കാതെ കേന്ദ്രം മാറേണ്ടി വരികയാണെങ്കിൽ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണ് ജീവനക്കാർ.



source https://www.sirajlive.com/supplyco-relocation-day-laborers-worried.html

Post a Comment

Previous Post Next Post