പട്‌ന | നിതി ആയോഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യന്ത്രിയും ബി ജെ പി നേതാവുമായ രേണു ദേവിയും ഏറ്റുമുട്ടിയതിന് പിന്നാലെ ഉപമുഖ്യമന്ത്രിക്ക് സംസ്ഥാനത്തിന്റെ ആവശ്യങ്ങളെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് തുറന്നടിച്ച് നിതീഷ് കുമാർ. ബിഹാറിന് പ്രത്യേക പദവി നൽകണമെന്ന ആവശ്യത്തെ കുറിച്ച് രേണു ദേവിക്ക് യാതൊരു അറിവുമില്ല. അവർ ഞങ്ങളുടെ അടുത്ത് വന്നാൽ മാത്രമേ അതേക്കുറിച്ച് വിശദീകരിച്ച് നൽകാനാകൂവെന്നും നിതീഷ് പറഞ്ഞു.
ഏറ്റവും അവസാനം നിതി ആയോഗ് പുറത്തുവിട്ട സുസ്ഥിര വികസന സൂചികയിൽ രാജ്യത്തെ സംസ്ഥാനങ്ങളിൽ ഏറ്റവും പിന്നിലാണ് ബിഹാർ. ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, മാനുഷിക വികസനം തുടങ്ങിയ പ്രധാന മേഖലകളിലെല്ലാം ഏറ്റവും മോശം സ്ഥാനത്താണ് ബിഹാറെന്ന് നിതി ആയോഗ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ സംസ്ഥാനത്തിന് കൂടുതൽ മുന്നേറാൻ കേന്ദ്രം പ്രത്യേക പദവി നൽകണമെന്നാവശ്യപ്പെട്ട് ജെ ഡി യു നേതാവും മുതിർന്ന മന്ത്രിയുമായ ബിജേന്ദ്ര യാദവ് നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറിന് കത്തയിച്ചിരുന്നു. അതേസമയം, സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യമില്ലെന്നാണ് രേണു ദേവി പ്രതികരിച്ചത്. ബിഹാറിലെ എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്ര സർക്കാർ വൻതോതിൽ ഫണ്ട് നൽകുന്നുണ്ടെന്നും പാലങ്ങളും കലുങ്കുകളടക്കമുള്ള നിരവധി വികസനങ്ങൾ കേന്ദ്ര സർക്കാർ സംസ്ഥാനത്ത് കൊണ്ടുവന്നെന്നുമാണ് ഉപമുഖ്യമന്ത്രി പ്രതികരിച്ചത്. ഇതേത്തുടർന്നാണ് ജെ ഡി യു നേതാവ് കൂടിയായ നിതീഷ് കുമാർ സഖ്യകക്ഷിയായ ബി ജെ പി നേതാവിനെതിരെ തുറന്നടിച്ചത്.
source https://www.sirajlive.com/39-no-information-on-state-requirements-39-nitish-kumar-against-the-deputy-chief-minister.html
إرسال تعليق