ഇന്ധന നികുതിയില്‍ സംസ്ഥാനത്തിന് ഇളവ് നല്‍കാനാകില്ല: ധനമന്ത്രി

തിരുവനന്തപുരം | ഇന്ധന നികുതിയില്‍ സംസ്ഥാന സര്‍ക്കാറിന് ഇളവുനല്‍കാനാകില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിന്റെ നികുതി ഘടന കുറവാണ്. വില കൂടുമ്പോഴും കുറയുമ്പോഴും ആനുപാതിക മാറ്റം കേരളത്തിലമുണ്ടെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
30 രൂപ വര്‍ധിപ്പിച്ചിട്ട് കേന്ദ്രം അഞ്ച് രൂപ കുറക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ഇത് പര്യാപ്തമല്ല. പെട്രോള്‍ വില കുറച്ചത് കൂടിയതിന്റെ ആറിലൊന്ന് മാത്രമാണ്. ഡീസലിന് കുറച്ചത് മൂന്നിലൊന്ന് മാത്രം. കേന്ദ്രം അനിയന്ത്രിതമായി സ്‌പെഷ്യല്‍ തീരുവ വര്‍ധിപ്പിച്ചു. സംസ്ഥാനത്തിന് വിഹിതം നല്‍കേണ്ട എക്‌സൈസ് ഡ്യൂട്ടി കേന്ദ്രം കുറച്ചു. സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം കേന്ദ്രം നല്‍കുന്നില്ലെന്നും ബാലഗോപാല്‍ കറ്റപ്പെടുത്തി.

പല സംസ്ഥാനങ്ങളും നികുതി പല തവണ കൂട്ടി. ഉമ്മന്‍ചാണ്ടി ഭരിക്കുമ്പോള്‍ 13 തവണ നികുതി കൂട്ടി. മൂന്ന് തവണ കുറച്ചു. എന്നാല്‍ ആറ് വര്‍ഷത്തെ പിണറായി ഭരണത്തില്‍ നികുതി കൂട്ടിയിട്ടില്ല. ഒരു തവണ കുറക്കുകയും ചെയ്തു. പല സംസ്ഥനങ്ങളും കൊവിഡ് സെസ് ഏര്‍പ്പെടുത്തി. എന്നാല്‍ കേരളത്തില്‍ ഇത്തരം ഒരു നടപടിയുണ്ടായിട്ടില്ല.

കേരളത്തില്‍ പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നു. അവര്‍ ബി ജെ പിയെ സഹായിക്കുകയാണ് ചെയ്യുന്നത്. കേന്ദ്രത്തിന്റേത് പോക്കറ്റിടിക്കാരന്റെ രീതിയാണ്. ക്രൂഡ് വില കുറഞ്ഞപ്പോഴും കേന്ദ്രം നികുതി കൂട്ടി. എണ്ണക്കമ്പനികളുടെ ലാഭം കോടികളാണ്. വിലക്കയറ്റത്തിന് കാരണം അനിയന്ത്രിതമായ എണ്ണവില വര്‍ധനവാണ്. കേന്ദ്രം സംസ്ഥാനങ്ങളെ പറ്റിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിയാണ് ഇന്ധന വില ചെറിയ രീതിയില്‍ കുറക്കാന്‍ ഇപ്പോള്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചത്.

 

 



source https://www.sirajlive.com/state-cannot-give-concessions-on-fuel-tax-finance-minister.html

Post a Comment

Previous Post Next Post