ആഭരണ നിര്‍മാണ ശാലയില്‍ നിന്നും സ്വര്‍ണ കവര്‍ച്ച; ബംഗാള്‍ സ്വദേശി അറസ്റ്റില്‍

കോഴിക്കോട് | കോഴിക്കോട് പുതിയറയിലെ ആഭരണ നിര്‍മാണ ശാലയില്‍ നിന്നും സ്വര്‍ണം കവര്‍ന്ന ഇതര സംസ്ഥാനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ ശ്യാംപുര്‍ സ്വദേശി ദീപക് പ്രമാണിക്കിനെ (36)യാണ് കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തത്. നടുവണ്ണൂര്‍ സ്വദേശി സാദിഖിന്റെ ഡാസില്‍ എന്ന ആഭരണ നിര്‍മാണ ശാലയില്‍ നിന്ന് കവര്‍ന്ന 450 ഗ്രാം സ്വര്‍ണത്തില്‍ നിന്നും 150 ഗ്രാം ഇയാളില്‍ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ ഒക്ടോബര്‍ ആറിനാണ് സ്ഥാപനത്തിലെ തൊഴിലാളിയായ ദീപക് സ്വര്‍ണവുമായി കടന്നു കളഞ്ഞത്. കസബ സി ഐ. ടി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഒരു മാസത്തെ തിരച്ചിലിനൊടുവില്‍ പ്രതിയെ ബംഗാളില്‍ നിന്നും പിടികൂടിയത്.

കവര്‍ച്ചക്കു ശേഷം തൃശൂര്‍, എറണാകുളം, ബംഗാളിലെ 24 പര്‍ഗാന എന്നിവിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. ഡി സി പി. സ്വപ്നില്‍ മഹാജന്‍ ബംഗാള്‍ പോലീസുമായി ബന്ധപ്പെട്ട് ഇയാളെ വലയിലാക്കി. സി ഐ. ടി എസ് ശ്രീജിത്ത്, സീനിയര്‍ സി പി ഒമാരായ ഷിറില്‍ദാസ്, പി മനോജ്, സി പി ഒ. പ്രനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. എ സി പി. ബിജുരാജ്, കസബ ഇന്‍സ്പെക്ടര്‍ എന്‍ പ്രജീഷ് എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.

 

 



source https://www.sirajlive.com/gold-stolen-from-jewelery-shop-bengal-native-arrested.html

Post a Comment

أحدث أقدم