‘ഷോപ്പ് ഓണ്‍ വീല്‍’; ടെൻഡർ പൊതുജനങ്ങൾക്കും: കെ എസ് ആർ ടി സി

തിരുവനന്തപുരം | കെ എസ് ആര്‍ ടി സിയുടെ ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച “ഷോപ്പ് ഓണ്‍ വീല്‍’ പദ്ധതിയെക്കുറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ്. നിലവില്‍ മില്‍മ, കുടുംബശ്രീ എന്നീ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കാണ് പദ്ധതി അനുവദിച്ചിരിക്കുന്നത്. ഇനി കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ സ്ഥല ലഭ്യത അനുസരിച്ച് 300 ഓളം ബസുകള്‍ ഈ പദ്ധതികള്‍ക്കായി നല്‍കുമെന്നും പൊതുജനങ്ങള്‍ക്കും ടെന്‍ഡറില്‍ പങ്കെടുത്ത് പദ്ധതിയുടെ നടത്തിപ്പില്‍ പങ്കാളിയാകാമെന്നും കെ എസ് ആര്‍ ടി സി അറിയിച്ചു.

നിലവില്‍ മില്‍മ, കുടുംബശ്രീ എന്നിവരില്‍ നിന്നും ബസ് ഒന്നിന് രൂപമാറ്റം വരുത്തുന്നതിന് വേണ്ടി രണ്ട് ലക്ഷം രൂപയും മാസം മിതമായ വാടകയും വാങ്ങിയാണ് കഴിഞ്ഞ സെപ്തംബര്‍ മുതല്‍ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

ബസ് പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്തിന് പുറമെ മൂന്നടി സ്ഥലം കൂടിയാണ് പദ്ധതി പ്രകാരം നല്‍കിയിരിക്കുന്നത്. ഇതില്‍ കൂടുതല്‍ സ്ഥലം ആരെങ്കിലും ഉപയോഗിക്കുന്നുവെങ്കില്‍ അവരില്‍ നിന്ന് കരാര്‍ റദ്ദാക്കി സ്ഥലം തിരിച്ചുപിടിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

ഷോപ്പ് ഓണ്‍ വീല്‍സ് എന്നത് കെ എസ് ആര്‍ ടി സിയുടെ നവീന ആശയമായിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ ആരും ഇത് ഏറ്റെടുത്ത് നടത്താന്‍ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് നടപ്പാക്കിയത്.

അതിലൊന്നും കെ എസ് ആർ ‍ടി സി ചട്ടലംഘനം നടത്തിയിട്ടില്ല. ഇപ്പോള്‍ ഇതൊരു അവസരമായി കണ്ട് കേരളത്തിലുടനീളം എല്ലാ ഡിപ്പോകളിലും ബസ് ഇടാനുള്ള സ്ഥലം മാര്‍ക്ക് ചെയ്ത് പൊതു ജനങ്ങള്‍ക്കും കച്ചവടം നടത്താന്‍ താത്പര്യമുള്ളവര്‍ക്കും ടെന്‍ഡര്‍ ചെയ്തു കൊടുക്കാനാണ് തീരുമാനമെന്നും മാനേജ്‌മെന്റ് അറിയിച്ചു.



source https://www.sirajlive.com/quot-shop-on-wheels-39-tender-to-the-public-ksrtc.html

Post a Comment

Previous Post Next Post