കര്‍ഷകരെ കാത്തിരിക്കുന്നതെന്ത്?

നാല് തവണ മികച്ച അഭിനേത്രിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ മികവ് ചരിത്രബോധവുമായി ചേര്‍ത്തുവെക്കാനാവില്ല എന്നു തെളിയിക്കുന്ന ചില പ്രസ്താവനകള്‍ പോയവാരം പ്രമുഖ അഭിനേത്രിയില്‍ നിന്ന് കേള്‍ക്കുകയുണ്ടായി. ഇന്ത്യക്ക് യാഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത് 1947ല്‍ അല്ലെന്നും അത് ലഭിച്ചത് 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോളാണെന്നുമുള്ള പ്രസ്താവനക്കു പിറകേയാണ് ഗാന്ധിജിയുടെ അഹിംസാ സമരത്തെയും അവര്‍ തള്ളിപ്പറഞ്ഞത്. ഒരു കവിളില്‍ അടികൊണ്ടാല്‍ മറ്റേ കവിള്‍ കാണിച്ചുകൊടുത്താല്‍ ഭിക്ഷ കിട്ടും, പക്ഷേ സ്വാതന്ത്ര്യം കിട്ടില്ല എന്നായിരുന്നു അടുത്ത എഴുന്നളിപ്പ്. ഇത്തരത്തില്‍ അഹിംസാ സമരത്തെ പരിഹസിക്കുന്ന വേളയിലാണ് സമാനമായ സമരത്തിലൂടെ കര്‍ഷകര്‍ പ്രധാനമന്ത്രിയെ അക്ഷരാര്‍ഥത്തില്‍ മുട്ടുകുത്തിച്ചിരിക്കുന്നത്.

2020 നവംബര്‍ 24ന് തുടങ്ങിയ കര്‍ഷക സമരം ഒരു വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുമ്പോള്‍ എഴുന്നൂറോളം കര്‍ഷകജീവനുകളാണ് സമരത്തിന്റെ ഭാഗമായി പൊലിഞ്ഞത്. അതില്‍ ലഖിംപൂരില്‍ നടന്ന അതിദാരുണമായ സംഭവങ്ങളും ഉള്‍പ്പെടും. കര്‍ഷകരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി നിയമം പിന്‍വലിച്ച പ്രധാനമന്ത്രിയായിരുന്നോ ഇത്രയും നാള്‍ തലസ്ഥാനത്ത് സമരം നടന്നിട്ട് അദ്ദേഹം അവകാശപ്പെടുന്ന അതിന്റെ നല്ലവശങ്ങള്‍ കര്‍ഷക നേതാക്കളോട് ഒരൊറ്റ തവണയെങ്കിലും സംവദിക്കാന്‍ ധൈര്യപ്പെടാതിരുന്നത് എന്ന് അത്ഭുതപ്പെടേണ്ടതുണ്ട്. ആ സത്യസന്ധതയുടെ സംശയം തന്നെയാണ് ഇപ്പോഴത്തെ പ്രഖ്യാപനത്തിനു ശേഷവും സമരം പൂര്‍ണമായും അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ ധൈര്യപ്പെടാതിരിക്കാനും കാരണം.

രാജ്യത്തിന്റെ സര്‍വ മേഖലകളുടെയും അധഃപതനമാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ കണക്കുകളിലൂടെ കണ്ടുകൊണ്ടിരിക്കുന്നത്. ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ 101ാം സ്ഥാനത്താണ്. മനുഷ്യ പുരോഗതിയില്‍ 131ാം സ്ഥാനത്തും മാധ്യമ സ്വാതന്ത്ര്യത്തില്‍ 142ാം സ്ഥാനത്തും സുസ്ഥിര വികസനത്തിന്റെ കാര്യത്തില്‍ 77ാം സ്ഥാനത്തുമാണ്. ഇവയെല്ലാം തന്നെ മുമ്പുള്ള വര്‍ഷങ്ങളേക്കാള്‍ മോശമായ സ്ഥാനവുമാണ്. സുഗമമായി ബിസിനസ്സ് ചെയ്യുന്നതില്‍ മാത്രമാണ് ഇന്ത്യ നില മെച്ചപ്പെടുത്തിയത് (63). മുമ്പുള്ള വര്‍ഷങ്ങളേക്കാള്‍ 49 സ്ഥാനം മെച്ചപ്പെടുത്തിയാണ് ഇന്ത്യ കുതിച്ചുചാട്ടം നടത്തിയത്. കോര്‍പറേറ്റുകള്‍ക്കു വേണ്ടി മാത്രം നിലകൊള്ളാന്‍ പ്രതിജ്ഞാബദ്ധമായ ഒരു സര്‍ക്കാറിന് ഇതിനേക്കാള്‍ വലിയ അംഗീകാരം വേറെയുണ്ടാകില്ലല്ലോ.

കര്‍ഷക നിയമം പിന്‍വലിക്കുന്ന പ്രഖ്യാപനം നടത്തിയത് ഗുരുനാനാക്കിന്റെ ജന്മദിനത്തില്‍ ആയത് സിഖ് ജനങ്ങളെ ഒരുതരം വൈകാരികമായി ബ്ലാക്ക് മെയില്‍ ചെയ്യുന്നതിന് തുല്യമാണെന്നാണ് ആനി രാജ അഭിപ്രായപ്പെട്ടത്. നിഷ്‌കളങ്കരില്‍ നിഷ്‌കളങ്കരായ കര്‍ഷകര്‍ അങ്ങനെയൊരു വികാരവായ്പ്പില്‍ വീണുപോയെന്നും വരാം. സാക്ഷരത കുറഞ്ഞ മേഖലകളില്‍, രാജ്യത്തിന്റെ സ്പന്ദനങ്ങളും സംഭവ വികാസങ്ങളും എല്ലാം മറച്ചുവെച്ചു കൊണ്ട്, വര്‍ഗീയ വികാരത്തില്‍ മാത്രം നേട്ടങ്ങളെ സ്വന്തമാക്കാം എന്ന വര്‍ഷങ്ങളായുള്ള ബി ജെ പിയുടെ തന്ത്രത്തിനാണ് കര്‍ഷക സമരം തടയിട്ടത്.

ബി ജെ പിയുടെ അശ്വമേധത്തിന് തടസ്സങ്ങള്‍ തുടങ്ങിയത് കര്‍ഷകരുടെ സമരത്തിനു ശേഷമാണ്. കര്‍ഷക സമരം തുടങ്ങിയതിനു ശേഷമുള്ള എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും അവര്‍ക്ക് വന്‍ പരാജയം നേരിടേണ്ടിവന്നു. മോദിയുടെ രാഷ്ട്രീയതട്ടകമായ ഗുജറാത്തില്‍ പോലും അത് സംഭവിച്ചത് തന്ത്രങ്ങള്‍ പാളുന്നതിന്റെ സൂചനയായിരുന്നു. ഏറ്റവുമധികം ലോക്സഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉത്തര്‍ പ്രദേശില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ഒരു തിരിച്ചടി ബി ജെ പിക്ക് താങ്ങാനുമാകില്ല. അതുകൊണ്ടുതന്നെ എന്ത് കൊടുത്തും മുന്നേറുക എന്ന ഒരേയൊരു ലക്ഷ്യമാകും അവര്‍ക്കു മുന്നില്‍ ഉണ്ടാവുക.

ഇതോടെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ തീര്‍ന്നു എന്ന് പറയാനാകില്ല. തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഇത്തരം പ്രഖ്യാപനങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഇനി ഏതൊക്കെ രൂപത്തിലും ഭാവത്തിലുമാണ് കര്‍ഷകര്‍ക്കെതിരെ ഉണ്ടാകാന്‍ പോകുന്നതെന്ന് ഉറപ്പിക്കാനാകില്ല.



source https://www.sirajlive.com/what-awaits-farmers.html

Post a Comment

أحدث أقدم