ജിഫ്‌രി തങ്ങളുടെ പ്രസ്താവന ലീഗിന് കിട്ടിയത് തിരിച്ചടി; ഒപ്പം മധുര പ്രതികാരവും

കോഴിക്കോട് | മുസ്‌ലിം പള്ളികളിൽ ജുമുഅക്കു ശേഷം ഇടത് സർക്കാറിനെതിരെ പ്രഭാഷണം നടത്തുമെന്ന മുസ്‌ലിം ലീഗിന്റെ പ്രഖ്യാപനത്തെ ഇ കെ വിഭാഗം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ തള്ളിയതോടെ ലീഗിനേറ്റത് കനത്ത തിരിച്ചടിയും മധുര പ്രതികാരവും. ഇതിന് മുമ്പ് പൗരത്വ- സംവരണ വിഷയങ്ങളിൽ ഇ കെ വിഭാഗം മുൻകൈയെടുത്ത് വിളിച്ചു ചേർത്ത മുസ്‌ലിം സംഘടനകളുടെ യോഗം ലീഗ് സമ്മർദത്തിന് വഴങ്ങി റദ്ദാക്കപ്പെട്ടതായി വാർത്തയുണ്ടായിരുന്നു. ഇത്തരം വിഷയങ്ങളിൽ യോഗം വിളിച്ചു ചേർക്കേണ്ടതും നിയന്ത്രിക്കേണ്ടതും മുസ്‌ലിം ലീഗാണെന്ന നിലപാടായിരുന്നു ഇത് റദ്ദാക്കപ്പെട്ടതിന് പിന്നിലെന്നായിരുന്നു വിവരം. എന്നാൽ, വഖ്ഫ് ബോർഡ് വിഷയത്തിൽ മുസ്‌ലിം ലീഗ് മുൻകൈയെടുത്ത് പ്രഖ്യാപിച്ച തീരുമാനം നടപ്പാക്കാനാകില്ലെന്ന ഇ കെ വിഭാഗത്തിന്റെ നിലപാട് ലീഗിനോടുള്ള മധുരപ്രതികാരം കൂടിയായാണ് വിലയിരുത്തപ്പെടുന്നത്. പൗരത്വ ബിൽ വിഷയത്തിന്റെ പശ്ചാത്തലത്തിൽ 2019 ഡിസംബറിൽ ചേളാരി സമസ്താലയത്തിൽ ചേർന്ന സമസ്ത ഏകോപന സമിതി തീരുമാന പ്രകാരമായിരുന്നു എല്ലാ വിഭാഗം മുസ്‌ലിം സംഘടനകളുടെയും യോഗം ഇ കെ വിഭാഗം വിളിച്ചത്.

യോഗം വിളിച്ചു ചേർക്കാൻ തന്നെയും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും സമസ്ത ഏകോപന സമിതി യോഗം ചുമതലപ്പെടുത്തിയ കാര്യം ജിഫ്‌രി മുത്തുക്കോയ തങ്ങൾ അന്ന് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ 2019 ഡിസംബർ ഒമ്പതിന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് പ്രഖ്യാപിച്ച യോഗം ഒരു മണിക്കൂർ മുമ്പാണ് റദ്ദാക്കിയത്. സമസ്ത വൈസ് പ്രസിഡന്റ് കൂടിയായിരുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അസൗകര്യം കാരണമാണ് യോഗം മാറ്റിയതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ലീഗ് നേതൃത്വം വിളിക്കുന്ന യോഗത്തിൽ പങ്കെടുക്കാത്ത ചില വിഭാഗങ്ങൾ സമസ്ത മുൻകൈയെടുത്ത് വിളിക്കുന്ന യോഗത്തിൽ പങ്കെടുക്കുമെന്ന വിവരം മുസ്‌ലിം ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. മുസ്‌ലിം ലീഗ് അടക്കം രാഷ്ട്രീയ സംഘടനകൾക്കൊന്നും യോഗത്തിലേക്ക് ക്ഷണവുമുണ്ടായിരുന്നില്ല. ലീഗിന്റെ അതൃപ്തി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മുഖേനയും ഒരു മുജാഹിദ് നേതാവ് മുഖേനയും സമസ്ത ഇ കെ വിഭാഗത്തെ ലീഗ് അറിയിച്ചിരുന്നുവത്രെ. ഇതു പ്രകാരം സംവരണ വിഷയത്തിലും സമസ്ത ഇ കെ വിഭാഗം മുൻകൈയെടുക്കാനുള്ള തീരുമാനവും അട്ടിമറിക്കപ്പെട്ടു.

മുസ്‌ലിം പള്ളികളിൽ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തോടനുബന്ധിച്ച് നടക്കുന്ന പ്രഭാഷണങ്ങളിൽ ഇടതു മുന്നണി സർക്കാറിനെതിരായ ബോധവത്കരണം നടത്തണമെന്നായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ പ്രസ്താവന. പതിനാറോളം മുസ്‌ലിം സംഘടനകളുടെ നേതൃത്വം എന്ന നിലക്കായിരുന്നു സലാം മാധ്യമങ്ങളെ കണ്ടത്. എന്നാൽ, പള്ളികളിൽ ഇത്തരത്തിൽ പ്രഭാഷണം നടത്തുന്നത് അപകടം ചെയ്യുമെന്നും അത്തരത്തിലൊരു പ്രതിഷേധം പള്ളികളിൽ ഉണ്ടാകില്ലെന്നുമാണ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഇന്നലെ അറിയിച്ചത്.

സമുദായ വിഷയങ്ങളെ രാഷ്ട്രീയവത്കരിക്കുക വഴി ഐക്യവും സമാധാനവും നഷ്ടപ്പെടുന്നുവെന്ന വിലയിരുത്തലും ഇ കെ വിഭാഗത്തിനുള്ളിൽ നിന്ന് ശക്തമായി ഉയർന്നിട്ടുണ്ട്. കൂടാതെ, ഇടക്കിടെ മുസ്‌ലിം സൗഹൃദ വേദി എന്ന പേരിൽ മുസ്‌ലിം ലീഗ് വിളിച്ചു ചേർക്കുന്ന ചില യോഗങ്ങൾ ലീഗിന് രാഷ്ട്രീയമായി മെച്ചമുണ്ടാകുമെങ്കിലും ഉന്നയിക്കപ്പെടുന്ന വിഷയങ്ങൾ വേണ്ടത്ര ഫലം കാണാറില്ലെന്നതാണ് മറ്റൊരു വിമർശനം.



source https://www.sirajlive.com/geoffrey-39-s-statement-was-a-setback-for-the-league-and-sweet-revenge.html

Post a Comment

أحدث أقدم