ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം; ആസൂത്രിതവും സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചനയും എന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം | പത്തനംതിട്ട തിരുവല്ലയില്‍ സി പി ഐ എം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം ആസൂത്രിതമെന്ന് സി പി ഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. നടന്നത് ക്രൂരമായ കൊലപാതകം. പാര്‍ട്ടിയുടെ ജനകീയനായ പ്രവര്‍ത്തകനെയാണ് അരുംകൊല ചെയ്തിരിക്കുന്നത്. അങ്ങേയറ്റം പ്രതിഷേധാത്മകമായ അക്രമ സംഭവം ആണിത്. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍ എസ് എസ് ഗുഢാലോചനയുടെ ഭാഗമാണിതെന്നും വിജയരാഘവന്‍ പ്രതികരിച്ചു.

ആര്‍ എസ് എസിന്റെ കൊലപാതക രാഷ്ട്രീയത്തിന് എതിരായി ശക്തമായ പ്രതിഷേധം ഉയരണം. കടുത്ത അമര്‍ഷവും അനുശോചനവും രേഖപ്പെടുത്തുകയാണ്. ഒരുപാട് അക്രമ പ്രവര്‍ത്തനങ്ങളെ അതിജീവിച്ചാണ് സി പി ഐ എം പ്രവര്‍ത്തിച്ച് പോരുന്നത്. സമാധാനമാണ് എല്ലാ കാലത്തും സി പി ഐ എം ആഗ്രഹിക്കുന്നത്. ആര്‍ എസ് എസിന്റെ കൊലക്കത്തിക്ക് മുന്നില്‍ കീഴടങ്ങാത്ത പ്രസ്താനമാണ് സി പി ഐ എം എന്ന് കാലം തെളിയിച്ചിട്ടുണ്ട്. ഇത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് എതിരായി എല്ലാ വിഭാഗം ജനങ്ങളും പ്രതിഷേധം രേഖപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അരുംകൊല രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ അണിനിരക്കണം. പത്തനംതിട്ട ജില്ലയില്‍ ബി ജെ പി വിട്ട് ധാരാളം ആളുകള്‍ ഇടത് പക്ഷത്തോട് അടുക്കുകയാണ്. സംഭവം നടന്ന പ്രദേശത്തും കൂടുതല്‍ ആളുകള്‍ ബി ജെ പി വിട്ട് ഇടത് പക്ഷത്തോട് അടുക്കുന്നുണ്ട്. ഇതിലുള്ള വിരോധവും സന്ദീപിനെപ്പോലുള്ള പ്രവര്‍ത്തകര്‍ എടുക്കുന്ന മുന്‍കൈയും സംഘ് പരിവാറിനെ അലോസരപ്പെടുത്തുന്നുണ്ട്. അതിനാല്‍, ഗൂഢാലോചനയുടെ ഭാഗമായി സന്ദീപിനെ സംഘം ചേര്‍ന്ന് കൊലപ്പെടുത്തയതാണ് എന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.



source https://www.sirajlive.com/murder-of-local-secretary-a-vijayaraghavan-called-it-a-planned-and-conspiracy-to-destroy-the-atmosphere-of-peace.html

Post a Comment

أحدث أقدم