അന്‍സിക്കും അഞ്ജനക്കും പിന്നാലെ അപകടത്തില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആഷിഖും മരിച്ചു

കൊച്ചി | കൊച്ചി പാലാരിവട്ടത്ത് മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജനയും മരിച്ച വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാക്കളില്‍ ഒരാള്‍ മരിച്ചു. തൃശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അശ്‌റഫിന്റെ മകന്‍ കെ എ മുഹമ്മദ് ആഷിഖാ (25)ണ് മരിച്ചത്. അപകടത്തില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്ന ആഷിഖ് ഇന്നലെ രാത്രിയാണ് മരിച്ചത്. ഇതോടെ ഈ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കാറോടിച്ചിരുന്ന മാള സ്വദേശി അബ്ദുല്‍ റഹ്‌മാനാണ് ഇനി ചികിത്സയിലുള്ളത്.

നവംബര്‍ ഒന്നിന് പുലര്‍ച്ചെയാണ് പാലാരിവട്ടം ചക്കരപ്പറമ്പിന് സമീപം ദേശീയപാതയില്‍ അപകടമുണ്ടായത്. വെറ്റില ഭാഗത്ത് നിന്ന് ഇടപ്പള്ളിയിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ടി മീഡിയനിലെ മരത്തില്‍ ഇടിച്ചായിരുന്നു അപകടം. ആറ്റിങ്ങല്‍ സ്വദേശിയായ അന്‍സിയുടെ ആകസ്മിക മരണത്തില്‍ അന്‍സിയുടെ മാതാവ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ടെക്‌നോപാര്‍ക്കിലെ ഇന്‍ഫോസിസില്‍ ജീവനക്കാരിയായിരുന്ന അന്‍സി വര്‍ഷങ്ങളായി മോഡലിംഗ് രംഗത്ത് സജീവമായിരുന്നു.

അന്‍സിക്കൊപ്പം നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് ആയുര്‍വേദ ഡോക്ടര്‍കൂടിയായ അഞ്ജന. 2019ലെ മിസ് കേരള മത്സരത്തില്‍ അന്‍സി ഒന്നാം സ്ഥാനവും അഞജന രണ്ടാം സ്ഥാനവും നേടി. 2021ലെ മിസ് സൗത്ത് ഇന്ത്യ ആയും അന്‍സി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.തിരുവനന്തപുരം ആലങ്കോട് അബ്ദുള്‍ കബീര്‍ – റസീന ബിവി ദമ്പതികളുടെ ഏക മകളാണ് അന്‍സി. തൃശ്ശൂര്‍ ആളൂരിലെ എ കെ ഷാജന്റെ മകളാണ് അഞ്ജന.

 

 



source https://www.sirajlive.com/aashiq-who-was-with-ansi-and-anjana-died-in-the-accident.html

Post a Comment

Previous Post Next Post