കൊച്ചി വിമാനത്താവളത്തിന്റെ ജൈവകൃഷി 20 ഏക്കറിലേക്ക്

നെടുമ്പാശ്ശേരി | ലോകത്തെ ആദ്യ സമ്പൂർണ സൗരോർജ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ജൈവകൃഷി പുതിയ നേട്ടത്തിലേക്ക്. ഭക്ഷ്യ സൗരോർജ ഉത്പാദന മാർഗങ്ങൾ സമന്വയിപ്പിക്കുന്ന “അഗ്രോവോൾട്ടായ്ക്’ കൃഷി രീതിയിലൂടെ സിയാലിന്റെ ജൈവകൃഷി 20 ഏക്കർ വിസ്തൃതിയിലേക്ക് വ്യാപിച്ചു. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ അഗ്രോ വോൾട്ടായ്ക് കൃഷിസ്ഥലങ്ങളിലൊന്നായി സിയാലിന്റെ “സൗരപ്പാടം’ മാറി. കൊച്ചി വിമാനത്താവള പരിസരത്ത് എട്ട് സൗരോർജ പ്ലാന്റുകളാണ് സിയാലിനുള്ളത്. ഇവയിൽ ഏറ്റവും വലിയ പ്ലാന്റ് കാർഗോ ടെർമിനലിനടുത്താണ്. 45 ഏക്കറാണ് വിസ്തൃതി. ഇവിടെ സോളാർ പി വി പാനലുകൾക്കിടയിൽ ജൈവകൃഷി സിയാൽ പരീക്ഷണാടിസ്ഥാനത്തിൽ നേരത്തേ തുടങ്ങിയിരുന്നു. ഒരേ സ്ഥലത്ത് നിന്ന് കൂടുതൽ വിളവും കാര്യക്ഷമതയും സൗരോർജ ഉത്പാദനവും സാധ്യമാക്കാനുള്ള അഗ്രോ വോൾട്ടായ്ക് കൃഷി രീതി വ്യാപിപ്പിക്കാൻ കഴിഞ്ഞ ജൂലൈയിലാണ് ശ്രമം തുടങ്ങിയത്. മത്തൻ, പാവക്ക ഉൾപ്പെടെയുള്ള വിളകളാണ് നേരത്തേ കൃഷി ചെയ്തിരുന്നത്.

ചേന, അച്ചിങ്ങ, മുരിങ്ങ, മലയിഞ്ചി, മഞ്ഞൾ, കാബേജ്, കോളിഫ്ലവർ, മുളക് തുടങ്ങിയവയാണ് നിലവിൽ കൃഷി ചെയ്യുന്നത്. സൗരോർജ പാനലുകൾക്കിടയിലുള്ള സൂക്ഷ്മാന്തരീക്ഷത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ ഇവക്കാകും. ഇതിനൊപ്പം അഗ്രോവോൾട്ടായ്ക്ക് രീതി അനുശാസിക്കുന്ന ജലസേചനവും പരീക്ഷിച്ചു. ഈ മാസം ആദ്യവാരത്തോടെ അഗ്രോവോൾട്ടായ്ക് രീതി 20 ഏക്കറിലേക്ക് വ്യാപിപ്പിക്കാനായി. ഇതുവരെ 80 ടൺ ഉത്പന്നങ്ങൾ ലഭിച്ചു. സൗരോർജ പാനലുകൾ കഴുകാനുപയോഗിക്കുന്ന വെള്ളം കൃഷിക്കായി ഉപയോഗിക്കും. പെട്ടെന്ന് വളരുന്ന തരം ചെടികളായതിനാൽ മണ്ണൊലിപ്പ് തടയാനുമായി. കളകൾ വ്യാപിക്കുന്നത് ചെറുക്കാനായതാണ് മറ്റൊരു നേട്ടം.

അഗ്രികൾച്ചറൽ ഫോട്ടോവോൾട്ടെയ്ക്‌സ് അഥവാ അഗ്രിവോൾട്ടായിക് രീതിയിലൂടെ സൗരോർജോത്പാദന കാർഷിക മേഖലക്ക് വലിയ അവസരമാണ് തുറന്നുകിട്ടുന്നതെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു. വിമാനത്താവളത്തിലുള്ള പ്ലാന്റുകളുടെ മൊത്തം സ്ഥാപിത ശേഷി 40 മെഗാവാട്ടാണ്. പ്രതിദിനം 1.6 ലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇതിലൂടെ ലഭിക്കുക. വിമാനത്താവളത്തിന്റെ പ്രതിദിന വൈദ്യുതി ഉപഭോഗം 1.3 ലക്ഷം യൂനിറ്റാണ്.



source https://www.sirajlive.com/organic-farming-of-kochi-airport-to-20-acres.html

Post a Comment

Previous Post Next Post