ബെംഗളൂരു | കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകത്ത് വ്യപിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെ അതിര്‍ത്തിയില്‍ പരിശോധന വീണ്ടും ശക്തമാക്കി കര്‍ണാടക. ദേശീയപാത-66 തലപ്പാടിയില്‍ കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നു. ആര്‍ ടി പി സി ആര്‍ പരിശോധനയില്ലാത്തവരെ സംസ്ഥാനത്തേക്ക് കടത്തിവിടുന്നില്ല. ഇത്തരത്തില്‍ എത്തുന്നവരെ അതിര്‍ത്തിയില്‍ പരിശോധിക്കാന്‍ വേണ്ട ക്രമീകരണം നടത്തി. നിത്യേനെയുളള യാത്രക്കാര്‍ 16 ദിവസത്തിലൊരിക്കല്‍ നടത്തിയ ആര്‍ ടി പി സിആര്‍ പരിശോധനയുടെ റിപ്പോര്‍ട്ട് കൈയില്‍ കരുതണമെന്ന് കര്‍ണാടക മുന്നറിയിപ്പ് നല്‍കി.
കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും വരുന്നവര്‍ക്കാണ് കര്‍ണാടക പരിശോധന കര്‍ശനാമാക്കിയിട്ടുളളത്. ആര്‍ ടി പി സിആര്‍ നെഗറ്റീവായ യാത്രക്കാര്‍ക്ക് മാത്രമാണ് കര്‍ണാടക ആര്‍ടിസിയുടെ മംഗളൂരു ബസില്‍ യാത്ര ചെയ്യാനുളള അനുമതി. ഇത് ഉറപ്പുവരുത്താനും ബസ് ജീവനക്കാര്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ണാടകയില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ 16 ദിവസത്തിലൊരിക്കല്‍ ആര്‍ ടി പി സിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കേരളത്തില്‍ നിന്ന് അവധി കഴിഞ്ഞു വരുന്നവരും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
അതേസമയം, ചികിത്സക്ക് വരുന്ന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ ആയിരിക്കും പരിശോധനയെന്ന് ദക്ഷിണ കന്നഡ ജില്ലാ കലക്ടര്‍ ഡോ കെവി രാജേന്ദ്ര വ്യക്തമാക്കി. മംഗളൂരു സെന്‍ട്രല്‍, മംഗളൂരു ജംങ്ഷന്‍ റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ പരിശോധന കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് കേരളത്തില്‍ നിന്ന് ഭക്തര്‍ എത്തുന്നതിനാല്‍ ഉഡുപ്പി, ബൈന്ദൂര്‍ റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
source https://www.sirajlive.com/omikron-karnataka-tightens-restrictions-on-border-again.html
إرسال تعليق