മട്ടന്നൂർ | കണ്ണൂരിൽ നിന്ന് വിദേശ വിമാന കമ്പനികളുടെ സർവീസ് അനുവദിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ മലബാറുകാരുടെ പ്രതീക്ഷക്കാണ് കേന്ദ്ര സർക്കാർ കത്തിവെച്ചത്. ചെറുതും വലുതുമായ വിദേശ വിമാന കമ്പനികൾ അനുമതി കിട്ടിയാൽ സർവീസ് നടത്താമെന്ന് തത്വത്തിൽ അംഗീകരിച്ചിരിക്കെയാണ് കേന്ദ്രത്തിന്റെ പൊടുന്നനെയുള്ള പിന്മാറ്റം.
ഏതു വലിയ വിമാനങ്ങൾക്കും യഥേഷ്ടം വന്നിറങ്ങാൻ കഴിയും വിധം റൺവേ സൗകര്യവും യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുമുണ്ടായതും കൂടുതൽ പ്രതീക്ഷ വെച്ചു പുലർത്തിയിരുന്നു. മലബാറിന്റെ വാണിജ്യ ഹബ്ബായി ഇവിടെ മാറുമെന്ന് വരെ പ്രചാരണവുമുണ്ടായി. എന്നാൽ, പ്രവാസികളെ ഒന്നടങ്കം നിരാശരാക്കിയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നിഷേധിച്ചത്. കഴിഞ്ഞ കൊവിഡ് കാലത്ത് നിരവധി വിദേശ വിമാനങ്ങൾ വന്ദേഭാരത് മിഷന്റെ ഭാഗമായി കണ്ണൂരിൽ വന്നിറങ്ങിയിരുന്നു. ഇത്തിഹാദ്, സഊദി എയർലെൻസ്, എയർ അറേബ്യ, എമിറേറ്റ്‌സ്, ഫ്ലൈ ദുബൈ തുടങ്ങിയ വിമാനങ്ങളായിരുന്നു ഇവിടെ വന്നിറങ്ങിയത്. ഇത് വരും നാളിൽ വിദേശ വിമാന സർവീസ് നടത്താൻ നിമിത്തമാകുമെന്നായിരുന്നു കരുതിയത്.
വിശാലമായ റൺവേ സംവിധാനവും പ്രകൃതി രമണീയമായ അന്തരീക്ഷവുമാണ് വിദേശ വിമാന കമ്പനികളെ കണ്ണൂർ രാജ്യന്തര വിമാനത്താവളത്തിലേക്ക് ആകർഷിച്ചത്. ഇതിന്റെ ട്രയൽ എന്ന രീതിയിൽ ആയിരുന്നു നേരത്തേയുള്ള സർവീസ്. വിമാനത്താവളം തുറന്നു കൊടുത്ത് മൂന്ന് വർഷം പിന്നിടുമ്പോൾ തന്നെ കാർഗോ സർവീസ് ഉൾപ്പെടെ ഇവിടെ സജ്ജീകരിച്ചിരുന്നു. ഇത് വാണിജ്യ മേഖലയിൽ വലിയ പ്രതീക്ഷയുമുണ്ടാക്കി.
യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് ഒന്പതാം സ്ഥാനത്താണ് കണ്ണൂർ വിമാനത്താവളം. രാജ്യാന്തര, ആഭ്യന്തര യാത്രക്കാർ ഒരേ പോലെ കൂടാൻ തുടങ്ങി. വിദേശ വിമാന കമ്പനികൾക്ക് അനുമതി നൽകുന്നതിന് സംസ്ഥാന സർക്കാർ നേരത്തേ തന്നെ ശ്രമം നടത്തിയിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ നീട്ടിക്കൊണ്ടു പോകുകയും ഒടുവിൽ ആവശ്യം തള്ളുകയുമാണുണ്ടായത്.
source https://www.sirajlive.com/the-winged-center-of-kannur.html
Post a Comment