ലക്നോ | ഉത്തർ പ്രദേശിൽ സമാജ് വാദി പാർട്ടി (എസ് പി)യും ബി ജെ പിയും തമ്മിൽ ഒത്തുകളിക്കുകയാണെന്ന് ബി എസ് പി മേധാവി മായാവതി. മഹാത്മാ ഗാന്ധി, സർദാർ വല്ലഭ്ഭായ് പട്ടേൽ, ജവഹർലാൽ നെഹ്‌റു, മുഹമ്മദാലി ജിന്ന എന്നിവരെ തുലനം ചെയ്ത് സംസാരിച്ച എസ് പി അധ്യക്ഷൻ അഖിലേഷ് യാദവിനെ ലക്ഷ്യം വെച്ചായിരുവന്നു മായാവതിയുടെ വിമർശം.
ജിന്നയെ കുറിച്ചുള്ള അഖിലേഷിന്റെ പരാമർശവും അതിനോടുള്ള ബി ജെ പിയുടെ പ്രതികരണവും ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു പാർട്ടികളും ഉണ്ടാക്കിയ ആസൂത്രണ തന്ത്രത്തിന്റെ ഭാഗമാണ്. സംസ്ഥാനത്തെ ഹിന്ദു- മുസ്്ലിം ബന്ധം വഷളാക്കുകയാണ് അവരുടെ ലക്ഷ്യം. എസ് പിയുടെയും ബി ജെ പിയുടെയും രാഷ്ട്രീയം പരസ്പര പൂരകമാണ്. രണ്ട് പാർട്ടികളുടെയും ചിന്തകൾ ജാതീയവും വർഗീയവുമായതിനാൽ, അവയുടെ നിലനിൽപ്പ് പരസ്പരം അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ടാണ് എസ് പി അധികാരത്തിലിരിക്കുമ്പോൾ ബിജെ പി ശക്തമാകുന്നതും ബി എസ് പി അധികാരത്തിലിരിക്കുമ്പോൾ ബി ജെ പി ദുർബലമാകുന്നതുമെന്ന് മായാവതി പറഞ്ഞു.
ഹർദോയിയിൽ സംഘടിപ്പിച്ച സർദാർ പട്ടേൽ 146ാം ജന്മവാർഷിക ആഘോഷത്തിൽ അഖിലേഷ് യാദവ് നടത്തിയ പ്രസംഗമാണ് മായാവതിയുടെ വിമർശത്തിന് ഇടയാക്കിയത്. സ്വാതന്ത്ര്യസമര പോരാളികളായ മഹാത്മാ ഗാന്ധി, സർദാർ വല്ലഭ്ഭായ് പട്ടേൽ, ജവഹർലാൽ നെഹ്‌റു എന്നിവർക്കൊപ്പം പാക്കിസ്ഥാൻ സ്ഥാപക നേതാവ് മുഹമ്മദാലി ജിന്നയെ ഉൾപ്പെടുത്തിയുള്ള അദ്ദേഹത്തിന്റെ പ്രസംഗം വിവാദമായിരുന്നു. “സർദാർ പട്ടേലും ഗാന്ധിയും നെഹ്‌റുവും ജിന്നയും ഒരേ സ്ഥാപനത്തിൽ പഠിച്ച് അഭിഭാഷകരായി. അവർ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടി. ഒരു സമരത്തിൽ നിന്നും അവർ പിന്മാറിയില്ല’- ഇതായിരുന്നു അഖിലേഷിന്റെ പ്രസംഗം.
ഇതിനെതിരെ ബി ജെ പി ഉൾപ്പെടെയുള്ള കക്ഷികൾ രംഗത്തെത്തി. തിരഞ്ഞെടുപ്പ് അടുക്കുന്പോൾ അഖിലേഷിന് താലിബാൻ മാനസികാവസ്ഥയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. അഖിലേഷ് ചരിത്രം പഠിക്കാൻ തയ്യാറാകണമെന്നായിരുന്നു എം ഐ എം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ പ്രതികരണം. ഈ പ്രസ്താവന ഒരു വിഭാഗം വോട്ടർമാരെ സന്തോഷിപ്പിച്ചേക്കാം. പക്ഷേ, അത് തെറ്റാണ്. തന്റെ ഉപദേശകനെ മാറ്റുന്നതാകും അഖിലേഷിന് നല്ലതെന്നും ഉവൈസി പരിഹസിച്ചു.
source https://www.sirajlive.com/akhilesh-39-s-controversial-speech-jinnah-controversy-burns-in-up.html
إرسال تعليق