മമതയുടെ ജൈത്രയാത്ര എങ്ങോട്ട്?

ക്കഴിഞ്ഞ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തോട് കൂടി ബംഗാൾ മുഖ്യമന്ത്രിയിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രിയിലേക്ക് മമതാ ബാനർജിയുടെ സ്വപ്നങ്ങൾ വളർന്നിട്ടുണ്ട്. മോദി- അമിത് ഷാ ദ്വയത്തിനൊപ്പം ബി ജെ പി അധ്യക്ഷൻ ജെ പി നഡ്ഡയും മറ്റു കേന്ദ്ര മന്ത്രിമാരുമടക്കം മാസങ്ങളോളം ബംഗാളിൽ ക്യാമ്പ് ചെയ്ത് സകല സന്നാഹങ്ങളുമായി അങ്കം വെട്ടിയിട്ടും അവസാനം മമത നേടിയ ഗംഭീര വിജയം പ്രതിപക്ഷ ചേരിയിലെ മമതയുടെ ഗ്രാഫ് വല്ലാതെ ഉയർത്തിയിരിക്കുന്നു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിൽ മമതയുടെ നീക്കങ്ങളാണ് ഇപ്പോൾ രാഷ്ട്രീയ ചിന്തകർ സസൂക്ഷ്മം ഉറ്റു നോക്കുന്നത്. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ്സിനെക്കാൾ മികച്ച രീതിയിൽ പ്രതിപക്ഷത്തെ ഏകോപ്പിക്കാൻ തുടർച്ചയായ ശ്രമങ്ങൾ നടത്തുന്നതും മമതയാണ്. രാഹുലിനില്ലാത്ത കരിഷ്മയും കാലിബറും മമതാ ബാനർജിയിലുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിലെ മുംബൈ യാത്രയിൽ ശരത് പവാറുമായും ശിവസേനയുമായും നടത്തിയ കൂടിക്കാഴ്ചകളും അവർ എത്രത്തോളം ലൈവായി നിലകൊള്ളുന്നു എന്നതിന്റെ നേർ സാക്ഷ്യമാണ്.

ഇന്ന് ദേശീയ രാഷ്ട്രീയത്തിൽ ചുവടു മാറാൻ താത്പര്യപ്പെടുന്ന നേതാക്കൾക്ക് ബി ജെ പി കഴിഞ്ഞാൽ മികച്ച സാധ്യതയായി തൃണമൂൽ കോൺഗ്രസ്സ് മാറിയിട്ടുണ്ട്. മമതയുടെ നേതൃഗുണം തന്നെയാണ് ഇതിന് മുഖ്യകാരണം. തൃണമൂലിലേക്ക് ആകർഷിക്കപ്പെടുന്ന നേതാക്കളിൽ കൂടുതലും കോൺഗ്രസ്സിൽ നിന്നാണ്. ഇത് കോൺഗ്രസ്സ്- തൃണമൂൽ ബന്ധത്തിൽ വലിയ പ്രശ്‌നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിലായി തലയെടുപ്പുള്ള നാല് കോൺഗ്രസ്സ് നേതാക്കളെയാണ് മമത സ്വന്തം കൂടാരത്തിലേക്ക് റാഞ്ചിയെടുത്തത്. ഹരിയാന പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ അധ്യക്ഷനും രാഹുലിന്റെ അടുപ്പക്കാരനുമായ അശോക് തൻവാർ, മേഘാലയ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ മുകുൾ സംഗ്മ, ബിഹാറിൽ നിന്നുള്ള മുൻ എം പി കീർത്തി അസാദ്, മഹിളാ കോൺഗ്രസ്സ് മുൻ അധ്യക്ഷ സുസ്മിത ദേവ് എന്നിവരടക്കം ഒട്ടേറേ നേതാക്കൾ ഇക്കഴിഞ്ഞ ദിവസങ്ങളിലായി ടി എം സിയിലെത്തി. ഇതിൽ കീർത്തി അസാദ് ബി ജെ പിയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി പിന്നീട് കോൺഗ്രസ്സിലെത്തിയ ആളാണ് എന്നതൊഴിച്ചാൽ മറ്റു മൂന്ന് പേരും അതാത് സംസ്ഥാനത്തെ ശുദ്ധ കോൺഗ്രസ്സുകാരായിരുന്നു. മേഘാലയയിൽ സാംഗ്മക്കൊപ്പം ഇതുവരെയുണ്ടായിരുന്ന 17 കോൺഗ്രസ്സ് എം എൽ എമാരിൽ നിന്ന് 12 പേരും തൃണമൂലിൽ ചേർന്നതോടെ മേഘാലയയിലെ മുഖ്യ പ്രതിപക്ഷ പാർട്ടി തന്നെ അവരായിരിക്കുകയാണ്.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച നിതീഷ് കുമാറിന്റെ നിലപാടിനെതിരെ പ്രശാന്ത് കിഷോറിനൊപ്പം രംഗത്തു വന്ന ജെ ഡി യു ജനറൽ സെക്രട്ടറിയും നിതീഷിന്റെ ഉപദേഷ്ടാവും മുൻ എം പിയുമായിരുന്ന പവൻ വർമയും കഴിഞ്ഞ ആഴ്ച തൃണമൂൽ ക്യാമ്പിലെത്തിയിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറിലാണ് ഗോവ മുൻ മുഖ്യമന്ത്രിയായിരുന്ന ലൂസിഞ്ഞോ ഫെലോറയെ മമത റാഞ്ചിയത്. കഴിഞ്ഞ ആഴ്ച ഗോവ ഫോർവേഡ് പാർട്ടിയിലെ രണ്ടാമനും വർക്കിംഗ് പ്രസിഡന്റുമായ കിരൺ കണ്ടോൽക്കർ രാജിവെച്ച് മണിക്കൂറുകൾക്കകം ടി എം സിയിൽ അംഗത്വമെടുത്തത് ഗോവ രാഷ്ട്രീയത്തിൽ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ഇത് ഗോവയിലെ മമതയുടെ രണ്ടാമത്തെ സർജിക്കൽ സ്‌ട്രൈക്കായും വിലയിരുത്തപ്പെട്ടിരുന്നു. മമത തന്റെ സാമ്രാജ്യം വികസപ്പിക്കുന്നതിൽ പ്രധാന കേന്ദ്രമായി ഗോവയെ പരിഗണിച്ചിട്ടുണ്ട്. ലൂസിഞ്ഞോ ഫെലോറയെ ഇതിനായി ചുമതലപ്പെടുത്തിയതായും വിവരമുണ്ട്. കോൺഗ്രസ്സിന്റെ സൗത്ത് ഗോവ ജനറൽ സെക്രട്ടറിയും മർഗാവോ മുനിസിപ്പൽ കൗൺസിലിലെ ഡെപ്യൂട്ടി ചെയർപേഴ്‌സനുമായിരുന്ന എഥേൽ ലോബോയും മെഹുവ മൊയ്ത്രയിൽ നിന്ന് കഴിഞ്ഞ ആഴ്ച അംഗത്വം സ്വീകരിച്ചിരുന്നു. കൂടുതൽ കോൺഗ്രസ്സ് നേതാക്കൾ തൃണമൂലിലേക്ക് വരുമെന്നാണ് വിവരം. ലൂസിഞ്ഞോ ഫെലോറെക്കൊപ്പം ഒമ്പത് മുതിർന്ന നേതാക്കളാണ് ഗോവയിൽ നിന്ന് ടി എം സിക്കൊപ്പം ചേർന്നത്.

പശ്ചിമ ബംഗാളിൽ ഏപ്രിൽ- മെയ് മാസങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്സിന്റെ ഉജ്ജ്വല വിജയം പാർട്ടി വിട്ടുപോയ പലരും തിരിച്ചുവരാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസും ബോളിവുഡ് നടിയും ആക്ടിവിസ്റ്റുമായ നഫീസ അലിയും പാർട്ടിയിൽ അംഗത്വമെടുത്തിരുന്നു. ബംഗാളിലെ ഓളം ത്രിപുരയിലും സൃഷ്ടിച്ചെടുക്കാനുള്ള ശ്രമം കൊണ്ടുപിടിച്ച് നടക്കുന്നുണ്ട്. ത്രിപുരയിൽ മുൻ മന്ത്രി പ്രകാശ് ചന്ദ്രദാസ്, മുൻ എം എൽ എ സുബൽ ഭൗമിക് തുടങ്ങി ഏഴ് മുതിർന്ന കോൺഗ്രസ്സ് നേതാക്കളാണ് ഈ അടുത്ത കാലത്ത് ടി എം സിയിൽ ചേർന്നത്.

ഒക്ടോബറിൽ ഉത്തർ പ്രദേശിലെ രണ്ട് മുതിർന്ന കോൺഗ്രസ്സ് നേതാക്കളായ രാജേഷ്പതി ത്രിപാഠിയും ലളിതേഷ്പതി ത്രിപാഠിയും ടി എം സിയിൽ ചേർന്നിരുന്നു.

രാജേഷ്പതി ത്രിപാഠി സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ മുൻ അംഗവും ലളിതേഷ്പതി ത്രിപാഠി മുൻ യു പി കോൺഗ്രസ്സ് വൈസ് പ്രസിഡന്റും നിയമസഭാ അംഗവും ആയിരുന്നു. ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയുടെ സഹായം തേടുകയാണെങ്കിൽ സമാജ്്വാദി പാർട്ടിഅധ്യക്ഷൻ അഖിലേഷ് യാദവിനെസഹായിക്കാൻതയ്യാറാണെന്ന് അടുത്തിടെ ഡൽഹി സന്ദർശനത്തിനിടെ മമത പറഞ്ഞിരുന്നു. കോൺഗ്രസ്സുമായി സഖ്യത്തിന് താത്പര്യമില്ലെന്നു കൂടിയാണ് ഈ പ്രസ്താവനയുടെ മറുപുറം. മാത്രമല്ല മമതയുടെ ഉറച്ച ചുവടുകൾ വിശ്വസനീയമായ പ്രതിപക്ഷമെന്നതിലേക്ക് ചെറിയ പാർട്ടികൾക്കിടയിൽ പ്രതീക്ഷ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഡിസംബർ അവസാന വാരങ്ങളിൽ കൊൽക്കത്ത മുനിസിപ്പൽ കോർപറേഷനിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. സ്ഥാനാർഥി പട്ടിക പുറത്ത് വന്നപ്പോൾ ശ്രദ്ധേയമായ ചില കണക്കുകൾ തൃണമൂലിന് കൈയടി കിട്ടാൻ പാകത്തിലുള്ളതായിരുന്നു. തൃണമൂലിന്റെ 144 സ്ഥാനാർഥികളിൽ 45 ശതമാനം, അതായത് 64 പേർ സ്ത്രീകളാണ്. പട്ടികയിൽ 19 പേർ പട്ടികജാതിക്കാരും 23 പേർ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവരുമാണ്. മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർഥികളെപ്പോലും കിട്ടാനില്ലാത്ത ബി ജെ പി നന്നായി വിയർക്കുന്നുമുണ്ട്.

ഇങ്ങനെ തുടർന്നാൽ മമത പ്രതിപക്ഷത്തെ സൂപ്പർ പവറായി മാറും. വന്നവരാരും തൃണമൂലിന്റെ രാഷ്ട്രീയമല്ല സംസാരിക്കുന്നത്. മമതയുടെ റഡാറിലേക്കാണ് അവർ ആകർഷിക്കപ്പെടുന്നത്. മോദിക്കെതിരെ പട നയിക്കാൻ ദീദിക്ക് മാത്രമാണ് കരുത്തുള്ളത് എന്ന് ആവർത്തിച്ച് പറഞ്ഞുറപ്പിച്ച് സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. നോർത്ത് ഈസ്റ്റിനു പുറമേ ഹിന്ദി ബെൽറ്റിൽ കൂടി സ്വീകാര്യമായ ഒരു ഐഡന്റിറ്റി മമതക്ക് ഉണ്ടാക്കിയെടുക്കുക എന്നത് കൂടിയാണിതിന്റെ ലക്ഷ്യം. മേഘാലയയിലെ സർജിക്കൽ സ്‌ട്രൈക്കിന്റെ ബുദ്ധി കേന്ദ്രം പ്രശാന്ത് കിഷോറായിരുന്നു. ഗോവയെക്കൂടാതെ കർണാടകയിലും ടി എം സിക്ക് അടിത്തറയുണ്ടാക്കാൻ കിഷോർ ശ്രമങ്ങൾ നടത്തുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള കോൺഗ്രസ്സ്- ബി ജെ പി നേതാക്കളെയാണ് കിഷോർ ലക്ഷ്യം വെക്കുന്നത്. രാജിവെക്കേണ്ടി വന്ന ബി ജെ പി മുൻ മുഖ്യമന്ത്രിയും മുതർന്ന നേതാവുമായ ബി എസ് യെദ്യൂരപ്പയുമായും അദ്ദേഹത്തിന്റെ മകൻ ബി വൈ വിജയേന്ദ്രയുമായും ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. പക്ഷേ മമതയെ മുൻ നിർത്തിയുള്ള കളിക്ക് ശരത് പവാറിന് താത്പര്യമില്ല. ഇടതുപക്ഷവും മമതയോട് സഹകരിക്കാൻ താത്പര്യം കാണിക്കില്ല. കോൺഗ്രസ്സാണ് പ്രതിപക്ഷത്തെ നയിക്കേണ്ടെതെന്നാണ് പവാറിന്റെ വാദം. എന്നാൽ പവാറിനെ രാഷ്ട്രപതി സ്ഥാനാർഥിയാക്കി വായടപ്പിക്കാനുള്ള ശ്രമങ്ങളും കിഷോർ നടത്തിയിരുന്നു. കിഷോറിന് രാഹുലിനെ മുൻ നിർത്തിയുള്ള ഗെയിമിനായിരുന്നു ആദ്യം താത്പര്യമെങ്കിലും കിഷോർ മുന്നോട്ടു വെച്ച ഡിമാൻഡുകൾ പാർട്ടി അംഗീകരിക്കാതായതോടെയാണ് അദ്ദേഹം മമതയെ മുന്നിൽ നിർത്തിയത്. പ്രശാന്ത് കിഷോർ കോൺഗ്രസ്സിനൊപ്പം ചേരുകയാണെങ്കിൽ രാഹുലിന് പർലമെന്ററി കാര്യങ്ങളുടെ ചുമതല നൽകണമെന്നും സംഘടനാ ചുമതലകൾ പൂർണമായി തനിക്ക് കീഴിലാകണം എന്നതുമായിരുന്നു ഡിമാൻഡുകളിൽ പ്രധാനപ്പെട്ടത്. ഇത് പാർട്ടിയെ കമ്പനിക്ക് വിൽപ്പന നടത്തുന്നതിന് തുല്യമാണെന്നാണ് മുതിർന്ന നേതാക്കൾ അന്ന് അഭിപ്രായപ്പെട്ടത്. എന്നാലിന്ന് കോൺഗ്രസ്സിന്റെ കരുത്ത് ചോർത്തിയെടുത്താണ് പ്രശാന്ത് കിഷോർ പുതിയ ഗെയിം പ്ലാൻ ചെയ്യുന്നതെന്നും കോൺഗ്രസ്സിനെ അവഗണിച്ചുള്ള ഈ കളി കോൺഗ്രസ്സിനെ രാജ്യത്ത് നിന്ന് പൂർണമായും ഇല്ലാതാക്കാനുള്ള പ്രൊജക്ടിന്റെ ഭാഗമാണെന്നും പ്രശാന്ത് കിഷോർ ബി ജെ പി ഏജന്റാണെന്നുമുള്ള വാദങ്ങളും ഒരു ഭാഗത്ത് നിന്ന് ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ കളിയുടെ ഭാവി കണ്ട് തന്നെ അറിയണം.



source https://www.sirajlive.com/where-is-mamata-39-s-triumphant-journey.html

Post a Comment

Previous Post Next Post