കേന്ദ്ര സര്‍ക്കാറിനെയും കേന്ദ്ര അന്വേഷണ ഏജന്‍സികളായ സി ബി ഐയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും പ്രതിരോധത്തിലാക്കുന്നതാണ് റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഫ്രാന്‍സിലെ അന്വേഷണാത്മക ന്യൂസ് പോര്‍ട്ടല്‍ മീഡിയ പാര്‍ട്ട് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യക്ക് വില്‍ക്കാനുള്ള കരാര്‍ ഉറപ്പിക്കാനായി ഫ്രഞ്ച് കമ്പനി, ഇടനിലക്കാരന്‍ സുശേന്‍ ഗുപ്തക്ക് 7.5 ദശലക്ഷം യൂറോ (64 കോടി രൂപ) കമ്മീഷന്‍ നല്‍കിയതിന് രേഖകളുണ്ടായിട്ടും ഇന്ത്യന്‍ ഏജന്‍സികള്‍ അതേക്കുറിച്ച് അന്വേഷിച്ചില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. മൗറീഷ്യസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഇന്റര്‍സ്റ്റെല്ലാര്‍ ടെക്‌നോളജീസ്’ കമ്പനി മുഖേന ഐ ടി കരാറുകളുടെയും മറ്റു ബില്ലുകളുടെയും മറവിലാണ് സുശേന്‍ ഗുപ്തക്ക് കോഴപ്പണം കൈമാറിയത്. ഇടനിലക്കാരന് രഹസ്യമായി കമ്മീഷന്‍ നല്‍കാന്‍ കമ്പനി തയ്യാറാക്കിയ വ്യാജ ഇന്‍വോയ്സുകളുടെ പകര്‍പ്പും പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മൗറീഷ്യസിലെ അറ്റോര്‍ണി ജനറലിന്റെ ഓഫീസ്, റാഫേല്‍ ഇടപാടില്‍ ഇടനിലക്കാരന് കമ്പനി കമ്മീഷന്‍ നല്‍കിയതിന്റെ തെളിവ് 2018 ഒക്ടോബര്‍ 11ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സി ബി ഐക്കും കൈമാറിയിരുന്നു. വിവരം സി ബി ഐക്ക് ലഭിക്കുമ്പോള്‍ റാഫേല്‍ ഇടപാട് അന്വേഷിക്കണമെന്ന പരാതി ഈ അന്വേഷണ ഏജന്‍സിക്കു മുമ്പിലുണ്ട്. എന്നാല്‍ കോഴപ്പണം കൈമാറിയതിന്റെ വിവരം ലഭിച്ച് ദിവസങ്ങള്‍ക്കകം സി ബി ഐ ഡയറക്ടറായിരുന്ന അലോക് വര്‍മയെ കേന്ദ്ര സര്‍ക്കാര്‍ തത്സ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയും ജോയിന്റ് ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിന് താത്കാലിക ചുമതല നല്‍കുകയും ചെയ്തു. പ്രതിപക്ഷ നേതാക്കളും അഡ്വ. പ്രശാന്ത് ഭൂഷണും അലോക് വര്‍മയെ കണ്ട് റാഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറിയതിനു പിന്നാലെ അര്‍ധ രാത്രിയില്‍ അസാധാരണമായാണ് അദ്ദേഹത്തെ നീക്കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്രത്തില്‍ നിന്നുണ്ടായത്. അലോക് വര്‍മ അന്വേഷണം നടത്തിയേക്കുമെന്ന ആശങ്കയാണ് ഈ തലമാറ്റത്തിനു പിന്നിലെന്നാണ് ആരോപിക്കപ്പെടുന്നത്.
കോഴക്കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, എം എല്‍ ശര്‍മ, വിനീത ധന്‍ഡെ, മുന്‍ കേന്ദ്ര മന്ത്രിമാരും ബി ജെ പി നേതാക്കളുമായിരുന്ന അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, ആം ആദ്മി പാര്‍ട്ടി എം പി സഞ്ജയ് സിംഗ് എന്നിവര്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. കോടതിയും ഈ ആവശ്യം നിരസിച്ചു. റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനമെടുത്ത നടപടികളില്‍ ക്രമക്കേടോ, ജെറ്റ് വിമാനത്തിന്റെ കാര്യക്ഷമതയില്‍ സംശയമോ ഇല്ല. വിലയെപ്പറ്റി അന്വേഷിക്കുകയോ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണത്തിന്റെ ആവശ്യമോ ഇല്ലെന്നായിരുന്നു അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ സുപ്രീം കോടതി ബഞ്ചിന്റെ ഉത്തരവ്. ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് വിരമിച്ച് ഏറെ കഴിയുന്നതിനു മുമ്പ് തന്നെ ഗോഗോയിക്ക് രാജ്യസഭാംഗ പദവി ലഭിക്കുകയും ചെയ്തു. 2019 നവംബറില്‍ വിരമിച്ച അദ്ദേഹത്തെ 2020 മാര്‍ച്ചിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭയിലേക്ക് ശിപാര്‍ശ ചെയ്തത്.
അതേസമയം, റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ഫ്രാന്‍സില്‍ അന്വേഷണം നടന്നു വരികയാണ്. കൂടിയ വിലക്കാണ് യുദ്ധവിമാന ഇടപാട് നടത്തിയതെന്ന ആരോപണങ്ങളില്‍ ഫ്രഞ്ച് പ്രോസിക്യൂഷന്‍ സര്‍വീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ഇതിനായി പ്രത്യേക ജഡ്ജിയെ നിയമിച്ചിട്ടുണ്ട്. പ്രോസിക്യൂഷന്‍ സര്‍വീസ് മുന്‍ മേധാവി എലിയാന ഹൗലട്ടിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ജൂണ്‍ 14 മുതല്‍ അന്വേഷണം ആരംഭിച്ചതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ ഫ്രഞ്ച് പ്രസിഡന്റുമായി ബന്ധപ്പെട്ട ആരോപണങ്ങളും പരിശോധിക്കും. റാഫേല്‍ ഇടപാടില്‍ അഴിമതിയും സ്വജനപക്ഷപാതവും നടന്നിട്ടുണ്ടെന്നാണ് പ്രസിഡന്റിനെതിരെയുള്ള ആരോപണങ്ങള്‍. ഫ്രഞ്ച് എന്‍ ജി ഒ ഷെര്‍പയുടെ പരാതിയില്‍ മീഡിയാ പാര്‍ട്ട് തുടര്‍ച്ചയായി പുറത്തുവിട്ട വിവരങ്ങളെ മുന്‍നിര്‍ത്തിയാണ് ഫ്രഞ്ച് സര്‍ക്കാറിന്റെ അന്വേഷണം. പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നതു പോലെ ഇടപാടില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിനു ബലമേകുന്നതാണ് ഫ്രാന്‍സിന്റെ ഈ നടപടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നുണ്ട് റാഫേലുമായി ബന്ധപ്പെട്ട് മീഡിയാ പാര്‍ട്ട് പുറത്തുവിട്ട വിവരങ്ങള്‍ പലതും. ഇടപാടില്‍ യു പി എ ഭരണത്തില്‍ ഒപ്പ് വെച്ച കരാര്‍ റദ്ദാക്കിയതും പുതിയ കരാറുണ്ടാക്കിയതും മോദിയുടെ അടുപ്പക്കാരനായ അനില്‍ അംബാനിക്കു വേണ്ടിയാണെന്നാണ് മീഡിയാപാര്‍ട്ട് റിപ്പോര്‍ട്ടിലെ സൂചന. 108 വിമാനങ്ങളുടെ നിര്‍മാണത്തിന് ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിന് (എച്ച് എ എല്‍) സാങ്കേതിക വിദ്യ കൈമാറുന്നതടക്കം 128 വിമാനങ്ങള്‍ക്കായിരുന്നു യു പി എ സര്‍ക്കാര്‍ രൂപപ്പെടുത്തിയ കരാര്‍. മോദി സര്‍ക്കാര്‍ അത് റദ്ദാക്കി 2016 സെപ്തംബറില്‍ 36 വിമാനങ്ങള്‍ക്ക് 59,000 കോടി രൂപയുടെ പുതിയ കരാര്‍ ഒപ്പ് വെക്കുകയായിരുന്നു. ഈ കരാര്‍ വിവരം നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നതിനു രണ്ടാഴ്ച മുമ്പാണ് റാഫേല്‍ നിര്‍മാണ കമ്പനിയായ ദസ്സോള്‍ട്ടും പ്രമുഖ ഇന്ത്യന്‍ വ്യവസായിയും മോദിയുടെ അടുപ്പക്കാരനുമായ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സും തമ്മില്‍ പങ്കാളിത്ത കരാര്‍ ഉണ്ടാക്കിയതെന്ന് മീഡിയ പാര്‍ട്ട് വെളിപ്പെടുത്തുന്നു. റാഫേല്‍ കരാറില്‍ ഒപ്പിടുന്നതിനു 13 ദിവസം മുമ്പ് മാത്രമാണ് റിലയന്‍സ് ഡിഫന്‍സ് രൂപവത്കരിക്കപ്പെടുന്നത് തന്നെ.
ഒന്നാം മോദി സര്‍ക്കാറിന്റെ കാലത്ത് പാര്‍ലിമെന്റിലും പുറത്തും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു റാഫേലുമായി ബന്ധപ്പെട്ട കോഴയാരോപണം. പ്രതിപക്ഷം ഇത് സംബന്ധിച്ച് വിദഗ്ധാന്വേഷണവും ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നിലപാടിനെ കൂടുതല്‍ പ്രസക്തമാക്കുന്നതാണ് മീഡിയ പാര്‍ട്ട് റിപ്പോര്‍ട്ടിന്റെ വെളിപ്പെടുത്തലുകള്‍. ഇനിയും ഇക്കാര്യത്തില്‍ പുറംതിരിഞ്ഞു നില്‍ക്കാതെ അന്വേഷണം പ്രഖ്യാപിക്കാനുള്ള രാഷ്ട്രീയ മര്യാദ കാണിക്കേണ്ടതുണ്ട് കേന്ദ്ര സര്‍ക്കാര്‍.
source https://www.sirajlive.com/raphael-the-government-should-not-turn-its-face-away.html
إرسال تعليق