വിശപ്പില്ലാത്ത ഇന്ത്യക്കായി സാമൂഹിക അടുക്കളകള്‍

സ്വാതന്ത്ര്യാനന്തര ഇന്ത്യ മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ജനങ്ങളില്‍ നല്ലൊരു വിഭാഗം ഇന്നും കൊടിയ ദാരിദ്ര്യത്തിലും പട്ടിണിയിലുമാണ്. ഐറിഷ് ജീവകാരുണ്യ സംഘടനയായ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മന്‍ സംഘടനയായ വെല്‍ത് ഹംഗര്‍ ലൈഫും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ ഗുരുതര പട്ടിണി സാഹചര്യങ്ങളുള്ള മുപ്പത് രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയത്. ആഗോള പട്ടിണി സൂചികയില്‍ 116 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 101ാം സ്ഥാനത്താണെന്ന് ഒരു മാസം മുമ്പ് പുറത്തുവിട്ട ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. “ഗരീബി ഹഠാവോ’ (ദാരിദ്ര്യം തുടച്ചുനീക്കൂ) ആയിരുന്നു 1971ലെ പൊതു തിരഞ്ഞെടുപ്പില്‍ അന്നത്തെ കേന്ദ്ര ഭരണ കക്ഷിയായ കോണ്‍ഗ്രസ്സിന്റെ മുദ്രാവാക്യം. പിന്നീട് വന്ന ഭരണാധികാരികളുടെയും മുഖ്യ വാഗ്ദാനമായിരുന്നു ദാരിദ്ര്യ നിര്‍മാര്‍ജനം. അതെല്ലാം പാഴ് വാക്കായി. ഇപ്പോഴും ദാരിദ്ര്യവും പട്ടിണിയും വ്യാപകം.

ഈ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ് രാജ്യത്ത് സമൂഹ അടുക്കളകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള നയം രൂപവത്കരിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം. ഇന്ത്യയില്‍ ഒരാളും പട്ടിണി മൂലം മരിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാറുകള്‍ക്ക് ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ടെന്നും സാമൂഹിക അടുക്കള നയം മൂന്നാഴ്ചക്കകം രൂപവത്കരിക്കണമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബഞ്ച് ചൊവ്വാഴ്ച കേന്ദ്രത്തിനു കര്‍ശന നിര്‍ദേശം നല്‍കുകയുണ്ടായി. ഇതിന്റെ മുന്നോടിയായി രണ്ടാഴ്ചക്കുള്ളില്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു ചേര്‍ക്കണം. കേരളമുള്‍പ്പെടെ നേരത്തേ തന്നെ സാമൂഹിക അടുക്കള പദ്ധതി നടപ്പാക്കിയ സംസ്ഥാന സര്‍ക്കാറുകളുടെ മാതൃക പരിഗണിച്ചാണ് കോടതിയുടെ അന്ത്യ ശാസനം. സംസ്ഥാനങ്ങളുമായി ആലോചിച്ച് ഇതിനൊരു നയം രൂപവത്കരിക്കണമെന്ന് ഒക്‌ടോബര്‍ 27ന് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും നയവും പദ്ധതിയുമില്ലാത്ത, നേരത്തേ സമൂഹ അടുക്കളകള്‍ നടപ്പാക്കിയ സംസ്ഥാനങ്ങള്‍ നല്‍കിയ വിവരങ്ങള്‍ മാത്രം അടങ്ങിയ ഒരു സത്യവാങ്മൂലമാണ് കേന്ദ്രം സമര്‍പ്പിച്ചത്. എങ്ങനെ പണം കണ്ടെത്തുമെന്നും നടപ്പാക്കുമെന്നും വ്യക്തമാക്കിയിരുന്നില്ല. ഇതിനെതിരെ രൂക്ഷ വിമര്‍ശമാണ് കോടതിയില്‍ നിന്നുണ്ടായത്. സംസ്ഥാനങ്ങള്‍ നല്‍കിയ വിവരങ്ങള്‍ പകര്‍ത്തി നല്‍കാനല്ല, അവ വിശകലനം ചെയ്ത് രാജ്യവ്യാപകമായി നടപ്പാക്കാവുന്ന ഒരു ഏകീകൃത നയം തയ്യാറാക്കാനാണ് ആവശ്യപ്പെട്ടതെന്നും കോടതി ഉണര്‍ത്തി.

കൊവിഡ് കാലത്ത് കേരളത്തില്‍ വിജയകരമായി പരീക്ഷിക്കപ്പെട്ട ഒരു സംവിധാനമാണ് സാമൂഹിക അടുക്കളകള്‍. ലോക്ക്ഡൗണും രോഗബാധയും അനുബന്ധ പ്രതിസന്ധികളും ജനങ്ങളില്‍ വലിയൊരു വിഭാഗത്തെ പട്ടിണിയിലേക്കും കടുത്ത ദാരിദ്ര്യത്തിലേക്കും തള്ളിവിട്ടപ്പോള്‍, മഹാമാരി മൂലം സംസ്ഥാനത്ത് ഒരാളും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെ കേരളത്തിലങ്ങോളമിങ്ങോളം സമൂഹ അടുക്കള ആരംഭിക്കുകയും പ്രതിദിനം 2.5 ലക്ഷം മുതല്‍ 2.8 ലക്ഷത്തോളം ഭക്ഷണപ്പൊതികള്‍ വിതരണം നടത്തുകയും ചെയ്തിരുന്നു. പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കിയ ഈ പദ്ധതിക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ആഴ്ചയില്‍ തന്നെ തുടക്കം കുറിച്ചു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തില്‍ വലിയ അടുക്കള നിയന്ത്രിച്ച് പരിചയമുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴിയും അവരുടെ ജനകീയ ഹോട്ടലുകള്‍ വഴിയുമായിരുന്നു ഭക്ഷണം പാകം ചെയ്തത്. സ്വന്തം അടുക്കളകളില്‍ ഭക്ഷണം പാകം ചെയ്യാന്‍ കെല്‍പ്പില്ലാതിരുന്ന വലിയൊരു വിഭാഗത്തിനും അതിഥി തൊഴിലാളികള്‍ക്കും സന്പർക്ക വിലക്കിൽ കഴിയുന്നവര്‍ക്കുമെല്ലാം കാരുണ്യത്തിന്റെയും പാരസ്പര്യത്തിന്റെയും അടയാളങ്ങളായി മാറി ഈ സമൂഹ അടുക്കളകള്‍. വിവിധ സന്നദ്ധ സംഘടനകളും സമ്പന്നരും ഉദാരമതികളും ഈ സംരംഭവുമായി നന്നായി സഹകരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഒരാളും ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കാന്‍ ഇടവരരുതെന്നും വീടില്ലാതെ പീടികത്തിണ്ണയിലും തെരുവുകളിലും കഴിയുന്നവര്‍ക്കും യാചകര്‍ക്കും ഭക്ഷണം ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഏറ്റവും പ്രധാനമാണ് ഭക്ഷണം. ലോക ഭക്ഷ്യ, കാര്‍ഷിക സംഘടനയുടെ നിര്‍വചന പ്രകാരം മുഴുവന്‍ ആളുകള്‍ക്കും അവരുടെ ആരോഗ്യകരമായ ജീവിതത്തിന് ഉതകുംവിധം ഹാനികരമല്ലാത്തതും പോഷക സമ്പുഷ്ടവുമായ ഭക്ഷ്യ ലഭ്യത ഉറപ്പു വരുത്തുന്നതാണ് ഭക്ഷ്യസുരക്ഷ. വിശപ്പില്ലാത്ത ലോകം സൃഷ്ടിക്കുകയാണ,് ഇന്ത്യക്കു കൂടി അംഗത്വമുള്ള ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന പദ്ധതികളില്‍ രണ്ടാമത്തേത്. ഭക്ഷ്യസുരക്ഷക്കായി പദ്ധതികള്‍ പലതും ആവിഷ്‌കരിച്ചിട്ടും രാജ്യത്ത് അത് ഉറപ്പു വരുത്താനായിട്ടില്ല. വിശപ്പില്ലാത്ത ഇന്ത്യയെന്നത് ഇന്നും പൂവണിയാത്ത സ്വപനമാണ്. കേന്ദ്ര സര്‍ക്കാര്‍ സമൂഹിക അടുക്കള വിഷയത്തില്‍ ഒരു പൊതുനയം ആവിഷ്‌കരിക്കുകയും കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്താല്‍ “വിശപ്പില്ലാത്ത ഇന്ത്യ’ യാഥാര്‍ഥ്യമാക്കാവുന്നതേയുള്ളൂ. രാഷ്ട്രീയ പക്ഷപാതിത്വവും സംസ്ഥാനങ്ങളെ വേര്‍തിരിച്ചു കാണുന്ന പ്രവണതയും ഒഴിവാക്കണമെന്നു മാത്രം. ഭരണ രംഗത്തെ ധൂര്‍ത്തിന് അറുതി വരുത്തിയാല്‍ ഇതിന്റെ പ്രവര്‍ത്തന ഫണ്ടിലേക്കാവശ്യമായ വിഹിതത്തിന്റെ നല്ലൊരു പങ്ക് കണ്ടെത്താനുമാകും. സന്നദ്ധ സംഘടനകളുടെയും ഉദാരമതികളുടെയും സഹായവും ഇക്കാര്യത്തില്‍ തേടാനാകും. രാജ്യത്തെ കോര്‍പറേറ്റ് കമ്പനികള്‍ ദശലക്ഷക്കണക്കിനു കോടികളാണ് ഓരോ വര്‍ഷവും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക ഉത്തരവാദിത്വ പദ്ധതികള്‍ക്കുമായി (സി എസ് ആര്‍) നീക്കിവെക്കുന്നത്. വിപ്രോ കമ്പനി ഉടമ അസീം പ്രേംജി 2019ല്‍ ഈ മേഖലയിലേക്ക് നീക്കി വെച്ചത് 53,000 കോടി രൂപ (വരുമാനത്തിന്റെ 35 ശതമാനം) യാണ്. ടാറ്റ ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം മാറ്റിവെച്ചത് ലാഭവിഹിതത്തിന്റെ 66 ശതമാനം വരും. ഭരണ നേതൃത്വങ്ങള്‍ ശ്രമിച്ചാല്‍ ഇതില്‍ നിന്ന് നല്ലൊരു വിഹിതം സാമൂഹിക അടുക്കള പദ്ധതികള്‍ക്ക് ലഭ്യമാക്കാവുന്നതാണ്.



source https://www.sirajlive.com/community-kitchens-for-a-hunger-free-india.html

Post a Comment

Previous Post Next Post