ഗോവയില്‍ ആദിവാസികള്‍ക്കൊപ്പം നൃത്തം ചവിട്ടി പ്രിയങ്ക; രാജ്യം ദുഃഖാചരണം നടത്തുമ്പോള്‍ ആഘോഷമെന്ന് ബി ജെ പി

ന്യൂഡല്‍ഹി | ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സന്ദര്‍ശിച്ച എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇവിടുത്തെ ആദിവാസി വിഭാഗങ്ങളുടെ പരമ്പരാഗത നൃത്തത്തില്‍ പങ്കുചേര്‍ന്നു. ഗോവയിലെ മോര്‍പിര്‍ല ഗ്രാമത്തിലെ ആദിവാസി വിഭാഗത്തിന്റെ പരമ്പരാഗത വേഷം ധരിച്ച് ഇവര്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെ വീഡിയോ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് പുറത്ത് വിട്ടത്. ഇവരുടെ പരമ്പരാഗത വേഷത്തില്‍ എത്തിയ പ്രിയങ്കക്ക് നൃത്തം ചെയ്യുന്ന ആദിവാസി സ്ത്രീകള്‍ ചുവടുകള്‍ പഠിപ്പിച്ചുകൊടുക്കുന്നതായും കാണാം.

മോര്‍പിര്‍ലയിലെ ശക്തരും ആത്മവിശ്വാസമുള്ളവരുമായ വനിതകള്‍ക്കൊപ്പം എന്ന അടിക്കുറിപ്പോടെ പ്രിയങ്ക ഈ ചിത്രം പങ്കുവെച്ചിട്ടുമുണ്ട്. സംസ്ഥാനത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിന് മുന്നിട്ടിറങ്ങിയവരാണ് ഈ വനിതകള്‍ എന്നും പ്രിയങ്കാ ഗാന്ധി അഭിപ്രായപ്പെട്ടു.

എന്നാല്‍, ഇതിനെതിരെ കടുത്ത വിമര്‍ശനവുമായി ബി ജെ പി രംഗത്തെത്തി. സംയുക്ത സൈനിക മേധാവിയുടെ മരണത്തില്‍ രാജ്യം ദുഃഖാചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ പ്രിയങ്കാ ഗാന്ധി ഗോവയില്‍ നൃത്തം ചെയ്യുകയാണെന്ന് ബി ജെ പി ഐ ടി സെല്‍ തലവന്‍ അമിത് മാളവ്യ വിമര്‍ശിച്ചു. മുംബൈ ഭീകരാക്രമണം നടന്നപ്പോള്‍ രാഹുല്‍ പുലര്‍ച്ചെവരെ സത്കാരത്തിലായിരുന്നുവെന്നും അമിത് മാളവ്യ ആരോപിച്ചു. ഇതിനേക്കാള്‍ അപമാനകരമായത് മറ്റെന്തെങ്കിലും ഉണ്ടോ എന്നും മാളവ്യ ചോദിച്ചു.



source https://www.sirajlive.com/priyanka-dances-with-tribals-in-goa-bjp-says-celebration-is-when-the-country-mourns.html

Post a Comment

أحدث أقدم