ഒമിക്രോണിനെ കരുതാം; പ്രോട്ടോകോളിന്റെ പഴുതടക്കാം

ഒരു വലിയ മഹാമാരിയെ അതിജീവിച്ച് അതൊന്ന് കെട്ടടങ്ങി എന്ന് നാം വിചാരിച്ചിരിക്കുന്ന സമയത്താണ് ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയിരിക്കുന്ന വൈറസിന്റെ പുതിയ വകഭേദം, ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയായി വന്നിരിക്കുന്നത്. 20 രാജ്യങ്ങളിൽ ഈ വൈറസ് സ്ഥിരീകരിച്ചു കഴിഞ്ഞു.

ഒമിക്രോൺ എന്ന പേരിലറിയപ്പെടുന്ന ഈ വൈറസിന്റെ വകഭേദം വളരെ മാരകമായ ഒന്നാണ് എന്നതാണ് അറിയാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ ലോകരാജ്യങ്ങൾ ഏറെ കരുതലോടെയാണ് ഈ വകഭേദത്തെ കാണുന്നത്. വൈറസ് വകഭേദം അതിർത്തി കടന്ന് വ്യാപിക്കാതിരിക്കാൻ രാജ്യങ്ങൾ കടുത്ത യാത്രാ നിയന്ത്രണങ്ങൾ കൊണ്ടുവരികയാണ്. രോഗ പ്രതിരോധ പ്രോട്ടോകോളുകൾ എല്ലാ രാജ്യങ്ങളും പുതുക്കിക്കഴിഞ്ഞു.

കൊവിഡ് മഹാമാരിയുടെ ദുരിതം നീങ്ങാൻ ഇനിയും നാളുകൾ എടുക്കും. അതുകൊണ്ട് അതിനോടൊപ്പം ജീവിക്കാൻ സാധ്യത ഒരുക്കണം എന്നുള്ളതായിരുന്നു എല്ലാവരും ധരിച്ചു വെച്ചിരുന്നതും അതിന് വേണ്ടിയുള്ള പ്രയത്‌നമാണ് ചെയ്തു കൊണ്ടിരുന്നതും.
കൊവിഡിനൊപ്പം ജീവിക്കുക എന്നാല്‍ ശത്രുവിനൊപ്പം ജീവിക്കുക എന്നാണ് അര്‍ഥം. ശത്രുവിനൊപ്പം ജീവിക്കുമ്പോള്‍ എന്തൊക്കെ സൂക്ഷിക്കണോ ആ കരുതലെല്ലാം കൈകൊള്ളണം. ജീവിതവും ജീവിത മാർഗങ്ങളും മുന്നോട്ട് കൊണ്ടുപോകുകയും വേണം. നിതാന്തമായ ഭയത്തിലേക്കും ആത്മവിശ്വാസ നഷ്ടത്തിലേക്കും വീണു പോയാൽ സ്ഥിതി വഷളാകുകയേ ഉള്ളൂ.
ദക്ഷിണാഫ്രിക്കയിലാണ് ഈ വൈറസ് വകഭേദം ആദ്യം കണ്ടിരിക്കുന്നത് എന്നാണ് ഇപ്പോഴത്തെ നിഗമനം. ഒരു പക്ഷേ, മറ്റേതെങ്കിലും രാജ്യത്ത് ഉണ്ടാകുകയും വേറെ രാജ്യങ്ങളിലേക്ക് പടർന്നു പിടിച്ചതുമാകാം. യൂറോപ്പിലാണ് ആദ്യം ഈ വകഭേദം കണ്ടതെന്ന അവകാശവാദവുമായി ഡച്ച് വിദഗ്ധൻ രംഗത്തുവന്നതായി വാർത്തയുണ്ട്. ദക്ഷിണാഫ്രിക്കയിൽ ജനനിബിഡമായ ജോഹന്നാസ് ബർഗിലാണ് ഈ വൈറസ് ആദ്യം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള നമ്മുടെ അറിവ് വെച്ച് നോക്കുമ്പോൾ അവിടെ ഒരു ജീനോമിക് സീക്വൻസ് സ്റ്റഡി, അതായത് സമഗ്രമായ ഒരു പഠനം നടത്തിയത് കൊണ്ട് മാത്രമാണ് അവർക്ക് ഇങ്ങനെ ഒരു രോഗവും അതിന്റെ കാരണമായ വൈറസിന്റെ ജനിതക മാറ്റവും കണ്ടുപിടിക്കാൻ സാധിച്ചിരിക്കുന്നത്. ഇവിടെ നാം ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ജെനോ സീക്വൻസിംഗിലൂടെ അവർ പുതിയ വകഭേദം കണ്ടെത്തുകയും അത് തുറന്നു പറയാൻ സന്നദ്ധത കാണിക്കുകയും ചെയ്തത് കൊണ്ടു മാത്രമാണ് ലോകം ജാഗ്രതയിലേക്ക് നീങ്ങിയത്.

പക്ഷേ, അവരത് തുറന്ന് പറയുമ്പോൾ ആ രാജ്യത്തിന് നിരവധി പ്രതിസന്ധികൾ നേരിടേണ്ട സാഹചര്യമുണ്ടായി. അവരുടെ യാത്രകൾ, വിനോദ സഞ്ചാരങ്ങൾ എല്ലാം പൂർണമായും നിർത്തലാക്കിയിരിക്കുന്നു. അവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് ആളുകൾക്ക് പോകാൻ പറ്റുന്നില്ല. അതിർത്തികൾ എല്ലാം അടച്ചിരിക്കുകയാണ്. ഞങ്ങളെ ഒറ്റപ്പെടുത്തരുതെന്ന് അവർക്ക് കേണപേക്ഷിക്കേണ്ടി വന്നു. ആ രാജ്യത്തെ പിന്തുണക്കുകയാണ് ലോകം ഇപ്പോൾ ചെയ്യേണ്ടത്. വാക്‌സീൻ വിതരണത്തിലെ അസന്തുലിതാവസ്ഥ നീക്കണം.

ലോകം ഇന്ന് പരസ്പരാശ്രിതവും പരസ്പര ബന്ധിതവുമാണ്. പണ്ട് പ്ലേഗ് പോലുള്ള മഹാമാരികൾ വന്നപ്പോൾ ഇങ്ങനെ ആഗോള മഹാമാരിയായി പടരാതിരുന്നത് രാജ്യങ്ങൾ, വൻകരകൾ ഓരോ തുരുത്തുകളായത് കൊണ്ടായിരുന്നു. ഇന്ന് അതല്ല സ്ഥിതി. എവിടെയെങ്കിലുമൊന്ന് പ്രത്യക്ഷപ്പെട്ടാൽ അത് ലോകം മുഴുവൻ പരക്കുമെന്നതാണ് സ്ഥിതി.

കേരളം ഇത്തരം പകർച്ചക്ക് ഏറെ സാധ്യതയുള്ള ഇടമാണെന്ന് നമുക്ക് അറിയാവുന്നതാണ്. ഇന്ത്യയിൽ ആദ്യ കൊവിഡ് കേസ് കേരളത്തിലായിരുന്നുവെന്നോർക്കണം.

ഈ സാഹചര്യത്തിൽ ഓരോരുത്തരും കൊവിഡ് പോരാളികളായി മാറണം. ഔദ്യോഗിക സംവിധാനങ്ങളെയും മെഡിക്കൽ പ്രവർത്തകരെയും കാത്തിരിക്കുന്നവരാകരുത് നാം. ഈ വൈറസ് രാജ്യം വിട്ട് പോയിട്ടില്ല, ഇവിടെ തന്നെ നിലവിലുണ്ട്. അത് തീവ്രമായ ഒരു തരംഗം ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്നു. ഈ ധാരണ നമ്മിൽ വേണം. ചെറിയ തോതിലാണ് ഇപ്പോൾ ഈ രോഗം കാണുന്നത് എങ്കിലും വലിയ ഒരു അളവിലേക്ക് മാറാനുള്ള സാധ്യതയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു പ്രവചനം നടത്താനും പറ്റുകയില്ല. എന്നാൽ അമിത ഉത്കണ്ഠയിൽപ്പെട്ട് ആരൊക്കെയോ പടച്ചു വിടുന്ന “പരിഹാരങ്ങ’ൾക്ക് നാം തലവെച്ച് കൊടുക്കുകയുമരുത്.
എല്ലാവരും വാക്സീൻ എടുക്കുക എന്നത് മാത്രമാണ് തത്കാലം നമ്മുടെ മുമ്പിലുള്ളൊരു പ്രതിവിധി. പലരും പല കാരണങ്ങൾ പറഞ്ഞ് പ്രതിരോധ കുത്തിവെപ്പ് എടുക്കാതിരിക്കുന്നുണ്ട്. രോഗം വന്നു ഇനി വാക്സീനേഷന്റെ ആവശ്യം ഇല്ല എന്ന് ചിന്തിക്കുന്നവരും ഉണ്ട്. എല്ലാവരും നിർബന്ധമായും വാക്സീൻ എടുക്കേണ്ടതാണ്.

വാക്സീനേഷൻ പോലെ തന്നെ പ്രധാനമാണ് ഫേസ് മാസ്‌ക് ഉപയോഗിക്കുക എന്നത്. മാസ്‌ക് കൊണ്ട് ഒരു പരിധി വരെ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കും. മാസ്‌ക് ഉപയോഗിക്കുമ്പോൾ ഗുണമേന്മയുള്ളവ തന്നെ ഉപയോഗിക്കണം. തുണി മാസ്‌ക് ആണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു ഡിസ്‌പോസ്സിബിൾ മാസ്‌ക് കൂടി ധരിക്കുക. അടഞ്ഞ മുറികളിൽ ഇരിക്കാതെ ജനാലകളും വാതിലുകളും തുറന്നിട്ട് തന്നെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ആൾക്കൂട്ടം ഒഴിവാക്കാൻ പരമാവധി ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോൾ സാധ്യമായ ഇളവുകളിൽ നിന്ന് അൽപ്പം പിൻവാങ്ങേണ്ടി വന്നേക്കാം. കൂട്ടം കൂടുന്ന സാഹചര്യം, അത് കല്യാണമോ, മരണമോ, ഏത് ആൾക്കൂട്ടത്തിലും പോയവർക്ക് കുടുംബമായിട്ട് രോഗം വന്നതായിട്ട് കാണുന്നു. ഒരു കുടുംബത്തിൽ ഒരാൾ രോഗബാധിതനായാൽ മറ്റുള്ളവർക്കെല്ലാം പകരാനുള്ള സാധ്യയുണ്ട്.
അതുകൊണ്ട് പ്രായമുള്ള ആളുകൾ ഉള്ള വീടുകളിൽ താമസിക്കുന്നവർ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രായമായർ പുറത്ത് പോകുന്നില്ല അതുകൊണ്ട് അവർക്ക് രോഗം കിട്ടില്ല എന്ന് ചിന്തിക്കരുത്. കാരണം ആ വീട്ടിൽ നിന്ന് പുറത്ത് പോകുന്നവർ, പുറത്ത് നിന്നും രോഗം കൊണ്ടുവന്ന് വീട്ടിലിരിക്കുന്നവർക്കും കൂടി കൊടുക്കുന്നതായിട്ടാണ് കാണുന്നത്. സാനിറ്റൈസർ ഇടക്കിടക്ക് ഉപയോഗിച്ച് കൈകൾ ശുദ്ധമാക്കുക. വ്യക്തി ശുചിത്വമാണ് ഏറ്റവും വലിയ പ്രതിരോധം. എല്ലാ ഏഷ്യൻ രാജ്യങ്ങളിലും അതീവ ജാഗ്രത വേണം എന്നാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. ഒമിക്രോൺ ആഗോള ഭീഷണിയാകുമെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആഗോളതലത്തിൽ പടർന്നുപടിച്ചാൽ ചിലയിടങ്ങളിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും സംഘടന വ്യക്തമാക്കുന്നു. മുമ്പ് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ലഭിക്കുന്ന പ്രതിരോധശേഷിയും വാക്സീൻ ഉപയോഗവും എത്രത്തോളം ഫലപ്രദമാകുമെന്ന് ഗവേഷണങ്ങളിലൂടെ മാത്രമേ വ്യക്തമാകൂ.

ഒമിക്രോൺ കേസ് ക്രമാതീതമായി വർധിച്ചേക്കാം. മുൻഗണനാ വിഭാഗങ്ങൾക്ക് വാക്സീനേഷൻ എത്രയും വേഗം പൂർത്തിയാക്കണമെന്നും വേൾഡ് ഹെൽത്ത് അസംബ്ലിയുടെ പ്രത്യേക സമ്മേളനം ചേരുന്നതിന് തൊട്ടുമുമ്പ് ഡബ്ല്യു എച്ച് ഒ നിർദേശം നൽകിയിരിക്കുന്നു. നമ്മുടെ സ്ഥിതി എത്ര അപകടകരമാണെന്ന് പലതവണ ജനിതകമാറ്റം സംഭവിച്ച ഒമിക്രോൺ വകഭേദം അടിവരയിടുന്നുവെന്ന് ഡബ്ല്യു എച്ച് ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറയുന്നു.

പുതിയ ഗവേഷണങ്ങൾ തുടങ്ങിയിട്ടുണ്ടെന്ന് ഒൗഷധ കന്പനികൾ വ്യക്തമാക്കുന്നു. ഒമിക്രോണിൽ അവ്യക്തതകളുണ്ട് എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. എന്നാൽ കരുതൽ വേണമെന്നതിൽ ആർക്കും തർക്കമില്ല. നമ്മുടെ നാട്ടിൽ സ്ഥിരീകരിച്ചിട്ടില്ല എന്നത് കരുതലിൽ അലംഭാവമാകാമെന്നതിനുള്ള കാരണമാകരുത്.



source https://www.sirajlive.com/consider-omicron-the-protocol-may-be-stale.html

Post a Comment

أحدث أقدم