വീണുടഞ്ഞത് കോര്‍പറേറ്റ് അജന്‍ഡകള്‍

രു വര്‍ഷത്തോളമായി തുടരുന്ന കര്‍ഷക സമരം ഉജ്വല വിജയമാണ് നേടിയത്. ആഗോളവത്കരണ നയങ്ങളുടെ ചുവട് പിടിച്ചാണ് ഇന്ത്യയിലും കര്‍ഷകദ്രോഹ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയതും ആഗോള അഗ്രിബിസിനസ്സ് കമ്പനികളുടെ ചരക്കിനായി ഇന്ത്യന്‍ വിപണി തുറന്നു കൊടുത്തതും. മൊസാന്റോ ഉള്‍പ്പെടെയുള്ള അന്തകവിത്ത് കമ്പനികളെ വരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു കൊണ്ടാണ് നരസിംഹ റാവു സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ കോര്‍പറേറ്റ് അധിനിവേശത്തിന് വഴിയൊരുക്കിയത്. ഒന്നാം പ്ലാനിംഗിന്റെ കാലം മുതല്‍ കൃഷിയെ ഭക്ഷ്യ സ്വയംപര്യാപ്തതക്കായി കണ്ട ഇന്ത്യ നരേന്ദ്ര മോദിയിലേക്കെത്തുമ്പോള്‍ കൃഷിയെ അഗ്രിബിസിനസ്സായും ഭക്ഷണത്തെ കോര്‍പറേറ്റ് വ്യവസായമായും മാറ്റുകയായിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു മൂന്ന് കര്‍ഷകദ്രോഹ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യ ദര്‍ശിച്ച അഭൂതപൂര്‍വവും ഐതിഹാസികവുമായ ചരിത്രം രേഖപ്പെടുത്തിയാണ് ഒരു വര്‍ഷം നീണ്ടുനിന്ന കര്‍ഷക സമരം ഇപ്പോള്‍ വിജയത്തിലെത്തിയിരിക്കുന്നത്. മൂന്ന് കര്‍ഷകദ്രോഹ നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് മോദി സര്‍ക്കാറിന് കര്‍ഷക പ്രക്ഷോഭകര്‍ക്ക് മുമ്പില്‍ കീഴടങ്ങേണ്ടി വന്നിരിക്കുന്നു. കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി തങ്ങളുടെ കോര്‍പറേറ്റ് – ഹിന്ദുത്വ അജന്‍ഡക്കാവശ്യമായ നിയമനിര്‍മാണങ്ങളുടെ രഥയാത്രയാണ് മോദിയും അമിത് ഷായും നടത്തിക്കൊണ്ടിരുന്നത്. പാര്‍ലിമെന്റിനെ പോലും നോക്കുകുത്തിയാക്കിയും ജനകീയ പ്രതിഷേധങ്ങളെ അവഗണിച്ചുമാണ് 370ാം വകുപ്പ് എടുത്ത് കളഞ്ഞതും സി എ എകൊണ്ടുവന്നതുമെല്ലാം. കര്‍ഷക സംഘടനകളുടെ നിശ്ചയദാര്‍ഢ്യവും പിന്മടക്കമില്ലാത്ത സമരവുമാണ് നിയമങ്ങള്‍ പിന്‍വലിക്കുന്ന സാഹചര്യം സൃഷ്ടിച്ചത്. ഈയൊരു വിജയം ബി ജെ പി സര്‍ക്കാറിന്റെ കോര്‍പറേറ്റ് ഹിന്ദുത്വ അജന്‍ഡക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

കോര്‍പറേറ്റുകള്‍ക്ക് ഭൂമിയും കൃഷിയും വിപണിയും തീറെഴുതുന്ന നിയോലിബറല്‍ നയങ്ങള്‍ക്കെതിരായിട്ടാണ് 500ഓളം കര്‍ഷക സംഘടനകള്‍ ഒന്നിച്ച് സംഘ്പരിവാറിന്റെ വര്‍ഗീയ വിഭജന അജന്‍ഡകളെ അതിജീവിച്ച് പ്രക്ഷോഭരംഗത്ത് ഉറച്ചു നിന്നത്. എല്ലാ അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് സമരഭൂമിയില്‍ ഉറച്ചു നിന്ന കര്‍ഷക പോരാളികള്‍ മോദി സര്‍ക്കാറിനെതിരായി രാജ്യത്ത് വളര്‍ന്നു വരുന്ന വര്‍ഗ മുന്നേറ്റങ്ങളുടെ സൂചനയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സുദീര്‍ഘമായ ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ ഇന്ത്യന്‍ കര്‍ഷക ജനത നടത്തിയ എത്രയോ പോരാട്ടങ്ങളുടെ ചരിത്ര പാരമ്പര്യത്തെയും വിപ്ലവ വീര്യത്തെയും ഉയര്‍ത്തി പിടിച്ചാണ് ഡല്‍ഹിക്ക് ചുറ്റും ഒരു വര്‍ഷ കാലത്തോളം നീണ്ട സമരം കര്‍ഷകര്‍ നടത്തിയത്.
തൊണ്ണൂറുകളില്‍ ആരംഭിച്ച നവ ഉദാരവത്കരണ നയങ്ങള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുകയും കര്‍ഷക ആത്മഹത്യകളുടെ പരമ്പരകള്‍ സൃഷ്ടിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സ്-ബി ജെ പി സര്‍ക്കാറുകള്‍ കുത്തകകളുടെ താത്പര്യങ്ങള്‍ക്കായി കാര്‍ഷിക മേഖലയെ തീറെഴുതുന്ന നയങ്ങളാണ് അടിച്ചേല്‍പ്പിച്ചത്. ഗാട്ട് കരാറും ആസിയാന്‍ കരാറും അമേരിക്കയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുമായി ഉണ്ടാക്കിയ കാര്‍ഷിക ചരക്കുകളുടെ ഇറക്കുമതി കരാറുകളും ഇന്ത്യന്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിച്ച്, കൃഷിയെ അനാദായകരമാക്കിത്തീര്‍ത്തു. വിദര്‍ഭയിലും കാശിപ്പൂരിലും വാറങ്കലിലും വിലത്തകര്‍ച്ച കര്‍ഷകരെ കടക്കെണിയിലാക്കി. ലക്ഷക്കണക്കിന് കര്‍ഷകര്‍ കെട്ടിത്തൂങ്ങിയും കീടനാശിനി കഴിച്ചും ആത്മഹത്യ ചെയ്തു. 1990കളില്‍ തുടങ്ങിയ ആഗോളവത്കരണം കടുത്ത അരക്ഷിതാവസ്ഥയും കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് പോകുന്ന അവസ്ഥയും സൃഷ്ടിച്ചു.

ഈയൊരു സാഹചര്യത്തെ ഉപയോഗപ്പെടുത്തി പാട്ടകൃഷിയും കമ്പനി കൃഷിയും വഴി ഇന്ത്യന്‍ കാര്‍ഷിക മേഖല വന്‍കിട അഗ്രിബിസിനസ്സ് കുത്തകകള്‍ കൈയടക്കാന്‍ തുടങ്ങി. കോര്‍പറേറ്റ് കൃഷിയെ പ്രോത്സാഹിപ്പിച്ചും കര്‍ഷകരുടെ സബ്‌സിഡികളും സഹായങ്ങളും ഇല്ലാതാക്കിയും സര്‍ക്കാര്‍ കൃഷിയെ ഉപജീവനമാക്കിയ ഗ്രാമീണരെ പാപ്പരീകരിച്ചു. റാവു മുതല്‍ മോദി വരെയുള്ള കേന്ദ്ര സര്‍ക്കാര്‍ അക്ഷരാര്‍ഥത്തില്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ ശവപ്പറമ്പാക്കുകയായിരുന്നു.
ഈ പ്രശ്‌നങ്ങളോട് മുഖം തിരിച്ച് നില്‍ക്കുകയാണ് 2014 മുതല്‍ മോദി സര്‍ക്കാര്‍.

പ്രതിപക്ഷത്തിരിക്കുമ്പോള്‍ വിമര്‍ശനമുയര്‍ത്തിയവര്‍ കോണ്‍ഗ്രസ്സിന്റെ നയങ്ങളെ തിരുത്തിയില്ല എന്നു മാത്രമല്ല, അവ കൂടുതല്‍ തീവ്രമായി നടപ്പാക്കാനാണ് നോക്കിയത്. ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ സര്‍ക്കാര്‍ നിയോലിബറല്‍ നയങ്ങള്‍ തീഷ്ണമാക്കുകയാണ് ചെയ്തത്. കടുത്ത കോര്‍പറേറ്റ് അനുകൂല നയങ്ങള്‍ ഒന്നിന് പിറകെ ഒന്നായി അടിച്ചേല്‍പ്പിച്ചു. അതിന്റെ ഭാഗമായാണ് കര്‍ഷകരെ കൂടുതല്‍ ദയനീയാവസ്ഥയിലേക്ക് തള്ളിവിടുന്ന കോര്‍പറേറ്റ് അനുകൂല കാര്‍ഷിക നിയമങ്ങള്‍ പാര്‍ലിമെന്റില്‍ പാസ്സാക്കിയത്. എല്ലാവിധ പാര്‍ലിമെന്ററി ജനാധിപത്യ നടപടികളെയും അട്ടിമറിച്ചു കൊണ്ടാണ് ഈ മൂന്ന് നിയമങ്ങളും പാസ്സാക്കിയത്. രാജ്യസഭയില്‍ വോട്ടിനിടണമെന്ന ഇടതുപക്ഷത്തിന്റെ ആവശ്യത്തെയും പ്രതിഷേധത്തെയും നിരസിക്കുകയായിരുന്നു.

കൃഷിയും ഉത്പന്നങ്ങളും വിപണിയും അദാനി-അംബാനിമാര്‍ക്കും രാജ്യാന്തര അഗ്രിബിസിനസ്സ് കമ്പനികള്‍ക്കും അടിയറവെക്കുന്ന നിയമങ്ങള്‍ സ്വന്തം ഭൂമിയില്‍ നിന്നും ഉപജീവന മാര്‍ഗങ്ങളില്‍ നിന്നും കര്‍ഷകരെയും കാര്‍ഷികാനുബന്ധ തൊഴിലുകളില്‍ ഏര്‍പ്പെട്ട കോടാനുകോടി മനഷ്യരെയും പുറന്തള്ളുന്നതായിരുന്നു. തങ്ങളുടെ നിലനില്‍പ്പ് തന്നെ ഇല്ലാതാക്കുന്ന നിയമങ്ങള്‍ക്കെതിരെ ഇന്ത്യയിലെ കര്‍ഷക സമൂഹം സടകുടഞ്ഞെഴുന്നേല്‍ക്കുന്ന കാഴ്ചയാണ് പിന്നീട് രാജ്യം കണ്ടത്. ഏകദേശം ഒരു വര്‍ഷം നീണ്ട സമരത്തിന്റെ ഭാഗമായി എഴുനൂറോളം പ്രക്ഷോഭകരാണ് രക്തസാക്ഷികളായത്. അവരുടെ രക്തസാക്ഷിത്വം വെറുതെയായില്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. തൊഴിലാളികളുടെയും കര്‍ഷകരുടെയും ഉറച്ച സഖ്യവും രാജ്യത്തെ ജനങ്ങള്‍ നല്‍കിയ പിന്തുണയുമാണ് സമരത്തെ വിജയത്തിലെത്തിച്ചത്.

വര്‍ഗ സമരങ്ങളുടെ ചരിത്രത്തിലെ ഉജ്വലമായ ഏടാണിത്. സമരത്തില്‍ തുടക്കം മുതല്‍ നേതൃപരമായ പങ്കാണ് അഖിലേന്ത്യാ കിസാന്‍ സഭ വഹിച്ചത്. നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് കിസാന്‍ സഭയുടെ നേതൃത്വത്തിലാരംഭിച്ച ഐതിഹാസികമായ കര്‍ഷക മാര്‍ച്ചും നിയോലിബറല്‍ നയങ്ങള്‍ക്കെതിരായി കിസാന്‍ സഭ ഉള്‍പ്പെടെ കര്‍ഷക സംഘടനകള്‍ തുടര്‍ച്ചയായി നടത്തിപ്പോന്ന സമര ക്യാമ്പയിനുകളാണ് ദേശീയതലത്തില്‍ കര്‍ഷക ഐക്യത്തിന് പരിസരമൊരുക്കിയത്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച പ്രഖ്യാപനത്തില്‍ വിശ്വാസമര്‍പ്പിക്കാതെ ശക്തമായ സമരങ്ങള്‍ കര്‍ഷകദ്രോഹ നിയമങ്ങളുള്‍പ്പെടെയുള്ള ജനദ്രോഹകരവും രാജ്യദ്രോഹകരവുമായ നയങ്ങള്‍ മാറ്റാനായി മുന്നോട്ട് കൊണ്ടു പോകേണ്ടതുണ്ടെന്ന തിരിച്ചറിവു കൂടിയാണ് ഈ ഉജ്വലമായ സമര വിജയം സന്ദേശിക്കുന്നത്.



source https://www.sirajlive.com/fallen-corporate-agendas.html

Post a Comment

Previous Post Next Post