ലഹരി ഉപയോഗം ചോദ്യം ചെയ്തു; ക്ലാസിനിടെ അധ്യാപകന്റെ തലവഴി ചവറ്റുകൊട്ട കമിഴ്ത്തി വിദ്യാര്‍ഥികള്‍

നല്ലൂര്‍ | കര്‍ണ്ണാടകയില്‍ അധ്യാപകന് നേരെ വിദ്യാര്‍ഥികളുടെ അതിക്രമം. പ്രവൃത്തി സമയത്തിനിടെ അഞ്ചംഗ വിദ്യാര്‍ഥി സംഘമാണ് അധ്യാപകനെ ക്ലാസ് മുറിയില്‍ വെച്ച് മര്‍ദ്ദിച്ചത്. ചന്നഗിരി താലൂക്കില്‍ നല്ലൂരിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തിലാണ് സംഭവം. പത്താം തരം വിദ്യാര്‍ഥികളാണ് സംഭവത്തിന് പിന്നില്‍.

ഹിന്ദി അധ്യാപകന്‍ പ്രകാശിന് നേരെയാണ് വിദ്യാര്‍ഥികളുടെ ആക്രമണം. അധ്യാപകന്‍ ക്ലാസില്‍ എത്തിയത് മുതല്‍ വിദ്യാര്‍ഥികള്‍ അധ്യാപകനോട് അപമര്യാദയായി പെരുമാറാന്‍ ആരംഭിച്ചു. ഒരാള്‍ ചവറ്റുകൊട്ടകൊണ്ട് അധ്യാപകനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. ക്ലാസ് തുടര്‍ന്ന ഇദ്ദേഹത്തിന്റെ തലവഴി ഈ ചവറ്റുകൊട്ട വിദ്യാര്‍ഥികളില്‍ ഒരാള്‍ കമിഴ്ത്തി.

ക്ലാസില്‍ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചത് ചോദ്യം ചെയ്തതിനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് അധ്യാപകന്‍ പിന്നീട് പറഞ്ഞു. വിദ്യാര്‍ഥികളുടെ ഭാവിയെക്കരുതി അധ്യാപകന്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നില്ല. എന്നാല്‍, സംഭവത്തിന്റെ വീഡിയോ പുറത്തായതോടെ പുറം ലോകം അറിഞ്ഞു.

സംഭവം അറിഞ്ഞ് സ്‌കൂളിലെത്തിയ സ്ഥലം എം എല്‍ എയും പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും ഇനിമേല്‍ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടില്ലെന്ന് വിദ്യാര്‍ഥികളില്‍ നിന്ന് എഴുതി വാങ്ങി.



source https://www.sirajlive.com/drug-use-questioned-students-throw-trash-can-on-teacher-39-s-head-during-class.html

Post a Comment

أحدث أقدم