ഇന്ത്യയില്‍ ഇനിയും എത്രകാലം സംഘ്പരിവാര്‍ അധികാരത്തില്‍ നിലനില്‍ക്കും എന്ന ചോദ്യത്തിന് തെളിഞ്ഞ ഉത്തരം കണ്ടെത്താന്‍ കഴിയുന്ന ഒരു തിരഞ്ഞെടുപ്പാണ് യു പിയില്‍ അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്. പ്രത്യക്ഷത്തില്‍ യോഗി-പ്രിയങ്ക പോരായി ദേശീയ മാധ്യമങ്ങള്‍ ആഘോഷിക്കുന്ന ഈ പോരാട്ടം ഒടുവില്‍ ബി ജെ പി-സമാജ് വാദി പാര്‍ട്ടി അങ്കമായി അവസാനിക്കാനാണ് സാധ്യത കൂടുതല്‍. ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് തോല്‍വിയിലേക്കുള്ള പാഠങ്ങള്‍ മാത്രം പഠിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്സും ബി എസ് പി യും 2024 ലെ പ്രതിപക്ഷ പ്രതീക്ഷകള്‍ക്ക് കൂടിയാണ് മങ്ങലേല്‍പ്പിക്കുന്നത്.
ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള ഷോട്ട്കട്ടാണ് യു പി. 403 നിയമസഭാ മണ്ഡലങ്ങളുള്ള യു പിയില്‍ നിന്ന് പാര്‍ലിമെന്റിലേക്ക് 80 ലോക്‌സഭാ മണ്ഡലങ്ങളും 31 രാജ്യസഭാ സീറ്റുകളുമുണ്ട്. മാത്രമല്ല ഈ തിരഞ്ഞെടുപ്പ് അങ്കത്തെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് പരിഗണിക്കപ്പെടുന്നത്. 2022ല്‍ വരാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുന്നതിലും നിര്‍ണായക പങ്ക് യു പിക്കുണ്ട്. അതുകൊണ്ട് തന്നെ വരും കാലത്തെ ദേശീയ രാഷ്ട്രീയം എങ്ങനെയായിരിക്കും എന്നതിന്റെ നിഴല്‍ ചിത്രമായിരിക്കും യു പി കരുതി വെക്കുന്നത്.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 312 സീറ്റുകള്‍ ഒറ്റക്ക് നേടിയായിരുന്നു യോഗി ആദിത്യനാഥ് അന്ന് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഒറ്റക്ക് മത്സരിച്ച മുന്‍ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും മായാവതിയുടെ ബി എസ് പിയും യഥാക്രമം 47,19 എന്ന രണ്ടക്കങ്ങളിലേക്ക് ചുരുങ്ങിയപ്പോള്‍ 114 സീറ്റുകളില്‍ ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസ്സ് ഏഴ് സീറ്റുകളിലേക്ക് ചുരുങ്ങി ഇല്ലാതാകുന്ന ദയനീയതയാണ് ബാക്കിയായത്. അന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വേറിട്ട് മത്സരിച്ചതായിരുന്നു ബി ജെ പിക്ക് വലിയ വിജയം കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട ഫാക്ടര്‍. യാദവ, മുസ്‌ലിം, ദളിത് മതേതര ഹിന്ദു വോട്ടുകളെല്ലാം വെവ്വേറെ പെട്ടികളിലെത്തിയപ്പോള്‍ ഹിന്ദുത്വ വോട്ടുകള്‍ കൃത്യമായി ബി ജെ പി അക്കൗണ്ടിലെത്തുകയും ചെയ്തു. മുസഫര്‍ നഗര്‍ കലാപവും പശുവിന്റെ രാഷ്ട്രീയവും രാമജന്മ ഭൂമി പ്രശ്‌നവുമൊക്കെ ഇന്ധനമായി സ്വീകരിച്ച് കൃത്യമായ വര്‍ഗീയ ധ്രുവീകരണം നടത്തി ഹിന്ദുത്വ വോട്ടുകള്‍ ഏകീകരിക്കുന്നതില്‍ ബി ജെ പി സമര്‍ഥമായി വിജയിക്കുകയും ചെയ്തു. വരും കാലത്ത് സംഘ്പരിവാറിന് ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് രംഗത്ത് എങ്ങനെ ഇടപെടണം എന്നതിന്റെ ടെക്സ്റ്റ് ബുക്ക് റഫറന്‍സായി കൂടി മാറിയ തിരഞ്ഞെടുപ്പായിരുന്നു അത്. തൊണ്ണൂറുകളില്‍ ബാബരി-രഥയാത്ര കാലത്ത് നേടിയതിനേക്കാള്‍ വലിയ അക്ഷരത്തില്‍ അടയാളം വെക്കാവുന്ന വിജയമായിരുന്നു യോഗിയുടേത്. ഇന്ത്യയില്‍ ഏറ്റവും വലിയ മുസ്‌ലിം ജനസംഖ്യയുള്ള സംസ്ഥാനമായിട്ട് കൂടി ഒരു മുസ്‌ലിം സ്ഥാനര്‍ഥിയെപ്പോലും നിര്‍ത്താതെ, 70 ശതമാനത്തോളം മുസ്‌ലിം ജനസംഖ്യയുള്ള ദയൂബന്ദ് അടക്കമുള്ള മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലടക്കം ബി ജെ പി പുറത്തെടുത്ത മിന്നുന്ന പ്രകടനം പ്രതിപക്ഷ വോട്ട് വിഭജനത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നതായിരുന്നു. 29,400 വോട്ടുകള്‍ക്കായിരുന്നു അന്ന് ദയൂബന്ദില്‍ ബി ജെ പി സ്ഥാനാര്‍ഥി ജയിച്ചു കയറിയത്.
ഇതേ രാഷ്ട്രീയ സാഹചര്യത്തില്‍ നിന്ന് വലിയ മാറ്റങ്ങള്‍ ഒന്നും യു പിയില്‍ ഇപ്പോഴും ഉണ്ടായിട്ടില്ല എന്നതാണ് വരുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പി പ്രതീക്ഷകള്‍ക്ക് കരുത്തു പകരുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ ഭരണവിരുദ്ധ വികാരം ബി ജെ പിക്ക് വലിയ നഷ്ടങ്ങള്‍ കൊണ്ടുവരുമെന്ന് വിശ്വസിക്കാനായിട്ടില്ല. അങ്ങനെ സംഭവിക്കുമായിരുന്നെങ്കില്‍ അത് 2017ല്‍ ഉണ്ടാകേണ്ടതാണ്. നോട്ട് നിരോധനത്താല്‍ പട്ടിണി കിടന്ന് മരിക്കുകയും എ ടി എമ്മുകളില്‍ വരി നിന്ന് അടി കൊള്ളുകയും ചെയ്ത കാലത്താണ് അവര്‍ മൃഗീയ ഭൂരിപക്ഷത്തില്‍ യോഗിയെ തിരഞ്ഞെടുത്തത് എന്നത് മറന്നു കൂടാ.
പ്രതിപക്ഷത്തിന് അല്‍പ്പമെങ്കിലും പ്രതീക്ഷ നല്‍കുന്നത് കര്‍ഷക സമരമാണ്. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി ജെ പി ശക്തികേന്ദ്രങ്ങളില്‍ സമാജ് വാദി പാര്‍ട്ടി നേടിയ വിജയവും പ്രതിപക്ഷ ക്യാമ്പിന് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളാണ്. ഹരിയാനയിലും പഞ്ചാബിലുമാണ് സമര രംഗത്തുള്ള കര്‍ഷകരില്‍ കൂടുതലെങ്കിലും മുസഫര്‍ നഗറില്‍ നടന്ന മഹാപഞ്ചായത്തും ലഖിംപുര്‍ ഖേരിയിലെ കര്‍ഷക കൂട്ടക്കൊലയുമൊക്കെ യു പിയിലും ചലനങ്ങള്‍ ഉണ്ടാക്കിയേക്കാം. അതിനെ ആശ്രയിച്ചായിരിക്കും ദേശീയ രാഷ്ട്രീയത്തില്‍ കര്‍ഷക സമരം എങ്ങനെ ഇടപെടുന്നു എന്ന് നിരീക്ഷിക്കാനാവുക. യു പിയില്‍ സമര രംഗത്തുള്ള കര്‍ഷകരില്‍ വലിയൊരു വിഭാഗം ജാട്ടുകളാണ്. ഇവരാണ് ബി ജെ പി ഭരണത്തില്‍ അസംതൃപ്തരായ വലിയ രാഷ്ട്രീയ വിഭാഗവും. പടിഞ്ഞാറന്‍ യു പിയിലെ നിയമസഭാ സീറ്റുകളില്‍ പകുതിയിലധികം വരുന്ന സീറ്റുകളില്‍ ജാട്ടുകള്‍ക്ക് ജയപരാജയത്തെ സ്വാധീനിക്കാനാകും. ഈ വോട്ടുകള്‍ കഴിഞ്ഞ തവണ ബി ജെ പിയുടെ പെട്ടിയില്‍ വീണതുമാണ്. ഇത്തവണ ഈ വോട്ടുകള്‍ സമാജ് വാദി പാര്‍ട്ടിയിലേക്ക് പോയാല്‍ അലിഗഢും ആഗ്രയും മഥുരയും സമ്പലും മുസഫര്‍ നഗറുമൊക്കെ ഉള്‍ക്കൊള്ളുന്ന പടിഞ്ഞാറന്‍ യു പിയില്‍ അത് ബി ജെ പിക്ക് വലിയ തിരിച്ചടിയാകും.
എന്നാല്‍ വര്‍ഗീയ രാഷ്ട്രീയത്തിന് ഏറ്റവും വളക്കൂറുള്ള പ്രദേശം കൂടിയാണിത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസഫര്‍ നഗര്‍ കലാപം ബി ജെ പിക്ക് നേട്ടമായി മാറിയതും ഈ ബെല്‍റ്റിലാണ്. ഇവിടെ 40-50 വരെ സീറ്റുകളുടെ ജയവും ജാട്ട് വോട്ടുകളിലൂടെയായിരുന്നു. ഇപ്പോഴും ലവ് ജിഹാദ് തടയാന്‍ എന്ന പേരില്‍ നടക്കുന്ന മുസ്‌ലിം ചെറുപ്പക്കാരുടെ ആസൂത്രിത അറസ്റ്റുകളും കസ്റ്റഡി മര്‍ദനങ്ങളും ഈ ലക്ഷ്യം സാധൂകരിക്കാനുള്ള ബി ജെ പിയുടെ തിരഞ്ഞെടുപ്പ് തന്ത്രമാണ്. മാത്രമല്ല ജാട്ട് രാജാവായിരുന്ന രാജാമഹേന്ദ്ര പ്രതാപിന്റെ പേരില്‍ ഇക്കഴിഞ്ഞ സെപ്തംബറില്‍ അലിഗഢില്‍ പ്രധാനമന്ത്രി തറക്കല്ലിട്ട പുതിയ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയും ജാട്ട് പ്രീണനം ലക്ഷ്യം വെച്ചുള്ള മറ്റൊരു തിരഞ്ഞെടുപ്പ് തന്ത്രമാണ്.
മോദിയുടെ കരിഷ്മയും കള്‍ട്ട് സ്റ്റാറ്റസുമൊക്കെ ഇപ്പോഴും കോട്ടം തട്ടാതെ നിലനില്‍ക്കുന്ന പ്രദേശമാണ് യു പി. തിരഞ്ഞെടുപ്പില്‍ യോഗിയേക്കാള്‍ വലിയ സ്വാധീനം മോദി-അമിത് ഷാ ധ്വന്ദത്തിന് ഇപ്പോഴുമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ അവതാരമായി ഹിന്ദു യുവവാഹിനിയുടെ മേല്‍വിലാസത്തില്‍ രംഗത്തെത്തിയ ഒരാള്‍ മാത്രമായിരുന്നു യോഗി. എന്നാലിന്ന് സംസ്ഥാനത്ത് വലിയ ആരാധകവൃന്ദമുള്ള രാഷ്ട്രീയ നേതാവായി യോഗി മാറിയിട്ടുണ്ട്. അഖിലേഷിനേക്കാള്‍ മെച്ചപ്പെട്ട ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് സ്ഥാപിക്കുന്നതിലും യോഗി വിജയിച്ചിട്ടുണ്ട്. മാത്രമല്ല വരാനിരിക്കുന്ന മോദി-യോഗി അധികാര വടംവലിയില്‍ യോഗിക്ക് കൂടുതല്‍ കരുത്തു സംഭരിക്കാനും സംഘ്പരിവാര്‍ പിന്തുണ ഉറപ്പാക്കാനും ഈ വിജയത്തിന് സാധിക്കും.
കര്‍ഷകരെ പ്രീതിപ്പെടുത്താന്‍ കരിമ്പിന്റെ വില ഉയര്‍ത്തിയതും പശുക്കള്‍ക്ക് ആംബുലന്‍സ് സംവിധാനം കൊണ്ടുവന്നതുമൊക്കെ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് നേട്ടം കൊണ്ടുവരാന്‍ സാധ്യതയുള്ള നീക്കങ്ങളാണ്. മുമ്പ് വ്യാപകമായി നടന്നിരുന്ന പശുമോഷണം ഇല്ലാതായതും ബി ജെ പി നന്നായി പ്രൊജക്ട് ചെയ്ത് അവതരിപ്പിക്കുന്നുണ്ട്. കര്‍ഷകര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് മോദി സര്‍ക്കാറിന്റെ കാര്‍ഷിക പദ്ധതികളെ പരിചയപ്പെടുത്താന്‍ ഗ്രാസ് റൂട്ട് ലെവലില്‍ തന്നെ പ്രത്യേകം സ്‌ക്വാഡ് രൂപവത്കരിച്ച് കര്‍ഷകരെ കൂടെ നിര്‍ത്താനും പാര്‍ട്ടി പ്രത്യേക പ്ലാന്‍ തയ്യാറാക്കി നടപ്പാക്കുന്നുണ്ട്. കര്‍ഷക സമരത്തിലേക്ക് വണ്ടി ഇടിച്ചു കയറ്റിയ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ അറസ്റ്റും കര്‍ഷക കോപം ഭയന്നുള്ളതാണെന്ന് ഉറപ്പിച്ചു പറയാം.
അതേസമയം, ഇതിന് ഒരു ബദല്‍ പദ്ധതിയോ കൗണ്ടര്‍ പ്രൊജക്ടോ പ്രതിപക്ഷത്തിന് ഇല്ല എന്നതാണ് വസ്തുത. അഖിലേഷ് കുറേകൂടി നല്ല രാഷ്ട്രീയം സംസാരിക്കുന്നുണ്ട്. പക്ഷേ പ്രിയങ്കാ ഗാന്ധി രാഹുല്‍ ഗാന്ധിയുടെ സോഷ്യലിസ്റ്റ് ലൈനില്‍ നിന്ന് പൂര്‍ണമായും വ്യതിചലിച്ചാണ് മുന്നോട്ട് പോകുന്നത്. തീവ്രഹിന്ദുത്വ വോട്ടുകള്‍ കൂടി പിടിക്കാനുള്ള ഹിന്ദുത്വ പ്രീണന നയങ്ങളാണ് പ്രിയങ്കയുടേത്. യു പിയിലെ റാലിയില്‍ ദുര്‍ഗാ മന്ത്രം ചൊല്ലി തുടങ്ങുന്ന പ്രിയങ്ക, ബി ജെ പിക്ക് ബദലാകുന്നതിന് പകരം ബി ജെ പിയാകാനാണ് മത്സരിക്കുന്നത്. ഇത് കോണ്‍ഗ്രസ്സിന്റെ ന്യൂനപക്ഷ വോട്ട് ബേങ്കില്‍ ചോര്‍ച്ചയുണ്ടാക്കും. ലഖിംപൂര്‍ പ്രശ്‌നത്തിലൂടെ പൊട്ടിത്തെറിച്ച് രംഗത്തുവന്ന പ്രിയങ്ക ഇപ്പോള്‍ ഒരു സ്റ്റാര്‍ഡം ക്രിയേറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ അത് എത്ര കാലം അവര്‍ക്ക് നിലനിര്‍ത്താനാകും എന്നത് ഒരു ചോദ്യചിഹ്നമാണ്. മായാവതിയുടെ രാഷ്ട്രീയ ഭാവി തന്നെ തീരുമാനിക്കപ്പെടാവുന്ന ഒരു തിരഞ്ഞെടുപ്പായി ഇത് മാറിയേക്കാം. അത്രമേല്‍ ദയനീയമാണ് മായാവതിയുടെ ഇപ്പോഴത്തെ രാഷ്ട്രീയം.
ഇവിടെ ഇനി വിജയ സാധ്യതയുള്ള ഒരു ബദല്‍ മതേതര പ്രതിപക്ഷ കക്ഷികളുടെ ഒരു സഖ്യമാണ്. കോണ്‍ഗ്രസ്സ്, എസ് പി, ബി എസ് പി ത്രികക്ഷി സഖ്യം രൂപപ്പെടേണ്ടത് യു പിയുടെ മാത്രം ആവശ്യമല്ല. സംഘ്പരിവാറിനെ പ്രതിരോധിക്കാനും ഇന്ത്യയെ തിരിച്ചു പിടിക്കാനും ഈ മോഡല്‍ രാജ്യത്തെമ്പാടും സ്വീകരിക്കേണ്ടതുണ്ട്. യാദവ വോട്ടുകള്‍ക്കൊപ്പം ദളിത്-മുസ്‌ലിം വോട്ടുകളും കോണ്‍ഗ്രസ്സിന് ലഭിച്ചിരുന്ന ഹിന്ദു വോട്ടുകളും കൂടി ഒരു പെട്ടിയില്‍ വീണാല്‍ മാത്രമേ യു പിയില്‍ ഇനിയൊരു മാറ്റം സംഭവിക്കാന്‍ സാധ്യതയുള്ളൂ. അഖിലേഷ് യാദവ് നില മെച്ചപ്പെടുത്തും എന്നല്ലാതെ ഇപ്പോഴത്തെ സാഹചര്യത്തില്‍ യു പിയില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
source https://www.sirajlive.com/is-congress-determined-to-lose.html
إرسال تعليق