പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ലേക്ക് കേന്ദ്ര സര്‍ക്കാര്‍ നീട്ടിപ്പിടിക്കുമ്പോള്‍ അതിനൊപ്പം തഴക്കുന്ന അനേകം ആശങ്കകള്‍ ഉണ്ട്. അവയില്‍ ചിലത് രാഷ്ട്രീയമാണ്, മറ്റു ചിലത് സാമൂഹികമാണ്. അക്കമിട്ടു വിശദീകരിക്കാം.
1. ഈ നിയമം ഒരു ‘ഹിന്ദു’ സൃഷ്ടിയാണ്. ആരാണ് ഹിന്ദു എന്നത് ആര്‍ എസ് എസ് മുമ്പേ നിര്‍വചിച്ചു കഴിഞ്ഞതാണ്. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് സമീപകാലത്തു നടത്തിയ പ്രസ്താവനകള്‍ ശ്രദ്ധിച്ചുവോ? അതിലുണ്ട് ജനാധിപത്യവാദികളുടെ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം. “”40,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഡി എന്‍ എ ഇന്നത്തെ ആളുകളുടേതിന് സമാനമാണ്. നമ്മുടെ എല്ലാവരുടെയും പൂര്‍വികര്‍ ഒന്നാണ്. ആ പൂര്‍വികര്‍ കാരണം നമ്മുടെ നാട് അഭിവൃദ്ധിപ്പെട്ടു, നമ്മുടെ സംസ്‌കാരം തുടര്‍ന്നു” (ധരംശാല പ്രസംഗം, ഡിസംബര്‍ 19). “ഇന്ത്യ ഒറ്റയ്ക്ക് നിന്നു. ഇതാണ് ഹിന്ദുത്വയുടെ സത്ത. ഇക്കാരണത്താല്‍ ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണ്’ (നവംബര്‍ 28ന് ഗ്വാളിയോറില്‍). “ഹിന്ദുക്കളും മുസ്‌ലിംകളും ഒരേ പൈതൃകമാണ് പങ്കിടുന്നത്. ഞങ്ങളുടെ വിഭാവനയില്‍ ഹിന്ദു എന്നാല്‍ രാഷ്ട്രമെന്നും പണ്ടുകാലം മുതല്‍ക്കേ തുടര്‍ന്നു പോരുന്ന സംസ്‌കാരവും എന്നാണ് അര്‍ഥം. ഹിന്ദു എന്ന പദം ജാതിമത ഭേദമന്യേ, സ്ഥലകാല ഭേദമന്യേ എല്ലാ ആളുകളെയും സൂചിപ്പിക്കുന്നതാണ്. ഇന്ത്യയിലെ എല്ലാവരും ഹിന്ദുക്കളാണ്’ (പുണെ പ്രസംഗം, സെപ്തംബര്‍ 7). എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണ് എന്ന് പ്രസംഗങ്ങളിലും പ്രസ്താവനകളിലും ആര്‍ എസ് എസ് മേധാവി ആവര്‍ത്തിച്ചുന്നയിക്കുന്നു എന്നത് യാദൃച്ഛികമല്ല. ആര്‍ എസ് എസ് ഹിന്ദുവിനെ എങ്ങനെയാണ് നിര്‍വചിക്കുന്നത്. പുണെ പ്രസംഗത്തില്‍ അദ്ദേഹം തന്നെ പറയുന്നതു പ്രകാരം ഹിന്ദു എന്നാല്‍ രാഷ്ട്രം തന്നെയാണ്. എല്ലാവരെയും ഒറ്റ സമൂഹമായി കാണുന്നു. ഈയൊരു ഏകശിലാത്മകമായ ഹിന്ദുവിഭാവനയില്‍ നിന്നാണ് ആര്‍ എസ് എസ് വിവാഹപ്രായ നിയമം ചുട്ടെടുത്തത്. അത് ഒട്ടുമേ നിഷ്‌കളങ്കമാകില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ടു തന്നെയാകണം ഈ നിയമം എന്തിനെന്നു യുക്തിസഹമായി വിശദീകരിക്കാന്‍ നിര്‍ദിഷ്ട ബില്ലിന് കഴിയാത്തത്.
2. വ്യക്തി നിയമത്തിലുള്ള കടന്നുകയറ്റം: വിവാഹിതരായില്ലെങ്കിലും 18 വയസ്സ് പൂര്‍ത്തിയായ സ്ത്രീ, പുരുഷന്മാര്‍ക്ക് ഒരുമിച്ചു ജീവിക്കുന്നതിനോ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനോ ഇന്ത്യയില്‍ തടസ്സമില്ല. ഒരു പൗരന് സുപ്രധാനമായ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാനുള്ള അവസരം -വോട്ടവകാശം- പതിനെട്ടാം വയസ്സില്‍ കൈവരുന്നുണ്ട്. 18 വയസ്സാകുന്നതോടെ ഒരാള്‍ക്ക് ഇഷ്ടമുള്ള ജോലി തിരഞ്ഞെടുക്കാന്‍ കൂടി നിയമാനുസൃതം കഴിയുന്നുണ്ട്. എന്നിട്ടും വിവാഹത്തിന് 21 വയസ്സ് പൂര്‍ത്തിയാകണം എന്ന ശാഠ്യത്തിനു പിറകില്‍ ഒളിഞ്ഞിരിപ്പുള്ളത് വ്യക്തിനിയമം ഏകീകരിക്കുക എന്ന അജന്‍ഡ തന്നെയാണ്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട്- 1954, ബാല വിവാഹ നിരോധന നിയമം-2006, ഫോറിന്‍ മാര്യേജ് ആക്ട്-1969, മുസ്‌ലിം വ്യക്തിനിയമം-1937, ഹിന്ദു വിവാഹ നിയമം-1955, ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമം-1872, പാര്‍സി വിവാഹവും വിവാഹ മോചനവും നിയമം-1955, ഹിന്ദു മൈനോരിറ്റി ആന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് ആക്ട്-1956, ഹിന്ദു അഡോപ്ഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് ആക്ട്-1956- ഇത്രയും നിയമങ്ങള്‍ ഒറ്റയടിക്ക് ഭേദഗതി ചെയ്തുകൊണ്ടാണ് “ബാല വിവാഹ(ഭേദഗതി)ബില്‍ 2021′ കൊണ്ടുവരുന്നത്. ഇക്കാലത്ത് ‘പ്രസക്തമല്ലാത്ത’ വേറെയും അനേകം നിയമങ്ങള്‍ കേന്ദ്രം പുനഃപരിശോധിക്കാനൊരുങ്ങുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയമത്തിന്റെ “പ്രസക്തി’ പരിശോധിക്കപ്പെടുന്നത് ആര്‍ എസ് എസ് ദൃഷ്ടിയിലൂടെയാകും എന്നതാണ് ഈ പുനഃപരിശോധനയെ സംശയസ്പദമാക്കുന്നത്.
3. ഏകീകൃത സിവില്‍ നിയമത്തിലേക്ക് വാതില്‍ തുറന്നിടുന്നു. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ജീവനാംശം എന്നിവയില്‍ എല്ലാ പൗരന്മാര്‍ക്കും ബാധകമാകുന്ന ഏകീകൃത നിയമം രാജ്യത്തുണ്ടാകണമെന്നത് 1998 മുതല്‍ ബി ജെ പി ആവശ്യപ്പെടുന്നുണ്ട്. വിവാഹത്തിലും വിവാഹ മോചനത്തിലുമൊക്കെ വിവിധ സമുദായങ്ങളില്‍ നിലനില്‍ക്കുന്ന മതാനുസൃതം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന നിയമങ്ങള്‍ ഇല്ലാതാക്കി എല്ലാവര്‍ക്കും ഒരൊറ്റ നിയമം എന്നുപറയുമ്പോള്‍ ആര്‍ എസ് എസിന്റെ ഉള്ളിലിരിപ്പ് എന്താണെന്നത് അവ്യക്തമല്ല. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണ് എന്ന വായ്ത്താരിയോട് ചേര്‍ത്തുവെച്ച് ഏകീകൃത സിവില്‍ നിയമം വായിച്ചാല്‍ അജന്‍ഡ വെളിപ്പെടും. ആ വഴിയില്‍ നിര്‍ണായകമായൊരു നീക്കമായി വേണം പെണ്‍കുട്ടികളുടെ വിവാഹപ്രായ പരിധി ഉയര്‍ത്താനുള്ള നടപടിയെ കാണാന്‍. ഭരണഘടനയെ റദ്ദ് ചെയ്യാതെ തന്നെ ഭരണഘടനാ മൂല്യങ്ങളെ എങ്ങനെ റദ്ദ് ചെയ്യാമെന്ന് ബി ജെ പിക്ക് നന്നായറിയാം. പൗരത്വ ഭേദഗതി നിയമം അത്തരത്തിലൊന്നായിരുന്നു. അതേക്കാള്‍ എളുപ്പമാണ് ഏകീകൃത സിവില്‍ നിയമം കൊണ്ടുവരിക എന്നത്. ഭരണഘടനയുടെ 44ാം ഖണ്ഡികയിലെ ഇതുസംബന്ധിച്ച പരാമര്‍ശം തന്നെയാണ് പ്രധാന പിടിവള്ളി. സരള മുഗ്ദല്‍ കേസിലെയും ജോണ്‍ വള്ളിമറ്റം കേസിലെയും സുപ്രീം കോടതി പരാമര്‍ശങ്ങള്‍ കൂടിയാകുമ്പോള്‍ ഏകീകൃത നിയമത്തിനു മറ്റു ന്യായങ്ങള്‍ തിരഞ്ഞു പോകുകയും വേണ്ട.
4. ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളാതെയും മുഖവിലക്കെടുക്കാതെയുമാണ് നിയമം പടച്ചുണ്ടാക്കിയത്. സ്ത്രീകളുടെ ആരോഗ്യപ്രശ്‌നവും പോഷകാഹാരക്കുറവും പരിഗണിച്ചാണത്രെ വിവാഹപ്രായം 21 ആക്കുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് പോഷകാഹാരത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കപ്പെടുമോ? ഇതാരുടെ ബുദ്ധിയാണ്? രാജ്യത്തെ ജനങ്ങളുടെ പോഷകാഹാരക്കുറവ് പരിഹരിക്കേണ്ടതാരാണ്? അതിനു പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതാരാണ്? നിശ്ചയമായും അത് ഭരണകര്‍ത്താക്കളുടെ ഉത്തരവാദിത്വമാണ്. ഇന്ത്യയുടെ ജനസംഖ്യയില്‍ 24 ശതമാനം ആളുകളില്‍ പോഷകാഹാരക്കുറവ് ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനു പ്രതിവിധി വിവാഹപ്രായം 21 ആക്കി ഉയര്‍ത്തലല്ല തന്നെ.
ഇങ്ങനെയോ സ്ത്രീശാക്തീകരണം?
ഇന്ത്യന്‍ ജനത ഭാഷയിലും വേഷത്തിലുമെന്നപോലെ ശാരീരികക്ഷമതയിലും സാമൂഹിക നിലയിലും തൊഴിലവസ്ഥയിലും വ്യത്യസ്തത പുലര്‍ത്തുന്നവരാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഈ വ്യത്യാസം കാണാം. തൊഴില്‍ പങ്കാളിത്ത നിരക്കില്‍ സ്ത്രീ-പുരുഷ അനുപാതം പരിശോധിച്ചാലും ഈ വേര്‍തിരിവ് കാണാം. അമ്പത് ശതമാനത്തിനു മുകളിലാണ് ഇന്ത്യയില്‍ പുരുഷന്മാരുടെ തൊഴില്‍ പങ്കാളിത്തം. സ്ത്രീകളുടേത് 20 ശതമാനത്തില്‍ താഴെയും. ജാതി സമൂഹങ്ങള്‍ തിരിച്ചുള്ള കണക്കെടുത്താല്‍ തൊഴില്‍ മേഖലയിലെ സ്ത്രീ-പുരുഷ അനുപാതം പിന്നെയും വ്യത്യാസപ്പെടും. കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ-ഇക്കണോമിക്ക് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ് (സി എസ് ഇ എസ്) 2021ല്‍ നടത്തിയ പഠനത്തില്‍ ഗ്രാമീണ മേഖലയില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം പുരുഷന്മാരുടേതിന്റെ പകുതിയേ ഉള്ളൂ എന്ന് കണ്ടെത്തിയിട്ടുണ്ട്. “പുരുഷന്മാര്‍ക്കിടയില്‍ 13 ശതമാനമാണ് തൊഴിലില്ലായ്മാ നിരക്കെങ്കില്‍ സ്ത്രീകള്‍ക്കിടയില്‍ 43 ശതമാനമാണ്. പുരുഷന്മാരില്‍ തൊഴിലില്ലായ്മാ നിരക്ക് കാര്യമായുള്ളത് 18-25 പ്രായപരിധിയിലുള്ളവരിലാണ്. സ്ത്രീകള്‍ക്കിടയില്‍ 31-35 പ്രായപരിധിയിലുള്ളവരിലാണ് തൊഴിലില്ലായ്മാ നിരക്ക് കൂടുതല്‍’-ഇങ്ങനെ പോകുന്നു പഠനത്തിലെ കണ്ടെത്തലുകള്‍. കേരളത്തിലെ അവസ്ഥയാണിത്. ദേശീയമായി പരിശോധിക്കുമ്പോള്‍ പ്രാദേശിക സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഇതില്‍ മാറ്റങ്ങള്‍ വന്നേക്കാം. കേരളത്തില്‍ കൃഷി പലപ്പോഴും ഒരു തൊഴിലായി എണ്ണപ്പെടാറില്ല. പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളില്‍ അതല്ലല്ലോ സ്ഥിതി. അവിടെ കൃഷി ഉപജീവന മാര്‍ഗമാണ്. സ്ത്രീകളും അതില്‍ പങ്കാളികളാണ്. ഇങ്ങനെ പലതരത്തില്‍ ഭിന്നമായി നില്‍ക്കുന്ന സാമൂഹികാവസ്ഥകളെ ഒറ്റക്കണ്ണാല്‍ വായിക്കാന്‍ ശ്രമിച്ചതിന്റെ വിപരീതഫലമാണ് ഒരര്‍ഥത്തില്‍ പ്രായപരിധി ഉയര്‍ത്തല്‍ നിയമം. ആരോഗ്യകരമായ പ്രസവവും സ്ത്രീശാക്തീകരണവുമാണ് നിയമം ലക്ഷ്യമിടുന്നത് എന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയില്‍ വലഞ്ഞുപോയ അനേകായിരം മനുഷ്യരുണ്ട്. അവരില്‍ സ്ത്രീകളും കുഞ്ഞുങ്ങളുമുണ്ട്. തൊഴില്‍ നഷ്ടപ്പെട്ട് ജീവിതം സ്തംഭിച്ചുപോയ ലക്ഷക്കണക്കിന് കുടുംബങ്ങളെ കരകയറ്റാന്‍ പദ്ധതി ഇല്ലാത്ത ഒരു ഭരണകൂടമാണ് സ്ത്രീശാക്തീകരണമൊക്കെ സംസാരിക്കുന്നത് എന്നതാണ് അതിശയകരമായ കാര്യം. മുത്വലാഖ് നിയമം കൊണ്ടുവന്നപ്പോഴും ഇതേ കസര്‍ത്തുകള്‍ നമ്മള്‍ കേട്ടതാണ്. മുസ്‌ലിം സ്ത്രീകളെ രക്ഷിക്കാനും ശാക്തീകരിക്കാനും എന്ന് കൊട്ടിഘോഷിച്ചു കൊണ്ടുവന്ന നിയമം മുസ്‌ലിം പുരുഷന്മാരെ ജയിലില്‍ തള്ളാനുള്ള മറ്റൊരുപായമായിത്തീര്‍ന്നു! അത്രയൊക്കെയേ ഹിന്ദുത്വ സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിക്കാവൂ.
മുസ്‌ലിംകള്‍ക്ക് ക്ലാസെടുക്കുന്നവരോട്
മുസ്‌ലിംകളെ മാത്രം ബാധിക്കുന്നതാണ് വിവാഹപ്രായ ഭേദഗതി നിയമം എന്ന വായനകളിലേക്ക് കേരളത്തിലെ ചില പുരോഗമനവാദികള്‍ പോലും എളുപ്പം എത്തിച്ചേര്‍ന്നു എന്നത് അതിശയകരമാണ്! മുസ്‌ലിം വ്യക്തിനിയമത്തില്‍ പ്രായപൂര്‍ത്തിയാകുകയാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം എന്നിരിക്കിലും ഇന്ത്യന്‍ നിയമപ്രകാരമുള്ള 18 വയസ്സ് പാലിച്ചുകൊണ്ടുതന്നെയാണ് വിവാഹങ്ങള്‍ നടക്കാറുള്ളത്. എന്നുമാത്രമല്ല, ബാലവിവാഹം ദേശീയതലത്തില്‍ തന്നെ നന്നേ കുറവാണ് മുസ്‌ലിം സമുദായത്തില്‍. 2016ല്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ പത്ത് വയസ്സില്‍ താഴെ വിവാഹിതരാകുന്ന 12 മില്യണില്‍ 84 ശതമാനം കുട്ടികളും ഹിന്ദു മതത്തില്‍ നിന്നാണ്. 11 ശതമാനം പേര്‍ ഇസ്‌ലാം മതത്തില്‍ നിന്നും. ഹിന്ദുക്കളില്‍ 6.65 മില്യണ്‍ പെണ്‍കുട്ടികളും 3.56 മില്യണ്‍ ആണ്‍കുട്ടികളും പത്ത് വയസ്സിന് മുന്നേ വിവാഹിതരാകുന്നു. മുസ്‌ലിംകളില്‍ ഇത് 0.88 മില്യണും 0.49 മില്യണുമാണ് എന്നുമുണ്ട് ആ റിപ്പോര്‍ട്ടില്‍.
മുസ്‌ലിം സമുദായം സംഘ്പരിവാറിന്റെ പ്രതിപ്പട്ടികയില്‍ ഒന്നാമതാണ്. അതുകൊണ്ട് ഇത് മുസ്‌ലിംകളെ മാത്രമേ ബാധിക്കൂ എന്ന് മനപ്പായസമുണ്ടവര്‍ ഒറ്റയടിക്ക് ഭേദഗതി ചെയ്യപ്പെടാന്‍ പോകുന്ന നിയമങ്ങളെക്കുറിച്ച് പോലും അജ്ഞരാണ് എന്ന് പറയേണ്ടിവരും. തീര്‍ച്ചയായും ഇതുമുസ്‌ലിംകളുടെ കൂടി പ്രശ്നമാണ്, മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമല്ല. മുസ്‌ലിംകള്‍ പിന്നാക്കമായി പോയത് പെണ്‍കുട്ടികളെ നേരത്തേ “കെട്ടിച്ചുവിട്ടതു’കൊണ്ടാണ് എന്നതു പോലുള്ള കണ്ടുപിടിത്തങ്ങള്‍ വസ്തുതയുമായി ഒത്തുപോകുന്നില്ല. പഠനങ്ങളോ കണക്കുകളോ അത് സമ്മതിച്ചുതരില്ല. മുസ്‌ലിംകളെ ഗുണദോഷിച്ച് “നന്നാക്കിയെടുക്കാനുള്ള’ അവസരമായി ഈ നിയമത്തെയും കാണുന്നവര്‍ സാമൂഹിക യാഥാര്‍ഥ്യങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ്. മുസ്‌ലിംകളുടെ സാമൂഹിക ജീവിതം കൈവരിച്ച അനിതരസാധാരണമായ മുന്നേറ്റത്തെ ഇകഴ്ത്തിക്കാണുന്നവര്‍ക്ക് മാത്രമുള്ള ദുഷ്ടബുദ്ധിയോടെ സമുദായത്തെ നന്നാക്കാനിറങ്ങിയവരോട് ഒരു കാര്യം ഉണര്‍ത്താതെവയ്യ. ഇന്ത്യ ഭരിക്കുന്നത് സംഘ്പരിവാറാണ്. അങ്ങനെയൊരു കാലത്ത് അപരവത്കരിക്കപ്പെടുന്ന സമൂഹങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ജനാധിപത്യത്തിന്റെ പട്ടില്‍ പൊതിഞ്ഞ നിങ്ങളുടെ വരേണ്യബോധം അനുവദിക്കുന്നില്ലെങ്കില്‍ വേണ്ട, മുസ്‌ലിംകളെ കൂടെക്കൂടെ ഉപദേശിക്കുന്ന ഏര്‍പ്പാട് അറുബോറാണ്.
സ്ത്രീകളുടെ സ്വയംതിരഞ്ഞെടുപ്പവകാശത്തെ തന്നെയാണ് ഈ നിയമം ആത്യന്തികമായി നിഷേധിക്കുന്നത്. 18 വയസ്സ് മുതല്‍ ഒരുമിച്ചു ജീവിക്കാന്‍ തടസ്സമില്ലാത്ത രാജ്യത്ത് വിവാഹവും പ്രസവവുമൊക്കെ ഒളിച്ചു നടത്തേണ്ടിവരുന്ന അവസ്ഥയുണ്ടാകുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. വിവാഹം രജിസ്റ്റര്‍ ചെയ്യാതെ യുവതീയുവാക്കള്‍ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്നു; ബന്ധുക്കളുടെ ആശീര്‍വാദത്തോടെ തന്നെ. ആ ബന്ധത്തില്‍ പെണ്‍കുട്ടി ഗര്‍ഭം ധരിക്കുന്നു. ഗര്‍ഭകാല പരിശോധനക്കോ എന്തിന് പ്രസവത്തിനു തന്നെയോ ഹോസ്പിറ്റലില്‍ പോയാല്‍ “21 വയസ്സ് നിയമ’ത്തിന്റെ നീരാളിക്കൈകള്‍ തങ്ങളെ പിടികൂടിയേക്കുമെന്ന് ഇരുവരും ഭയപ്പെടുന്നു. ഇങ്ങനെയൊരവസ്ഥയില്‍ എന്തുസംഭവിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഗര്‍ഭം ധരിച്ച സ്ത്രീയുടെയും ഉദരത്തിലെ ജീവന്റെയും സുരക്ഷിതത്വം തന്നെ അപകടത്തിലാകുന്ന നിലയുണ്ടാകും. അത് സംഭവിച്ചുകൂടാ എന്നതുകൂടിയാണ് ഈ നിയമത്തെ എതിര്‍ക്കുന്നവരുടെ ന്യായം. ശരിയായ വിദ്യാഭ്യാസം പോലും കിട്ടാക്കനിയായ പ്രദേശങ്ങളില്‍ ഇതുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതാകില്ല.
source https://www.sirajlive.com/how-far-is-it-to-the-unified-personal-law.html
Post a Comment