സ്‌കൂള്‍ ബസുകളില്‍ സ്‌റ്റോപ്പ് സിഗ്നല്‍ പ്രദര്‍ശിപ്പിച്ചാല്‍ മറ്റ് വാഹനങ്ങള്‍ നിര്‍ത്തണമെന്ന് അബൂദബി പോലീസ്

അബൂദബി | കുട്ടികളെ വാഹനത്തില്‍ കയറ്റുന്നതിനോ ഇറക്കുന്നതിനോ ആയി സ്‌കൂള്‍ ബസ് നിര്‍ത്തിയിടുകയും സ്റ്റോപ് സിഗ്‌നല്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ മറ്റുവാഹനങ്ങള്‍ നിര്‍ത്തണമെന്ന് അബൂദബി പോലീസ് ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. ഒറ്റവരി പാതയിലാണ് സ്‌കൂള്‍ ബസ് സ്റ്റോപ് സിഗ്‌നല്‍ പ്രദര്‍ശിപ്പിച്ച് നിര്‍ത്തിയിട്ടിരിക്കുന്നതെങ്കില്‍ ഇരുവശത്തും നിന്നുവരുന്ന വാഹനങ്ങള്‍ ബസ്സില്‍ നിന്ന് അഞ്ചു മീറ്റര്‍ അകലെയായി നിര്‍ത്തിയിടണം.

ഇരട്ട വരി പാതയിലാണ് സ്‌കൂള്‍ ബസ് നിര്‍ത്തിയിരിക്കുന്നതെങ്കില്‍ ബസ് പോവുന്ന ദിശയില്‍ വരുന്ന വാഹനങ്ങള്‍ അഞ്ചുമീറ്റര്‍ അകലെയായി നിര്‍ത്തണം. നിയമം ലംഘിക്കുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ആയിരം ദിര്‍ഹം പിഴയും ലൈസന്‍സില്‍ 10 ബ്ലാക്ക് പോയിന്റ് ചുമത്തുമെന്നും പോലീസ് അറിയിച്ചു.

നിയമലംഘനം കണ്ടെത്താന്‍ സ്‌കൂള്‍ ബസ്സുകളില്‍ ഈ വര്‍ഷം സപ്തംബറില്‍ അധികൃതര്‍ റഡാറുകള്‍ സ്ഥാപിച്ചിരുന്നു. സ്‌കൂള്‍ ബസ്സുകള്‍ കുട്ടികളെ കയറ്റാനും ഇറക്കാനുമായി സ്റ്റോപ്പുകളില്‍ നിര്‍ത്തുന്ന സമയത്ത് അബൂദബിയിലെ 17 ശതമാനം വാഹനങ്ങളും നിയമം ലംഘിക്കാറുണ്ടെന്ന് പഠനത്തില്‍ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സ്‌കൂള്‍ ബസ്സുകളില്‍ റഡാറുകള്‍ സജ്ജീകരിച്ചത്.

കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി സ്‌കൂള്‍ ബസ് നിര്‍ത്തുന്ന സമയത്ത് സ്റ്റോപ് സിഗ്‌നല്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കും പിഴ ചുമത്തുമെന്നും അധികൃതര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.



source https://www.sirajlive.com/abu-dhabi-police-urge-school-buses-to-stop-other-vehicles.html

Post a Comment

أحدث أقدم