പാലക്കാട് | കാർഷിക വിളകളിലെ രോഗബാധ തടയുന്നതിനും കർഷകർക്ക് അറിവ് പകരുന്നതിനുമായുള്ള കൃഷി വകുപ്പിന്റെ പ്ലാന്റ് ഹെൽത്ത് ക്ലിനിക്കുകൾ പ്രവർത്തനരഹിതം. സംസ്ഥാനത്ത് 271 ഓളം ഹെൽത്ത് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇത് മൂലം യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു.
കാർഷിക വിളകളുടെ ആരോഗ്യ പരിപാലനം ഉറപ്പാക്കി കർഷകന് മികച്ച വിളവ് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്ലാന്റ് ഹെൽത്ത് ക്ലിനിക്കുകൾ തുടങ്ങുന്നതിന് സർക്കാർ പദ്ധതിയിട്ടത്.
സംസ്ഥാനത്തുടനീളം 280 ക്ലിനിക്കുകൾ സ്ഥാപിക്കുന്നതിനാണ് ഭരണാനുമതി നൽകിയിരുന്നത്. ഇതിൽ 271 ക്ലിനിക്കുകൾ മാത്രമാണ് പ്രവർത്തനസജ്ജമായിരിക്കുന്നത്. കൊല്ലം, വയനാട്, കണ്ണൂർ, കാസർകോട്, ആലപ്പുഴ ജില്ലകളിലേക്കായി അനുവദിച്ച ക്ലിനിക്കുകളിൽ ഒന്പതെണ്ണം മാത്രമാണ് തുടങ്ങാൻ സാധിക്കാത്തതെന്ന് കൃഷി വകുപ്പ് അവകാശപ്പെടുന്നു. എന്നാൽ, നിലവിൽ പ്രവർത്തനക്ഷമമായ ക്ലിനിക്കുകൾ കാര്യക്ഷമമായ പ്രവർത്തനമില്ലാതെ നോക്കുകുത്തിയായി കിടക്കുകയാണെന്നാണ് കർഷകർ പറയുന്നത്.
ക്ലിനിക്കുകളിലെ കൃഷി വിഗ്ദധർ അതാത് സ്ഥലങ്ങളിലെ കാർഷിക മേഖലകളിൽ പോയി പരിശോധന നടത്തി കീട ബാധ വരുന്നത് തടയുന്നതിന് നടപടിയെടുക്കുന്നതിന് വേണ്ടിയാണ് ക്ലിനിക്കുകൾ സ്ഥാപിച്ചിട്ടുള്ളതെങ്കിലും കീട ബാധ വന്ന ശേഷം അറിയിച്ചാൽ മാത്രമേ ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തുന്നുള്ളൂ. അപ്പോഴേക്കും കീടബാധ നിയന്ത്രണാതീതമായി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്ന സ്ഥിതിയാണുള്ളത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിൽ 20ഉം, ഏറണാകുളത്ത് 23ഉം, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ 21 ഉം കണ്ണൂർ, ഇടുക്കി 19 ഉം, കാസർകോട് 16 ഉം പത്തനംതിട്ടയിൽ 15 ഉം തൃശൂരിൽ 31 ഉം ക്ലിനിക്കുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.
source https://www.sirajlive.com/dysfunctional-plant-health-clinics.html
Post a Comment