തികച്ചും ന്യായവും ജനകീയവുമായ ഒരാവശ്യമുന്നയിച്ചാണ് കോണ്‍ഗ്രസ്സ് എറണാകുളം ഘടകം തിങ്കളാഴ്ച കൊച്ചി വൈറ്റിലയില്‍ സമരത്തിനിറങ്ങിയത്. ഇന്ധനവില ദിനംപ്രതി വര്‍ധിക്കുകയും അത് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കാതെ കേന്ദ്ര സര്‍ക്കാര്‍ മുഖംതിരിഞ്ഞിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധ സമരത്തിന് ജനങ്ങളുടെ ഭാഗത്ത് നിന്ന് കടുത്ത സമ്മര്‍ദമുണ്ട്. എന്തുകൊണ്ടോ പ്രതിപക്ഷ കക്ഷികളുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ കാര്യമായ നീക്കമോ ഇടപെടലോ ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ധന വിലക്കുതിപ്പിനെതിരെ കോണ്‍ഗ്രസ്സ് ജനാധിപത്യ രീതിയില്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയാണെങ്കില്‍ പൊതു സമൂഹത്തിന്റെ നിസ്സീമമായ പിന്തുണ ഉണ്ടാകുമായിരുന്നു. എന്നാല്‍ കൊച്ചിയില്‍ സമരത്തിന് കോണ്‍ഗ്രസ്സ് സ്വീകരിച്ച മാര്‍ഗം ശരിയായില്ല. റോഡ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുത്തിയുള്ള ഉപരോധ സമരമാണ് വൈറ്റിലയില്‍ പാര്‍ട്ടി നടത്തിയത്.
തിരക്കേറിയ ഇടപ്പള്ളി വൈറ്റില ബൈപാസില്‍ ഗതാഗതം തടസ്സപ്പെടുത്തി 1,500ഓളം വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ടായിരുന്നു സമരം. ഇത് മണിക്കൂറുകളോളം യാത്രക്കാരെ കടുത്ത പ്രയാസത്തിലാക്കി. ആശുപത്രി, ഓഫീസ് തുടങ്ങിയ കാര്യങ്ങള്‍ക്കായി പോകുന്നവര്‍ നടുറോഡില്‍ കുടുങ്ങി. അത്യാവശ്യം അതുവഴി കടന്നു പോകേണ്ടവര്‍ കേണപേക്ഷിച്ചിട്ടുപോലും വാഹനം കടത്തിവിടാന്‍ ഉപരോധ സമരക്കാര്‍ തയ്യാറായില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. അതിനിടെയാണ് നടന്‍ ജോജു ജോര്‍ജ് ഗതാഗതം തടസ്സപ്പെടുത്തിയുള്ള സമരത്തെ ചോദ്യം ചെയ്തത്. “നിരവധി പേരാണ് ഉപരോധ സമരം കാരണം റോഡില്‍ കുടുങ്ങിക്കിടക്കുന്നത്. സുഖമില്ലാത്ത കുട്ടികളടക്കമുണ്ട് ഈ വാഹനങ്ങളില്‍. ഇത്രയും നേരം ഏസിയിട്ട് കാറിലിരിക്കാന്‍ പറ്റുമോ. നിങ്ങള്‍ ചെയ്യുന്നത് ഗുണ്ടായിസമാണ്’ സമരക്കാരോടായി ജോജു പറഞ്ഞു. അദ്ദേഹത്തോടൊപ്പം മറ്റു നിരവധി യാത്രക്കാരും പ്രതിഷേധവുമായി രംഗത്തു വന്നു. ഇതോടെ സമരക്കാരും ജോജുവും തമ്മില്‍ വാക്കേറ്റമായി. ജോജുവിന്റെ വാഹനത്തിന്റെ ചില്ല് തകര്‍ത്താണ് ചില കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തങ്ങളുടെ രോഷം തണുപ്പിച്ചത്. നടനു നേരേ കൈയേറ്റ ശ്രമവുമുണ്ടായി. പോലീസുകാര്‍ ജോജുവിന്റെ വാഹനത്തില്‍ കയറിയിരുന്നാണ് അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയത്. ഈ അനിഷ്ട സംഭവങ്ങള്‍, സമരത്തിന് അനുകൂലമാകേണ്ടിയിരുന്ന ജനപിന്തുണ പ്രതികൂലമാക്കിത്തീര്‍ത്തു.
സമരത്തിന് ഡി സി സി സ്വീകരിച്ച മാര്‍ഗത്തോടും അതിനിടെ നടന്ന അക്രമ സംഭവങ്ങളോടും പൊതുസമൂഹം മാത്രമല്ല, കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ തന്നെയും നല്ലൊരു വിഭാഗം വിയോജിപ്പാണ് പ്രകടിപ്പിച്ചത്. വഴിതടയല്‍ സമരത്തോട് വ്യക്തിപരമായി യോജിപ്പില്ലെന്നും തന്റെ നിലപാട് എറണാകുളം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ടെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഗൗരവമായി അതേപ്പറ്റി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവത്തോട് പ്രതികരിക്കവെ സതീശന്‍ ആവശ്യപ്പെട്ടു. യാത്രക്കാരെ പ്രയാസത്തിലാക്കുന്ന സമരം ഒഴിവാക്കേണ്ടതായിരുന്നു. അക്രമം കോണ്‍ഗ്രസ്സിന്റെ രീതിയല്ല. വിമര്‍ശിക്കുന്നവരെ അക്രമിക്കുന്നത് ശരിയല്ല. ജോജുവിനെതിരായ അക്രമം പാര്‍ട്ടി അന്വേഷിക്കുമെന്നാണ് എ ഐ സി സി ജന. സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം. ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കാത്ത ജനാധിപത്യ മാര്‍ഗങ്ങളാണ് പ്രക്ഷോഭ മേഖലയില്‍ കോണ്‍ഗ്രസ്സിന്റെ പാരമ്പര്യം. ദേശീയ സമരത്തില്‍ പോലും സമാധാനപരമായ മാര്‍ഗങ്ങളായിരുന്നു ഗാന്ധിജി ഉള്‍പ്പെടെ കോണ്‍ഗ്രസ്സിന്റെ ആദ്യകാല നേതാക്കള്‍ സ്വീകരിച്ചത്.
ജനാധിപത്യ രാജ്യത്ത് യോഗങ്ങളും പ്രകടനങ്ങളും പ്രതിഷേധങ്ങളും പണിമുടക്കുകളുമൊക്കെ സ്വാഭാവികമാണ്. ആ പ്രതിഷേധത്തിന് പക്ഷേ പരിധികളുണ്ട്. റോഡുകളില്‍ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയാകരുത് അത്. പ്രതിഷേധിക്കാത്തവരുടെയും നിഷ്പക്ഷമതികളുടെയും സ്വാതന്ത്ര്യത്തില്‍ കൈകടത്തിയുമാകരുത്. പൗരന് ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളുടെ നിഷേധമാണ് സഞ്ചാര സ്വാതന്ത്ര്യത്തിന് വിഘ്‌നം സൃഷ്ടിക്കല്‍. റോഡുകളുടെ പ്രഥമവും പ്രധാനവുമായ ഉദ്ദേശ്യം യാത്രയാണെന്ന് എല്ലാവരും അംഗീകരിക്കുന്നതാണ്. അതിന് വിഘാതം സൃഷ്ടിക്കുന്ന ഒന്നും റോഡുകളില്‍ നടത്തരുതെന്ന് സുപ്രീം കോടതിയും ഹൈക്കോടതികളും പലവട്ടം ഉണര്‍ത്തിയിട്ടുണ്ട്. 2010 ജൂണ്‍ 23ന് ഒരു പൊതുതാത്പര്യ ഹരജിയില്‍, റോഡരികില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്ന് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചു (റോഡ് കൈയേറിയുള്ള പ്രക്ഷോഭങ്ങളും ഇതിന്റെ പരിധിയില്‍ വരും). റവന്യൂ, പോലീസ്, തദ്ദേശ വകുപ്പുകള്‍ ഇതിന് അനുമതി നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു. 2011 ജനുവരിയില്‍ ജസ്റ്റിസുമാരായ എച്ച് എല്‍ ദത്തു, ഡി കെ ജെയിന്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് ഈ വിധി ശരിവെക്കുകയും ചെയ്തു. ഗതാഗതം തടസ്സപ്പെടുത്തി സമരം ചെയ്യരുതെന്ന് കര്‍ഷക സമരത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജിയിലും പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ഡല്‍ഹി-നോയ്ഡ റൂട്ടില്‍ റോഡ് ഉപരോധിച്ച് സ്ത്രീകളും കുട്ടികളും സമരം നടത്തിയപ്പോഴും സുപ്രീം കോടതി ആവര്‍ത്തിച്ചു വ്യക്തമാക്കുകയുമുണ്ടായി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ എന്തവകാശം ആണുള്ളതെന്ന് സമരക്കാരോട് കോടതി ചോദിക്കുകയും ചെയ്തു.
ഇത്തരം ഉത്തരവുകളും നിയമങ്ങളുമെല്ലാം കാറ്റില്‍ പറത്തിയാണ് ഇന്ന് സമ്മേളനങ്ങളും റാലികളും ഉത്സവ ഘോഷയാത്രകളും പൊങ്കാല മഹോത്സവങ്ങളുമൊക്കെ നടക്കുന്നത്. ഇത് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കില്‍ കുടുങ്ങി ബുദ്ധിമുട്ടുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം, ഉപരോധിക്കുന്ന ആള്‍ക്കൂട്ടത്തേക്കാള്‍ വളരെ കൂടുതലായാല്‍ പോലും അതിനെതിരെ പ്രതികരിക്കാന്‍ പറ്റില്ലെന്നതാണ് അവസ്ഥ. പ്രതികരിച്ചാല്‍ ജോജു ജോര്‍ജിന് നേരിട്ടതു പോലുള്ള തിക്താനുഭവങ്ങള്‍ ഉണ്ടാകും. ഇതിനൊരു മാറ്റം അനിവാര്യമാണ്. റോഡുകളുടെ പ്രധാന ഉപയോഗം യാത്രയാണെന്ന കാര്യം പരിഗണിച്ചായിരിക്കണം സമരങ്ങളും പൊതുയോഗങ്ങളുമെല്ലാം ആസൂത്രണം ചെയ്യേണ്ടത്. സമരം മൂലം ഒരു പൗരന്റെയും സഞ്ചാര സ്വാതന്ത്ര്യം ഹനിക്കപ്പെടരുത്. എങ്കില്‍ ഒരു കോടതിക്കും സമരങ്ങളെ തടയാനോ, ഒരു വ്യക്തിക്കും അവ ചോദ്യം ചെയ്യാനോ സാധിക്കില്ല.
source https://www.sirajlive.com/struggles-must-be-democratic.html
Post a Comment