കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം സംബന്ധിച്ച് പരസ്പരവിരുദ്ധമായ വിശകലനങ്ങളാണ് വരുന്നത്. അത്ര അപകടകാരിയല്ലെന്ന് ഈ വകഭേദം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലെ ഡോക്ടര്‍മാര്‍ പറയുന്നു. കൊവിഡ് ഒരിക്കല്‍ ബാധിച്ചവരിലാണ് ഈ വകഭേദം പടരുകയെന്ന് മറ്റു ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രോഗവ്യാപന തരംഗമായി ഒമിക്രോണ്‍ മാറാന്‍ സാധ്യതയില്ലെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍) വിലയിരുത്തുന്നത്. അതേസമയം, ദക്ഷിണാഫ്രിക്കന്‍ ശാസ്ത്ര സംഘം അവിടുത്തെ പാര്‍ലിമെന്റ് അംഗങ്ങള്‍ക്ക് മുമ്പാകെ നല്‍കിയ വിശദീകരണത്തില്‍ മറ്റൊരു വീക്ഷണമാണ് മുന്നോട്ട് വെക്കുന്നത്. ഈ വകഭേദം എത്രമാത്രം മാരകമാണെന്ന് ഈ ഘട്ടത്തില്‍ തീര്‍ത്തു പറയാനാകില്ലെന്നും ഇപ്പോള്‍ രോഗബാധിതരില്‍ കാണുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വെച്ച് തീവ്രത അളക്കാനാകില്ലെന്നും ഇവര്‍ പറയുന്നു. ദക്ഷിണാഫ്രിക്കയില്‍ രോഗികളായവരില്‍ നല്ലൊരു ശതമാനവും യുവാക്കളാണ്. അവര്‍ക്ക് ഉയര്‍ന്ന രോഗപ്രതിരോധ നിലവാരം ഉള്ളതിനാലും മറ്റു അസുഖങ്ങള്‍ കുറഞ്ഞതിനാലും ഒമിക്രോണ്‍ വകഭേദത്തിന്റെ ആക്രമണ തീവ്രത കുറവായിരിക്കാം. മറ്റ് പ്രായ വിഭാഗത്തില്‍ പെട്ടവരില്‍ ഈ വകഭേദമുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ കൂടി പഠനവിധേയമാക്കിയാലേ ശരിയായ നിഗമനത്തിലെത്താന്‍ സാധിക്കൂ. അതുകൊണ്ട് കൂടുതല്‍ ഗൗരവത്തോടെ ഈ ഒമിക്രോണിനെ കാണണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയവരില്‍ നല്ല പങ്ക് നേരത്തേ കൊവിഡ് ബാധിച്ചവരാണ്. അതുകൊണ്ട് ഒമിക്രോണിന്റെ പ്രഭാവം പൂര്‍ണ തോതില്‍ അവരില്‍ പ്രകടമായിരിക്കില്ല. ഇക്കാരണം കൊണ്ടും വൈറസിന്റെ ശരിയായ ശക്തി എത്രയെന്ന് പറയാനാകില്ലെന്ന് ദക്ഷിണാഫ്രിക്കയിലെ പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ധന്‍ റിച്ചാര്‍ഡ് ലെസ്സല്‍സ് പറയുന്നു.
പതിവുപോലെ ആശയക്കുഴപ്പം നിലനില്‍ക്കുന്നുവെന്ന് ചുരുക്കം. ആഗോള ഭീതിയായി ഒമിക്രോണ്‍ മാറിക്കഴിഞ്ഞു. ഈ ഘട്ടത്തിലും വാക്‌സീനാണ് പരിഹാരമെന്ന കാര്യത്തില്‍ ഏകസ്വരമാണ് ഉയരുന്നത്. ഫലപ്രാപ്തിയെക്കുറിച്ച് വാക്‌സീന്‍ നിര്‍മാതാക്കള്‍ കൃത്യമായ ഉറപ്പൊന്നും നല്‍കാതിരിക്കുകയും വാക്‌സീനെടുത്താല്‍ ഉണ്ടാകാനിടയുള്ള പാര്‍ശ്വഫലത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറുകയും ചെയ്യുമ്പോഴും വാക്‌സീനെ തള്ളിപ്പറയാന്‍ സാധിക്കാത്ത സ്ഥിതിയുണ്ട്. മിക്ക രാജ്യങ്ങളെയും പിടികൂടിയ സത്വര പകര്‍ച്ചയുള്ള ഒരു രോഗത്തിന് മുമ്പില്‍ വാക്‌സീന്‍ മാത്രമാണ് ഏക ആശ്വാസമെന്ന് സമ്മതിക്കാതെ വയ്യ. അപ്പോഴും പ്രസക്തമായ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. പ്രത്യേകിച്ച് ഒമിക്രോണ്‍ വകഭേദം കൂടുതല്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന പശ്ചാത്തലത്തില്‍. വാക്‌സീന്‍ വികസിപ്പിക്കുന്നതില്‍ അനാവശ്യ തിടുക്കം ഉണ്ടായോ എന്നതാണ് ഏറ്റവും വലിയ ചോദ്യം. മാനവരാശിയുടെ ഭാവിയെക്കരുതിയുള്ള ഗവേഷണം എന്നതിനേക്കാള്‍ വിപണി താത്പര്യങ്ങളല്ലേ കമ്പനികളെയും രാജ്യങ്ങളെയും നയിച്ചത്? ബൂസ്റ്റര്‍ ഡോസിനെക്കുറിച്ച് മരുന്നു കമ്പനികള്‍ പറഞ്ഞു തുടങ്ങുന്നതിന്റെ അര്‍ഥമെന്താണ്? വാക്‌സീന്‍ വിതരണത്തിലെ ക്രൂരമായ അസന്തുലിതാവസ്ഥയില്‍ ലോക രാജ്യങ്ങള്‍ക്ക് എന്ത് മറുപടിയാണ് ഉള്ളത്? ഫൈസറും ആസ്ട്രാ സെനകയും സ്പുട്‌നിക്കുമെല്ലാം അക്ഷരാര്‍ഥത്തില്‍ മത്സരയോട്ടം നടത്തുകയാണ് ചെയ്തത്. ഇവ പരസ്പരം കുറ്റാരോപണങ്ങള്‍ നിരത്തുകയും ഡീഗ്രേഡ് ചെയ്യാനുള്ള പ്രചാരണത്തിലേര്‍പ്പെടുകയും ചെയ്തു. രാഷ്ട്ര നേതാക്കള്‍ തന്നെ ഈ മത്സരത്തില്‍ ഇറങ്ങിക്കളിച്ചു. ബൂസ്റ്റര്‍ ഡോസ് എന്ന ആവശ്യം ഉയര്‍ത്തുന്നതും ഈ കമ്പനികളാണ്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വാക്‌സീനേഷന്‍ നിരക്ക് പരിതാപകരമാണ്. ആഫ്രിക്കന്‍ വന്‍കരയില്‍ മൊത്തം 130 കോടി ജനങ്ങളാണുള്ളത്. ഇതില്‍ 6.7 ശതമാനം പേര്‍ക്ക് മാത്രമാണ് പൂര്‍ണ വാക്‌സീന്‍ ലഭിച്ചത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഇത് 0.1 ശതമാനം മാത്രമാണ്. സമ്പന്ന രാജ്യങ്ങള്‍ സൊസൈറ്റികള്‍ തുറന്ന് അപകടസാധ്യത കുറഞ്ഞ ചെറുപ്പക്കാര്‍ക്കടക്കം വാക്‌സീന്‍ നല്‍കുമ്പോള്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് ആവശ്യത്തിനുള്ള വാക്‌സീന്‍ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയത് ലോകാരോഗ്യ സംഘടനയാണ്. “ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ പലരും മടിക്കുന്ന അവസ്ഥയാണ്. എച്ച് ഐ വി കാലത്ത് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സങ്കീര്‍ണമായ ചികിത്സകള്‍ക്ക് സാധിക്കില്ലെന്ന് ചിലര്‍ വാദിച്ചിരുന്നു. ആ പഴയകാല മാനസികാവസ്ഥക്ക് തുല്യമായ അവസ്ഥയാണ് ഇപ്പോള്‍. വാക്‌സീന്‍ വിതരണത്തിലാണ് ഇപ്പോള്‍ പ്രശ്‌നം. ആഫ്രിക്കന്‍ രാജ്യങ്ങളെ പരിഗണിക്കണം’- ഡബ്ല്യു എച്ച് ഒ മേധാവി ടെഡ്രോസ് അഥാനത്തിന്റെ വാക്കുകളാണിത്. എത്യോപ്യന്‍ സ്വദേശിയായ അദ്ദേഹത്തിന് സ്വന്തം നാടിന്റെ വേദന നേരിട്ടറിയുന്നതിന്റെ പൊള്ളല്‍ കൂടിയുണ്ടാകും.
ഇതുവരെ വിതരണം ചെയ്ത വാക്‌സീനുകളില്‍ 70 ശതമാനവും സമ്പന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ താമസക്കാര്‍ക്കാണ് ലഭിച്ചത്. ബാക്കിയുള്ളവര്‍ക്ക് മുഴുവന്‍ വാക്‌സീന്‍ ലഭിക്കാന്‍ ഒരു പക്ഷേ, വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കു മേല്‍ യാത്രാ വിലക്കേര്‍പ്പെടുത്തുകയും അവിടുത്തെ ജനതക്ക് വിവരമില്ലെന്ന് ആക്ഷേപിക്കുകയും ചെയ്യുമ്പോള്‍ തിരിഞ്ഞുകുത്തുന്ന ചോദ്യം നിങ്ങള്‍ അവര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ തയ്യാറായോ എന്നതാണ്. മരുന്ന് കമ്പനികളുമായി പങ്കാളിത്തം പുലര്‍ത്തുന്നതിലൂടെ, പാശ്ചാത്യ രാജ്യങ്ങള്‍ സ്വന്തം നില ഭദ്രമാക്കി. ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങള്‍ ഇത്തരം കൈകോര്‍ക്കല്‍ വഴിയാണല്ലോ വാക്‌സീന്‍ നിര്‍മാണത്തിന്റെ ഹബ്ബായി മാറിയത്. ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്‌സീന്‍ ഉറപ്പു വരുത്താന്‍ പേറ്റന്റുകള്‍ പങ്കിടണമെന്ന ലോകാരോഗ്യ സംഘടനയുടെ അഭ്യര്‍ഥന ആരും ചെവിക്കൊണ്ടില്ല. ചൈനയോട് പക്ഷപാതിത്വം കാണിച്ചുവെന്നാരോപിച്ച് ഡബ്ല്യു എച്ച് ഒയെ തന്നെ അവഹേളിക്കാനാണ് അമേരിക്ക തുനിഞ്ഞത്.
വാക്‌സീനാണ് ഈ മഹാമാരിയെ പിടിച്ചുകെട്ടുന്നതിലെ സുനിശ്ചിതമായ ഉത്തരം എന്നാണല്ലോ ശാസ്ത്രലോകത്തിന്റെ തീര്‍പ്പ്. ശരി. ലോകത്താകെ ഒരു പോലെ അത് ലഭ്യമായില്ലെങ്കില്‍ പിന്നെ എന്ത് അര്‍ഥമാണുളളത്? അതിര്‍ത്തി മുറിച്ചുള്ള സഞ്ചാരം അനിവാര്യമായി തീര്‍ന്ന ഒരു ലോകസാഹചര്യത്തില്‍ ഒരു കൂട്ടര്‍ വാക്‌സീനെടുത്ത് അഹങ്കരിച്ചിരുന്നാല്‍ രോഗം തടയാനാകുമോ? വാക്‌സീനായി കാത്തിരിപ്പ് തുടരുന്ന ജനതയെ മഹാമാരി കൂടുതല്‍ വീറോടെ കീഴടക്കില്ലേ? അതല്ലേ ഒമിക്രോണിന്റെ കാര്യത്തില്‍ സംഭവിച്ചത്. അതുകൊണ്ട് ഇനിയെങ്കിലും ഒരു ആഗോള വാക്‌സീന്‍ നയം ഉണ്ടാകണം. മനുഷ്യരാശിയുടെ ഭാവിയെ വെച്ച് ചൂതാട്ടം നടത്തരുത്.
source https://www.sirajlive.com/is-there-a-solution-to-vaccine-inequality.html
Post a Comment