തൃശൂര്‍ | കുതിരാന്‍ ദേശീയ പാതയില്‍ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം. ഇത്തരം വാഹനങ്ങള്‍ക്ക് വൈകുന്നേരം 4 മുതല്‍ 8 വരെ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ആലോചന. കുതിരാന്‍ തുരങ്കത്തിന് സമീപം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. ഇരുവശത്തേക്കുമുള്ള വാഹനങ്ങള്‍ ഒന്നാം തുരങ്കത്തിലൂടെ കടത്തി വിട്ട് തുടങ്ങിയതോടെ കുതിരാനില്‍ ഗതാഗത കുരുക്ക് രൂക്ഷമായിരിക്കുകയാണ്.
കുതിരാനിലെ രണ്ടാം തുരങ്കത്തിലേക്കുള്ള റോഡ് നിര്‍മാണപ്രവര്‍ത്തികളുടെ ഭാഗമായാണ് ഗതാഗത പരിഷ്‌കരണം ഏര്‍പ്പെടുത്തിയത്. പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങളും തൃശൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങളും ഒന്നാം തുരങ്കത്തിലൂടെയാണ് കടന്ന് പോകുന്നത്. എന്നാല്‍ വൈകുന്നേര സമയങ്ങളില്‍ ട്രക്കുകള്‍ പോലുള്ള വലിയ വാഹനങ്ങള്‍ എത്തിയതോടെ ഗതാഗത കുരുക്ക് രൂക്ഷമാണ്. ഇത് പരിഹരിക്കാന്‍ എറണാകുളം, പാലക്കാട് ജില്ല കലക്ടര്‍മാറുമായി ചര്‍ച്ച നടത്താന്‍ തൃശൂര്‍ ജില്ല കലക്ടറോട് നിര്‍ദേശിച്ചുവെന്ന് റവന്യു മന്ത്രിയും സ്ഥലം എം എല്‍ എയുമായ കെ രാജന്‍ പറഞ്ഞു.
ഗതാഗത നിയന്ത്രണം അടുത്ത 3 മാസമെങ്കിലും തുടരും. അടുത്ത മാര്‍ച്ച് മാസത്തോടെ ദേശീയ പാത പൂര്‍ണമായും ഗതാഗത യോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. രണ്ടാം തുരങ്കം ജനുവരിയില്‍ തുറക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
source https://www.sirajlive.com/the-second-tunnel-will-open-in-january-removing-control-for-larger-vehicles-on-horseback.html
إرسال تعليق