വിയോജിപ്പുകളെ പ്രതിരോധിക്കാൻ അച്ചടക്കത്തിന്റെ വാൾ

ജനാധിപത്യവിരുദ്ധവും സ്വേച്ഛാപരവുമായ രീതിയിലാണ് അടുത്ത കാലത്തായി പാർലിമെന്റിനെ മോദി സർക്കാർ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ബില്ലിന് ചർച്ച അനുവദിക്കാതിരിക്കുകയും രാജ്യസഭയിൽ നിന്ന് 12 എം പിമാരെ പുറത്താക്കുകയും ചെയ്ത നടപടികൾ. ഒരു വർഷം നീണ്ട കർഷക സമരത്തിനൊടുവിൽ ഗത്യന്തരമില്ലാതെ വിവാദ ബില്ലുകൾ സർക്കാർ പിൻവലിക്കാൻ സന്നദ്ധമായത് സ്വാഗതാർഹമാണെങ്കിലും താങ്ങുവിലക്കുള്ള നിയമ പരിരക്ഷ, മരിച്ച കർഷകരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം തുടങ്ങി കർഷകർ മുന്നോട്ടു വെച്ച ആവശ്യങ്ങൾ വേറെയുമുണ്ട്. ഇക്കാര്യങ്ങളും നിത്യോപയോഗ സാധനങ്ങളുടെ കുതിച്ചുയരുന്ന വിലവർധന ഉൾപ്പെടെയുള്ള ജനകീയ പ്രശ്‌നങ്ങളും പാർലിമെന്റിൽ അവതരിപ്പിക്കാൻ പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചതായിരുന്നു.

ഈ വിഷയങ്ങൾ ചർച്ചക്കു വന്നാൽ ഭരണപക്ഷം വെള്ളം കുടിക്കുമെന്നു മനസ്സിലാക്കിയായിരിക്കണം സഭാധ്യക്ഷന്മാർ ചർച്ചക്കു അവസരം നിഷേധിച്ചത്. സഭാ നടപടികൾ നിർത്തി ഇക്കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷാംഗങ്ങൾ അവതരിപ്പിച്ച അടിയന്തര പ്രമേയം തള്ളുകയും ചെയ്തു. ഭരണകക്ഷിയുടെ സ്വേച്ഛാപരമായ നിലപാടിനെതിരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നതിനിടെയാണ് ലോക്‌സഭയിൽ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ കാർഷിക നിയമം റദ്ദാക്കൽ ബിൽ അവതരിപ്പിച്ചതും അതിവേഗം ശബ്ദവോട്ടോടെ പാസ്സാക്കിയതും. ബിൽ അവതരിപ്പിക്കാനും പാസ്സാക്കാനും എടുത്തത് കേവലം നാല് മിനുട്ട് മാത്രം. “പാർലിമെന്റിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ഏത് വിഷയവും ചർച്ച ചെയ്യാൻ തയ്യാറാണ്. എല്ലാ ചോദ്യങ്ങൾക്കും സർക്കാറിന് ഉത്തരമുണ്ട്’ എന്നായിരുന്നു ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായുള്ള സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടിരുന്നത്. ഇത് പാഴ്‌വാക്കായി.

ബിൽ രാജ്യസഭയിൽ വന്നപ്പോഴും പ്രതിപക്ഷം പ്രതിഷേധിച്ചു. അവിടെയും രണ്ട് മണിക്ക് സമ്മേളിച്ച സഭ ബിൽ അവതരണവും പാസ്സാക്കലുമെല്ലാം പെട്ടെന്നു തീർത്ത് ഒമ്പത് മിനുട്ടിനകം പിരിയുകയായിരുന്നു. തുടർന്ന് സഭ വീണ്ടും മൂന്ന് മണിക്ക് ചേർന്നപ്പോഴാണ് കഴിഞ്ഞ കാല സമ്മേളനത്തിലെ നടപടികളുടെ പേരിൽ കേരളത്തിൽ നിന്നുള്ള എളമരം കരീം, ബിനോയ് വിശ്വം ഉൾപ്പെടെ 12 എം പിമാരെ ശീതകാല സമ്മേളനത്തിന്റെ ബാക്കി ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തതായി അറിയിച്ചത്. കഴിഞ്ഞ രാജ്യസഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ ആഗസ്റ്റ് പതിനൊന്നിന് പ്രതിപക്ഷ എം പിമാർ പെഗാസസ്, ജനറൽ ഇൻഷ്വറൻസ് ഭേദഗതി, കാർഷിക ബിൽ തുടങ്ങിയ സർക്കാർ നടപടികൾക്കെതിരെ നടത്തിയ ശക്തമായ പ്രതിഷേധത്തിന്റെ പേരിലായിരുന്നു ഈ നടപടി. സഭയുടെ അന്തസ്സിന് നിരക്കാത്ത നിലയിലും അച്ചടക്കമില്ലാതെയുമാണ് അംഗങ്ങൾ സഭയിൽ പെരുമാറിയതെന്നാണ് പുറത്താക്കലിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരു സമ്മേളനത്തിലെ പ്രശ്നത്തിന്റെ പേരിൽ മറ്റൊരു സമ്മേളനത്തിൽ നിന്ന് പൂർണമായി സസ്പെൻഡ് ചെയ്യുന്നത് പാർലിമെന്റിന്റെ ചരിത്രത്തിൽ ആദ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചട്ടവിരുദ്ധമാണ് സഭാധ്യക്ഷന്റെ ഈ നടപടിയെന്നാണ് ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പി ഡി ടി ആചാരിയുടെ പക്ഷം. പുറത്താക്കപ്പെട്ട എം പിമാർ മാപ്പ് പറയുമെന്ന കണക്കു കൂട്ടലിലായിരുന്നു സ്പീക്കറും ഭരണപക്ഷവും തുടക്കത്തിൽ. മാപ്പ് പറഞ്ഞാൽ സസ്‌പെൻഷൻ പിൻവലിക്കാമെന്ന് പാർലിമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി ട്വിറ്റിലൂടെ അറിയിക്കുകയും ചെയ്തു. എന്നാൽ മാപ്പ് പറയുകയില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട എം പിമാരും പ്രതിപക്ഷ കക്ഷികളും.

സുപ്രധാനമായ ബില്ലുകളിന്മേൽ പാർലിമെന്റിൽ ചർച്ചക്ക് അനുമതി നിഷേധിക്കുകയും ഇതേതുടർന്ന് സ്വാഭാവികമായും ഉയർന്നുവരുന്ന പ്രതിപക്ഷ ബഹളത്തിന്റെ മറവിൽ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തോടെ ബില്ലുകൾ പാസ്സാക്കിയെടുക്കുകയും ചെയ്യുന്നത് മോദി സർക്കാറിന്റെ സ്ഥിരം തന്ത്രമാണ്. കഴിഞ്ഞ വർഷം സെപ്തംബറിൽ വിവാദ കാർഷിക നിയമങ്ങൾക്ക് അംഗീകാരം നൽകിയപ്പോഴും ഇത്തരമൊരു നാടകം അരങ്ങേറിയിരുന്നു. കാർഷിക ബില്ലുകൾ ചർച്ച കൂടാതെ പാസ്സാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ചതിനെ ചൊല്ലി അന്ന് എട്ട് അംഗങ്ങളെ രാജ്യസഭയിൽ നിന്ന് സഭാധ്യക്ഷൻ എം വെങ്കയ്യ നായിഡു ഒരാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. ഈ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ സഭ ബഹിഷ്‌കരിച്ച അവസരത്തിലാണ്, രണ്ട് ദിവസം കൊണ്ട് 15 ബില്ലുകൾ പാസ്സാക്കിയത്.

പാർലിമെന്ററി ജനാധിപത്യമാണ് ഇന്ത്യയുടേത്. ഈയൊരു സംവിധാനത്തിൽ ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളും വിവിധ പാർലിമെന്ററി കമ്മിറ്റികളും പരിശോധിച്ചും വിശദമായ ചർച്ചകൾക്ക് ശേഷവുമാണ് നിയമ നിർമാണങ്ങൾ നടത്തേണ്ടത്. രാജ്യത്തിന്റെ ഭരണസംബന്ധമായതും ജനജീവിതവുമായി ബന്ധപ്പെട്ടതുമായ ഏത് വിഷയവും പാർലിമെന്റിന്റെ ചർച്ചക്ക് വിഷയീഭവിക്കേണ്ടതുണ്ട്. ചർച്ചകൾ കൂടാതെ ബില്ലുകൾ പാസ്സാക്കുന്നത് പാർലിമെന്ററി സംവിധാനത്തെ അപഹസിക്കുന്നതിന് തുല്യമാണ്. ഭരണകൂടം ഏകാധിപത്യ സ്വഭാവമുള്ള പ്രസിഡൻഷ്യൽ മാതൃകയിലേക്ക് നീങ്ങുകയെന്നതാണ് സർക്കാറിന്റെ നടപടി ക്രമങ്ങളിൽ നിരീക്ഷണ, പരിശോധനാ സ്വഭാവം കുറയുമ്പോൾ സംഭവിക്കുന്നത.് പ്രതിപക്ഷം ബഹളം വെക്കുന്നു, സഭാനടപടികൾ തടസ്സപ്പെടുത്തുന്നുവെന്നൊക്കെ ന്യായവാദങ്ങൾ ഉന്നയിച്ചാണ് ബില്ലുകളിൽ ചർച്ച നിരസിക്കുന്നതും ഏകപക്ഷീയമായി പാസ്സാക്കുന്നതും. ഒരു ബിൽ സഭ മുമ്പാകെ വന്നാൽ അതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാതെ മന്ത്രിമാർ ഒഴിഞ്ഞു മാറുകയും അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്യുമ്പോഴാണ് മിക്കപ്പോഴും പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. പ്രതിപക്ഷത്തോട് ക്രിയാത്മകമായി പ്രതികരിക്കാൻ ഭരണപക്ഷം സന്നദ്ധമായാൽ സഭക്കകത്തെ ശബ്ദകോലാഹലങ്ങളും പ്രതിഷേധങ്ങളും ഒരളവോളം നിയന്ത്രിക്കാൻ സാധിക്കും.



source https://www.sirajlive.com/the-sword-of-discipline-to-resist-dissent.html

Post a Comment

Previous Post Next Post