ഒമിക്രോൺ; റിസ്‌ക് രാജ്യങ്ങളിൽ നിന്ന് എത്തിയത് 4,407 പേർ; കപ്പൽമാർഗം എത്തുന്നവർക്കും പരിശോധന

കൊച്ചി | എറണാകുളം സ്വദേശിക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കും. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ ജീവനക്കാരെ നിയോഗിക്കും. 12 റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ പരിശോധനക്ക് വിധേയമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ കഴിഞ്ഞ മാസം 28 മുതൽ കൊച്ചി വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നാല് ടീമുകളിലായി 24 ജീവനക്കാരെയാണ് വിമാനത്താവളത്തിൽ നിയോഗിച്ചത്. ഇനി 12 പേരെ കൂടി അധികമായി നിയോഗിക്കും.

വിമാനത്താവളത്തിലെ ജീവനക്കാരായ എട്ട് പേരെയും പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്. ഇവിടെയെത്തുന്നവർക്ക് റാപിഡ് ടെസ്റ്റും ആർ ടി പി സി ആർ പരിശോധനയുമാണ് ഇപ്പോൾ നടത്തുന്നത്. ഇത് യാത്രക്കാർക്ക് തിരഞ്ഞെടുക്കാം. റാപിഡ് ടെസ്റ്റിന്റെ ഫലം 40 മിനുട്ടിന് ശേഷവും ആർ ടി പി സി ആർ ഫലം മൂന്ന് മണിക്കൂറിന് ശേഷവും അറിയാനാകും. ഫലം അറിഞ്ഞ ശേഷമായിരിക്കും യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിയുക. പോസിറ്റീവ് ആകുന്നവരെ ആശുപത്രിയിലേക്കും നെഗറ്റീവ് ആകുന്നവരെ വീട്ടിൽ നിരീക്ഷണത്തിലേക്കും അപ്പോൾ തന്നെ മാറ്റും. വീട്ടിൽ നിരീക്ഷണത്തിലുള്ളവർ എട്ടാം ദിവസം പരിശോധന നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. അതേസമയം, റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ള 4,407 യാത്രക്കാരാണ് ഇതുവരെ കൊച്ചിയിൽ എത്തിയതെന്ന് അധികൃതർ അറിയിച്ചു. ഇതിൽ പത്ത് പേരാണ് കൊവിഡ് പോസിറ്റീവായത്. ഇവരിൽ ഒരാൾക്ക് മാത്രമാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്.

കപ്പൽമാർഗം കൊച്ചി തുറമുഖത്തെത്തുന്നവർക്കും പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അമ്പലമുഗളിലെ കൊവിഡ് ആശുപത്രിയിൽ 100 ബെഡുകൾ സജ്ജമാക്കാനും തീരുമാനമായി. ഇവ ക്യുബിക്കുകളാക്കി ക്രമീകരിക്കും. സ്വകാര്യ മേഖലയിൽ 150 ബെഡുകളും സജ്ജമാക്കും. ആകെ 250 ബെഡുകളാണ് ക്രമീകരിക്കുക. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി പിരാജീവിന്റെ അധ്യക്ഷതയിൽ ഇന്നലെ കൊച്ചിയിൽ പ്രത്യേക യോഗം ചേർന്നു.



source https://www.sirajlive.com/omicron-4407-came-from-risk-countries-checking-for-those-arriving-by-ship.html

Post a Comment

أحدث أقدم