ഇടുക്കി | സ്പില്‍വേ വഴി വെള്ളം തുറന്ന് വിട്ടതിനൊപ്പം അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞതോടെ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് താഴ്ന്നു. 138.15 അടിയാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്. സ്പില്‍വേ വഴി പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് ചെറിയ തോതില്‍ കുറഞ്ഞു. സെക്കന്‍ഡില്‍ 2164 ഘനയടി വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുകുന്നത്. ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തമിഴ്‌നാട് അടച്ചതായാണ് വിവരം. കൂടുതല്‍ ഷട്ടറുകള്‍ അടക്കണമോയെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും.
അതിനിടെ സ്പില്‍വേ തുറന്നതിന് ശേഷമുള്ള മുല്ലപ്പെരിയാര്‍ ഡാമിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി രൂപീകരിച്ച ഉപസമിതി ഇന്ന് അണക്കെട്ട് പരിശോധിക്കും. രാവിലെ പത്ത് മണിയോടെയാണ് സംഘം അണക്കെട്ട് പരിശോധിക്കുക. കേന്ദ്ര ജലക്കമ്മീഷന്‍ എക്‌സികൂട്ടീവ് എഞ്ചിനീയര്‍ ശരവണ കുമാര്‍ അധ്യക്ഷനായ സമിതിയില്‍ ജലവിഭവ വകുപ്പിലെ എന്‍ എസ് പ്രസീദ്, ഹരികുമാര്‍ എന്നിവര്‍ കേരളത്തിന്റെ പ്രതിനിധികളും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ സാം ഇര്‍വിന്‍, കുമാര്‍ എന്നിവര്‍ തമിഴ്‌നാട് പ്രതിനിധികളുമാണ്.
source https://www.sirajlive.com/water-level-in-mullaperiyar-dam-drops-the-water-flow-decreased.html
Post a Comment