കോഴിക്കോട് | പരമ്പരാഗത വിശ്വാസികളല്ലാത്തവർക്കും മത നിഷേധികൾക്കും നിയമനം നൽകരുതെന്ന വഖ്ഫ് ബോർഡ് ചട്ടം തിരുത്തിയത് 2016ൽ. 1965 മുതലുള്ള വഖ്ഫ് ബോർഡിലെ വ്യവസ്ഥകൾ രണ്ടാം ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് പി കെ കുഞ്ഞാലിക്കുട്ടി വഖ്ഫ് മന്ത്രിയായിരിക്കെയാണ് മാറ്റം വരുത്തിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു.
വഖ്ഫ് ബോർഡിന്റെ ഉയർന്നതോ താഴ്ന്നതോ ആയ തസ്തികകളിൽ അമുസ്‌ലിംകളെയോ മില്ലത്ത് അംഗീകരിക്കാത്തവരെയോ (പാരമ്പര്യം അംഗീകരിക്കാത്തവർ) ദൈവനിഷേധികളായ ജീവനക്കാരെയോ സ്വതന്ത്ര ചിന്തകരെയോ നിയമിക്കരുതെന്നാണ് 1965ലെ കേരളാ വഖ്ഫ് ബോർഡിന്റെ നിയമങ്ങളിലും ചട്ടങ്ങളിലും നിർദേശിക്കുന്നത്. 1954ൽ നിലവിൽ വന്ന സെൻട്രൽ വഖ്ഫ് ആക്ട് പ്രകാരം 61 ലാണ് ബോർഡ് രൂപവത്കരിച്ചത്. ശേഷം 1965ലായിരുന്നു നിയമങ്ങളും ചട്ടങ്ങളും നിലവിൽ വന്നത്. 1965 മെയ് 11ന് ഇറക്കിയ ഉത്തരവിലെ ഉദ്യോഗസ്ഥരുടെയും മറ്റ് ജീവനക്കാരുടെയും നിയമനങ്ങൾക്കുള്ള വ്യവസ്ഥകൾ എന്ന ഭാഗത്താണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്. പോയിന്റ് രണ്ടിലെ നാലാമത്തെ ഖണ്ഡികയായാണ് പരാമർശം.
പിന്നീട് 2016ൽ വഖ്ഫ് ആക്ട് പുതുക്കിക്കൊണ്ട് ഇറക്കിയ ഉത്തരവിൽ ഈ നിർദേശങ്ങൾ പൂർണമായും ഒഴിവാക്കുകയും പകരം നിയമനത്തിന് മുസ്‌ലിമാവുക എന്ന വ്യവസ്ഥ മാത്രം മതിയെന്ന് നിർദേശിക്കുകയുമായിരുന്നു. 2016 ജനുവരി 27നാണ് സർക്കാർ ഓർഡർ (എം എസ്) നമ്പർ 58/ 2016/ ആർ ഡി പ്രകാരം ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. റിക്രൂട്ട്‌മെന്റ് ഓഫ് ഓഫീസേഴ്‌സ് ആൻഡ് എംപ്ലോയീസ് എന്ന ചാപ്റ്റർ നാലിൽ അഞ്ചാം നമ്പർ പോയിന്റായാണ് പരാമർശം.
വഖ്ഫ് ബോർഡ് നിയമനങ്ങൾ പി എസ് സി വഴിയാക്കണമെന്ന സർക്കാർ നിർദേശത്തോട് മുസ്‌ലിം ലീഗ് കടുത്ത എതിർപ്പ് പുലർത്തുന്ന സാഹചര്യത്തിൽ വഖ്ഫ് ബോർഡിന്റെ പഴയ നിർദേശങ്ങളും 2016ലെ പുതുക്കിയ നിർദേശങ്ങളും കൂടുതൽ ചർച്ചയാവുകയാണ്. നിയമനം പി എസ് സിക്ക് വിടുന്നതിലൂടെ മുസ്‌ലിം പേരുകളുള്ള ദൈവ നിഷേധികൾ വഖ്ഫ് ബോർഡിന്റെ ഉദ്യോഗസ്ഥ തലങ്ങളിൽ കടന്നു വരാനിടയുണ്ടെന്നാണ് മുസ്‌ലിം ലീഗ് മുഖ്യമായി ഉയർത്തുന്ന വാദം. എന്നാൽ, നേരത്തേ ഇത്തരത്തിൽ ദൈവ നിഷേധികൾ ഉദ്യോഗസ്ഥരായി ഉണ്ടാകരുതെന്ന കടുത്ത നിർദേശം ബോർഡിന്റെ ചട്ടങ്ങളിൽ നിന്ന് ഒഴിവാക്കിയത് ലീഗ് ഭരണകാലത്താണെന്നത് വിവാദമാവുകയാണ്. കൂടാതെ, കേരളത്തിൽ വഖ്ഫ് ബോർഡിന്റെ മുഖ്യ വരുമാനം സുന്നി സ്ഥാപനങ്ങളിൽ നിന്നാണെന്നിരിക്കെ പൊതു മുസ്‌ലിം ധാരയെ അംഗീകരിക്കാത്തവർക്ക് നിയമനം നൽകരുതെന്ന പരാമർശവും എടുത്ത് മാറ്റിയത് വഴി പുത്തൻ ആശയക്കാർക്ക് അനുകൂല സമീപനം സ്വീകരിക്കുകയായിരുന്നുവെന്നും വ്യക്തം. കൂടാതെ, 1965 മുതൽ 2016 വരെയുള്ള കാലയളവിൽ നടന്ന നിയമനങ്ങളിൽ ഇത്തരക്കാർ കയറിക്കൂടിയിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടി വന്നേക്കും.
source https://www.sirajlive.com/waqf-board-rules-amended-in-2016-changed-by-the-udf-government.html
إرسال تعليق