ബി ജെ പി ആദ്യമായി ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള അധികാരത്തിന്റെ വഴിവെട്ടിയത് അയോധ്യയില്‍ നിന്നായിരുന്നു. ബാബരി വിവാദവും അഡ്വാനിയുടെ രഥയാത്രയും സൃഷ്ടിച്ച ഹിന്ദുത്വ ഏകീകരണമാണ് വാജ്പയിയുടെ പ്രധാനമന്ത്രി പദത്തിന് അസ്തിവാരമിട്ടത്. ഇന്ത്യാ-ചൈന യുദ്ധ പരാജയ സമയത്തും അടിയന്തരാവസ്ഥ കാലത്തുമൊന്നും ഉറപ്പിച്ചെടുക്കാന്‍ കഴിയാതിരുന്ന അത്രയും വലിയ വോട്ട് ബേങ്കാണ് ഹിന്ദി ബെല്‍റ്റില്‍ നിന്ന് ബാബരി മസ്ജിദ് തകര്‍ത്തുകൊണ്ട് ഒറ്റയടിക്ക് സംഘ്പരിവാര്‍ നേടിയെടുത്തത്. ഹിന്ദുത്വം അതിന്റെ രാഷ്ട്രീയ അജന്‍ഡ വിജയകരമായി നടപ്പാക്കിയ ഏറ്റവും വലിയ പ്രവര്‍ത്തന പദ്ധതി കൂടിയായിരുന്നു ബാബരി ധ്വംസനം. ബാബരി മസ്ജിദില്‍ നിന്ന് തര്‍ക്ക മന്ദിരം എന്ന നരേറ്റീവിലേക്ക് ഭൂരിപക്ഷ പൊതുബോധത്തെ സ്വാഭാവികമായി പരിവര്‍ത്തനപ്പെടുത്തി എന്നതാണ് ഹിന്ദുത്വം എന്ന പ്രത്യയശാസ്ത്രം കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടെ ശേഖരിച്ച ഏറ്റവും വലിയ രാഷ്ട്രീയ മൂലധനം. ആ മൂലധനത്തിന്റെ ലാഭക്കണക്കുകളില്‍ നിന്നാണ് ഇപ്പോള്‍ സംഘ്പരിവാര്‍ പുതിയ രാഷ്ട്രീയത്തെ ക്രമപ്പെടുത്തുന്നത്. 2017ലെ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണായുധമായിരുന്ന രാമജന്മഭൂമി ഇപ്പോള്‍ കറവവറ്റിയ ഒരു പശുവാണ്. അതിനാല്‍ തന്നെ ഇനി അതില്‍ നിന്ന് ബി ജെ പിക്ക് വലിയ നേട്ടമൊന്നും ലഭിക്കാനിടയില്ല. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ബി ജെ പിക്ക് ഭൂരിപക്ഷ സമുദായത്തെ തൃപ്തിപ്പെടുത്താനും അവരുടെ വൈകാരിക രാഷ്ട്രീയത്തെ ജ്വലിപ്പിച്ചു നിര്‍ത്താനും പാകത്തിലുള്ള ഒരു പൊളിറ്റിക്കല്‍ മാനിഫെസ്റ്റോ മുന്നോട്ടു വെക്കേണ്ടതായുണ്ട്. അതാണ് മഥുര മസ്ജിദ് വിവാദവും കാശിയില്‍ പുതുതായി സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതികളും. കാശിയെ ഇന്ത്യയുടെ ആത്മീയ തലസ്ഥാനമാക്കി മാറ്റുന്നതാണ് ഈ പ്ലാന്‍. ഹിന്ദുത്വത്തെ രാഷ്ട്രീയമായും സാംസ്‌കാരികമായും സമന്വയിപ്പിക്കുക എന്ന വിപുലമായ ഒരു പ്രവര്‍ത്തന പദ്ധതിയുടെ മൈക്രോസ്‌കോപിക് ട്രാന്‍സ്‌ക്രിപ്റ്റാണ് ഇപ്പോള്‍ യു പിയില്‍ 339 കോടി രൂപയുടെ കാശി-വിശ്വനാഥ് പദ്ധതിയിലൂടെ ബി ജെ പി ലക്ഷ്യം വെക്കുന്നത്.
കാശിയിലെ ഉദ്ഘാടന പരിപാടിയോട് അനുബന്ധിച്ചുണ്ടായ ഒരോ ചടങ്ങും ബി ജെ പിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ സൂക്ഷ്മാവതരണം തന്നെയായിരുന്നു. പ്രധാനമന്ത്രിയുടെ ഗംഗാ സ്‌നാനത്തിലും പ്രാര്‍ഥനാ ചടങ്ങിലും തുടങ്ങി ഉദ്ഘാടന പ്രഭാഷണത്തില്‍ വരെ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ അടയാളങ്ങളെ അപകടകരമായ അനുപാതത്തില്‍ പരിപോഷിപ്പിക്കപ്പെട്ടു. ഒരു ഔറംഗസീബ് ഇവിടെ ആക്രമിച്ചപ്പോള്‍ അതിനെതിരെ ഒരു ശിവജി ഉയര്‍ന്നുവന്നു എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഔറംഗസീബ്-ശിവജി ബൈനറി സൃഷ്ടിച്ചെടുത്ത് ഒരു അപരത്വ നിര്‍മാണത്തിലൂടെ ജനങ്ങളെ രണ്ടായി മുറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. മുസ്‌ലിം ചക്രവര്‍ത്തിയായ ഔറംഗസീബിനെ തകര്‍ക്കാന്‍ അവതാരമെടുത്ത ഹിന്ദു രാജാവാണ് ശിവജി എന്ന നരേഷന്‍ നല്‍കിക്കൊണ്ട് സിമ്പിളായി ഒരു ജനതയുടെ മസ്തിഷ്‌കത്തിലേക്ക് വര്‍ഗീയ വിഷം കുത്തിവെക്കുകയാണ് നരേന്ദ്ര മോദി ചെയ്തത്. കാശിയിലെ ആവര്‍ത്തിച്ചുള്ള വിദേശ അക്രമണങ്ങള്‍ക്കിടയിലും ക്ഷേത്രം നിലനിര്‍ത്തുന്നതില്‍ ഇന്‍ഡോറിലെ ചക്രവര്‍ത്തി അഹല്യഭായ് ഹോള്‍ക്കറിന്റെയും സിഖ് രാജാവ് രഞ്ജിത് സിംഗിന്റെയും പങ്ക് പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടിയിരുന്നു. അതേസമയം മുഗള്‍ ചക്രവര്‍ത്തിയായ അക്ബര്‍ വിശ്വനാഥ ക്ഷേത്രം രണ്ട് തവണ തകര്‍ക്കപ്പെട്ടതിന് ശേഷവും പുനര്‍നിര്‍മിക്കുന്നതില്‍ നല്‍കിയ സംഭാവനകള്‍ മോദി പൂര്‍ണമായും തന്റെ പ്രസംഗത്തില്‍ നിന്ന് അവഗണിക്കുകയും ചെയ്തു.
ഇന്ത്യയിലെ മുസ്‌ലിം ഭരണത്തിന്റെ സ്മാരകങ്ങളെയും ചരിത്രത്തെയും അപ്പാടെ വര്‍ഗീയവും രാഷ്ട്രീയവുമായ മാനങ്ങള്‍ നല്‍കി മുസ്‌ലിം ജനവിഭാഗത്തെ വൈദേശികരെന്ന മേല്‍വിലാസത്തിലൂടെ അപരവത്കരിക്കാനാണ് ഇതിലൂടെ ബി ജെ പി ലക്ഷ്യമിടുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ ഭരണകാലത്ത് നിര്‍മിച്ച മഥുര ജില്ലയിലെ ശാഹി ഈദ്ഗാഹ് മസ്ജിദാണ് മറ്റൊരു ലക്ഷ്യം. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലത്താണ് പള്ളി നിര്‍മിച്ചത് എന്നാണ് സംഘ്പരിവാര്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന വാദം. ഹിന്ദു മഹാസഭയാണ് മുസ്‌ലിം പള്ളിയില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തു വന്നത്. അയോധ്യക്ക് സമാനമായ അനുഭവം മഥുരയിലും സംഭവിക്കാന്‍ സാധ്യത ഏറെയാണ്. ബാബരിയില്‍ ശ്രീരാമനായിരുന്നുവെങ്കില്‍ ശാഹി മസ്ജിദില്‍ ശ്രീകൃഷ്ണനെയാണ് കുടിയിരുത്താന്‍ പോകുന്നത് എന്നത് മാത്രമാണ് മാറ്റമുള്ളത്. ഹിന്ദു മഹാസഭ കഴിഞ്ഞ ഡിസംബര്‍ ആറിന് മസ്ജിദില്‍ വിഗ്രഹം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കലാപ സാഹചര്യം മുന്നില്‍കണ്ട് നവംബര്‍ 28ന് ജില്ലാ ഭരണകൂടം പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തു. ഇതിനിടെ ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മഥുരയില്‍ ഒരു കൃഷ്ണ ക്ഷേത്രത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കങ്ങള്‍ നടത്തുകയാണെന്ന് പറയുകയുണ്ടായി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വര്‍ഗീയ ധ്രുവീകരണ തന്ത്രങ്ങളുടെ ടൂള്‍കിറ്റാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.
ഉത്തര്‍ പ്രദേശില്‍ ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ ബി ജെ പി ശക്തികേന്ദ്രങ്ങളിലെ ഞെട്ടിപ്പിക്കുന്ന തിരിച്ചടിയാണ് ശക്തമായ വര്‍ഗീയ കാര്‍ഡ് ഇറക്കി കളിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ ഉള്‍പ്പെടെ ബി ജെ പിക്ക് വലിയ ക്ഷീണം സംഭവിച്ചിരുന്നു. ഹിന്ദുത്വത്തിന്റെ ഹൃദയ ഭൂമികളായ അയോധ്യ, മഥുര എന്നിവിടങ്ങളിലെല്ലാം ബി ജെ പി വലിയ തോല്‍വിയും ഏറ്റുവാങ്ങിയിരുന്നു. വാരാണസിയില്‍ ആകെയുള്ള 40 സീറ്റില്‍ ഏഴ് സീറ്റ് മാത്രമാണ് ബി ജെ പിക്ക് നേടാനായത്. അയോധ്യയില്‍ 40ല്‍ 24 സീറ്റും നേടിയത് സമാജ് വാദി പാര്‍ട്ടിയായിരുന്നു. ശ്രീകൃഷ്ണന്റെ ജന്മഭൂമിയായ മഥുരയില്‍ ബി ജെ പിക്ക് ലഭിച്ചതാകട്ടെ വെറും എട്ട് സീറ്റുകളും. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ ശക്തിയാര്‍ജിച്ച കര്‍ഷക സമരവും ലഖിംപൂര്‍ ഖേരിയിലെ കൂട്ടക്കൊലയുമൊക്കെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ബി ജെ പി നേതൃത്വം കണക്കുകൂട്ടി കാണണം. കര്‍ഷക ബില്ല് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാറിനെ പ്രേരിപ്പിച്ചതും ഈ പരാജയ ഭീതി മാത്രമാകും എന്നാണ് ഇപ്പോള്‍ നിരീക്ഷിക്കാനാകുക.
നേതാക്കളെ ഒന്നിച്ച് അണിനിരത്തി ബംഗാളില്‍ പരീക്ഷിച്ച മാസ്സ് ക്യാമ്പയിനില്‍ നിന്ന് വ്യത്യസ്തമായി നരേന്ദ്ര മോദി എന്ന വ്യക്തിയെ പ്രൊജക്ട് ചെയ്താണ് തിരഞ്ഞെടുപ്പ് രംഗത്ത് ബി ജെ പി തന്ത്രങ്ങള്‍ മെനയുന്നത്. ഭരണവിരുദ്ധ വികാരം മറച്ചു പിടിക്കാനാണ് മോദിയെ ഒരു കള്‍ട്ട് സ്റ്റാറ്റസിലേക്ക് ബി ജെ പി നേതൃത്വം തന്നെ ഉയര്‍ത്താന്‍ ശ്രമിക്കുന്നത് എന്ന വാദവും ഉയര്‍ന്നുവരുന്നുണ്ട്. മുഖ്യമന്ത്രി യോഗിയുടെ മോദി ഭക്തി തന്നെ ഈ ശ്രമങ്ങളുടെ ഏറ്റവും തീവ്രമായ അടയാളപ്പെടുത്തലായിരുന്നു. “ചരിത്രം സൃഷ്ടിക്കുന്ന മനുഷ്യരെ ഇതിഹാസങ്ങളായി ഓര്‍ക്കും. അത്തരം ഇതിഹാസ പുരുഷന്മാര്‍ നൂറ്റാണ്ടില്‍ ഒരിക്കല്‍ ജനിക്കുന്നു. അത്തരമൊരു ചരിത്രസൃഷ്ടിക്ക് കാശി സാക്ഷിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരം വര്‍ഷത്തിനുള്ളില്‍ നേടിയെടുക്കാന്‍ കഴിയാത്ത നേട്ടങ്ങള്‍ കൈവരിച്ചു. ഏകദേശം 400 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ അഭിമാനത്തിന്റെ പുനരുജ്ജീവനത്തിന് അദ്ദേഹം വഴിയൊരുക്കി’- ഈ വാഴ്ത്തലിലൂടെയാണ് ആദിത്യനാഥ് നരേന്ദ്ര മോദിയെ യു പി തിരഞ്ഞെടുപ്പ് ഗോദയുടെ കേന്ദ്ര സ്ഥാനത്തേക്ക് ആനയിച്ചിരുത്തുന്നത്. സംസ്‌കൃത ശ്ലോകം ഉദ്ധരിച്ചുകൊണ്ട് കാശിയുടെ പരാമ്പര്യത്തെ വൈകാരികമായി അവതരിപ്പിച്ച മോദി, യോഗിയുടെ ഉപമകളോട് നീതി പുലര്‍ത്തുംവിധം ആള്‍ക്കൂട്ടത്തെ വൈകാരികമായ ആവേശത്തിലേക്ക് തള്ളിവിടുകയും ചെയ്തു.
യു പിയില്‍ യോഗിക്ക് അടി തെറ്റിയാല്‍ അത് ഇന്ദ്രപ്രസ്ഥത്തിലെ തന്റെ സിംഹാസനം കൂടിയാകും ഇളക്കുക എന്ന നല്ല ബോധ്യം മോദിയിലുണ്ടാകും. അതുകൊണ്ട് തന്നെ വലിയ കേന്ദ്ര പദ്ധതികളാണ് ഇതിനോടകം തന്നെ ഉത്തര്‍ പ്രദേശിലേക്കായി മോദി നീക്കിവെച്ചത്. സംസ്ഥാനത്ത് തിരക്കിട്ട വികസന പദ്ധതികള്‍ പ്രഖ്യാപിക്കലും തറക്കല്ലിടല്‍ കര്‍മങ്ങളും ഗംഭീരമായി നടക്കുന്നുണ്ട്.
കഴിഞ്ഞ രണ്ട് മാസത്തെ കണക്കെടുത്താല്‍, കിഴക്കന്‍ ഉത്തര്‍ പ്രദേശ് എക്സ്പ്രസ്സ് വേ ഉദ്ഘാടനം ചെയ്ത മോദി, ആദിത്യനാഥിന്റെ കോട്ടയായ ഗൊരഖ്പൂരില്‍ 9,600 കോടിയുടെ പദ്ധതികള്‍ ആരംഭിച്ചു. നോയിഡയിലെ 3,300 ഏക്കറില്‍ മുപ്പതിനായിരം കോടി ചെലവില്‍ നിര്‍മിക്കുന്ന ജവാര്‍ വിമാനത്താവളവും ബല്‍റാംപൂരില്‍ സരയൂ കനാല്‍ പദ്ധതിയും കുശിനഗര്‍ വിമാനത്താവളവും ഇതിനോടകം ഉദ്ഘാടനം നിര്‍വഹിച്ച പദ്ധതികളില്‍ പെടുന്നു. മാത്രമല്ല, യമുനയുടെ പോഷക നദികളായ കെന്‍-ബെത്വ നദീ സംയോജന പദ്ധതിക്കും കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. നേരത്തേ ജാട്ട് സമുദായ പ്രീണനം ലക്ഷ്യമാക്കി ജാട്ട് രാജാവായിരുന്ന രാജാ മഹേന്ദ്ര പ്രതാപ് സിംഗിന്റെ പേരില്‍ അലിഗഢില്‍ ഒരു സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിക്കും ഒമ്പത് ജില്ലകളില്‍ മെഡിക്കല്‍ കോളജുകള്‍ക്കും പ്രധാനമന്ത്രി ശിലയിട്ടിരുന്നു.
തിരഞ്ഞെടുപ്പ് ഗോദയില്‍ സമാജ് വാദി പാര്‍ട്ടിക്കും ബി എസ് പിക്കും കോണ്‍ഗ്രസ്സിനുമൊക്കെ ബഹുദൂരം മുന്നിലാണ് ഇപ്പോള്‍ ബി ജെ പി. കിഴക്കന്‍ യു പിയില്‍ മാത്രം ഇക്കഴിഞ്ഞ എട്ടാഴ്ചക്കിടെ ആറ് തവണയാണ് നരേന്ദ്രമോദി വിമാനമിറങ്ങിയത്. ഡിസംബര്‍ 18 മുതല്‍ 28 വരെയുള്ള 10 ദിവസങ്ങള്‍ക്കിടയില്‍ നാല് തവണ മോദി യു പിയില്‍ എത്തുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. മോദിയുടെ വ്യക്തിത്വ ആരാധനയിലേക്ക് മാറുന്ന തിരഞ്ഞെടുപ്പ് ക്യാമ്പയിനുകള്‍ക്ക് വ്യക്തമായ മാര്‍ക്കറ്റിംഗ് തന്ത്രമുണ്ട്. തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായേക്കാവുന്ന യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് പൊതു സാമാന്യത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളുടെ കൂടി ഭാഗമാണിത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം ധൃതിപ്പെട്ട് 18ല്‍ നിന്ന് 21ലേക്ക് മാറ്റാനുള്ള മന്ത്രിസഭാ തീരുമാനവും ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന പദ്ധതിയും ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന ഒന്നാണ്. എന്തായാലും 2017ലെ പോലെ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല എന്ന് ബി ജെ പി നന്നായി മനസ്സിലാക്കിയിട്ടുണ്ട്. വലിയ തിരിച്ചടി നേരിട്ടില്ലെങ്കില്‍ പോലും ചെറിയ കാലിടറലുണ്ടായാല്‍ തന്നെ അത് 2024ലേക്കുള്ള സഞ്ചാര പാതയില്‍ തടസ്സങ്ങളുണ്ടാക്കുമെന്നതാണ് യു പി തിരഞ്ഞെടുപ്പില്‍ ബി ജെ പി കാണിക്കുന്ന അതിജാഗ്രതയുടെ മൂലകാരണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹിന്ദു സമുദായത്തിലെ ജാതി ഗ്രൂപ്പുകളുടെ ഏകീകരണത്തോടെ ലഭിച്ച വലിയ ഭൂരിപക്ഷം ഇത്തവണ ആവര്‍ത്തിക്കാന്‍ സാധ്യതയില്ല. തൊഴിലില്ലായ്മയും കര്‍ഷക സമരവുമൊക്കെ ഈ വോട്ട് ബേങ്ക് ഭിന്നിപ്പിക്കാന്‍ പാകത്തിലുള്ള വിഷയങ്ങളാണ്. പക്ഷേ ഹിന്ദുത്വം ഈ രാഷ്ട്രീയ പ്രതിസന്ധിയെ വര്‍ഗീയതയുടെ മറ പിടിച്ച് മായ്ച്ചുകളയും എന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയ രംഗം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
source https://www.sirajlive.com/laying-stone-for-the-corridors-of-the-partition.html
إرسال تعليق