തിരുവനന്തപുരം | കൊവിഡ് ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് ലോകം വീണ്ടും ലോക്ക് ഡൗണിലേക്ക് പോകുന്നതിനിടെ സംസ്ഥാനത്ത് സ്വീകരിക്കേണ്ട ജാഗ്രതയെക്കുറിച്ച ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാനത്ത് അവലോകന യോഗം നടക്കും. വൈകുന്നേരം മൂന്നരക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം.
വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനം സ്വീകരിച്ച മുന്‍കരുതല്‍ യോഗം വിശദമായി പരിശോധിക്കും. വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കാനാണ് തീരുമാനം.ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ 14 ദിവസം ക്വാറന്റൈനിലും കഴിയണം.
കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ വിജയകരമായി നടപ്പിലാക്കിയ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തും. സാമൂഹിക അകലം പാലിക്കലും, സാനിറ്റൈസര്‍, മാസ്‌ക്, ഉപയോഗവും കാര്യക്ഷമമാക്കും. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കൊവിഡ് വാക്സിനെടുക്കാന്‍ വിമുഖത കാണിക്കുന്ന അധ്യാപകരെ പരിശോധിക്കുന്നതിന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശ അവലോകന യോഗം പരിശോധിക്കും.
സ്‌കൂളുകളുടെ പ്രവര്‍ത്തന സമയം വൈകുന്നേരം വരെ ആക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശത്തിലും തീരുമാനമുണ്ടായേക്കും. മരക്കാര്‍ റിലീസിന് മുമ്പ് തിയറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിക്കണമെന്ന സിനിമ സംഘടനകളുടെ ആവശ്യവും യോഗം പരിഗണിക്കാനാണ് സാധ്യത.
source https://www.sirajlive.com/omicron-threat-covid-review-meeting-in-the-state-today.html
إرسال تعليق