കണ്ണൂർ | സ്‌കൂൾ തുറന്നെങ്കിലും ഇത്തവണയും കായിക മേള മുടങ്ങും. കൊവിഡിനെ തുടർന്ന് തുടർച്ചയായ രണ്ടാംവർഷമാണ് കായിക മേള മുടങ്ങുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാറുകളോ സ്‌കൂൾ ഗെയിംസ് ഫെഡറേഷനോ കായിക മേള നടത്തിപ്പ് സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും നൽകിയിട്ടില്ലാത്ത സാഹചര്യത്തിൽ കായികമേള നടക്കാനിടയില്ല.
ഉപജില്ലാതല മത്സരം സാധാരണഗതിയിൽ ആഗസ്റ്റിൽ പൂർത്തിയാകാറുണ്ട്. ഒക്ടോബറിലാണ് ജില്ലാ കായികമേള നടന്നിരുന്നത്. 3,500 വിദ്യാർഥികൾ ജില്ലാമേളയിൽ പങ്കെടുത്തുവരാറുണ്ട്.
ആറ് മുതൽ 12 വരെ ക്ലാസ്സുകളിലെ വിദ്യാർഥികളാണ് സബ് ജൂനിയർ, ജൂനിയർ, സീനിയർ തലങ്ങളിലായി കായികോത്സവത്തിൽ മത്സരിച്ചിരുന്നത്. വിദ്യാർഥികളുടെ കായിക ക്ഷമത നിലനിർത്തുന്നതിൽ മേളക്ക് നിർണായക സ്ഥാനമുണ്ട്. കായിക താരങ്ങളുടെ ഭാവിയാണ് കൊവിഡിൽ അനിശ്ചിതത്വത്തിലായത്. കായികമേളയിൽ ലഭിക്കുന്ന ഗ്രേസ് മാർക്കും നഷ്ടമാകും.
വരും വർഷങ്ങളിലെങ്കിലും കായികോത്സവം നടക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളും കായികാധ്യാപകരും. ക്ലാസ്സുകൾ പുനരാരംഭിച്ച സാഹചര്യത്തിൽ പരിമിതമായ തോതിലെങ്കിലും മത്സരം നടത്തുന്നത് പരിഗണിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
source https://www.sirajlive.com/the-school-sports-fair-will-be-canceled-this-time-as-well.html
إرسال تعليق