കൊന്നുതള്ളുന്നത് ജനാധിപത്യമല്ല; രാഷ്ട്രീയ മൗഢ്യം

ആലപ്പുഴയില്‍ എസ് ഡി പി ഐ, ബി ജെ പി നേതാക്കള്‍ കൊല്ലപ്പെട്ടതില്‍ പോലീസ് നടപടി ശക്തമായി മുന്നോട്ട് പോകുകയാണ്. ഏഴ് പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും ജാഗ്രത ശക്തമാക്കണമെന്നുമാണ് പോലീസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. നിരോധനാജ്ഞ നീട്ടിയത് ഈ പശ്ചാത്തലത്തിലാണ്. ഇനിയൊരു അക്രമ സംഭവം ഉണ്ടാകാതിരിക്കാനും സംസ്ഥാനത്തിന്റെ മറ്റിടങ്ങളില്‍ സംഘര്‍ഷം ഉരുണ്ടുകൂടാതിരിക്കാനും കര്‍ശന പരിശോധനയിലേക്ക് പോലീസ് ഉണര്‍ന്നിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. ഈ ശ്രമങ്ങളോട് എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കേണ്ടതാണ്. പൗര ജാഗ്രതയും പഴുതടച്ച നിയമസംവിധാനവും കൈകോര്‍ക്കുമ്പോള്‍ മാത്രമേ നാട്ടില്‍ സമാധാനവും നിയമവാഴ്ചയും സാധ്യമാകൂ. വൈകാരിക പ്രതികരണങ്ങളില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണം. സമാധാന ശ്രമങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കരുത്. സര്‍വകക്ഷി യോഗത്തില്‍ സംബന്ധിക്കുകയും ആ ഹാള്‍ വിട്ടിറങ്ങി അടുത്ത അരുംകൊലക്ക് പദ്ധതി തയ്യാറാക്കുകയും ചെയ്യുന്ന പരിപാടി എല്ലാ വിഭാഗങ്ങളും അവസാനിപ്പിക്കണം. അരാജകമായ അന്തരീക്ഷത്തിലേക്ക് കൂപ്പുകുത്തുന്ന ഒരു നാട്ടില്‍ എങ്ങനെ സ്വസ്ഥമായി ജീവിക്കാനാകും? കുഞ്ഞുങ്ങള്‍ക്ക് പഠിക്കാനാകും? ജീവിത മാര്‍ഗങ്ങള്‍ കരുപ്പിടിപ്പിക്കാനാകും? നാട്ടില്‍ നിയമവാഴ്ച തകര്‍ന്നുവെന്നല്ല പറയേണ്ടത്. തകര്‍ത്തുവെന്നാണ്. എന്തിനും ഏതിനും പോലീസിനെ മാത്രം പഴിക്കുന്നതില്‍ അര്‍ഥമില്ല. വര്‍ഗീയ വികാരം പടര്‍ത്താനും ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുക്കാനും ശ്രമിക്കുന്നവര്‍ ബോധപൂര്‍വം സമാധാനത്തിന് ഭംഗം വരുത്തുകയാണ്. തീര്‍ച്ചയായും ഇത്തരം കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്നത് കണ്ടെത്താനുള്ള ഇന്റലിജന്‍സ് മിടുക്ക് പോലീസ് സേനക്ക് വേണ്ടത് തന്നെയാണ്. മുഖം നോക്കാതെ നടപടിയെടുക്കാന്‍ ആഭ്യന്തര വകുപ്പിന് സാധിക്കുകയും വേണം. എന്നാല്‍ അതോടൊപ്പം ഉണ്ടാകേണ്ട സാമൂഹിക ജാഗ്രതയുണ്ട്. അക്രമത്തെ ന്യായീകരിക്കുന്ന ഒരു വാക്കും ഒരാളുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ല.

എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ കൊല്ലാനുള്ള ഗൂഢാലോചന രണ്ടര മാസം മുമ്പ് തുടങ്ങിയെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആര്‍ എസ് എസ് കലവൂര്‍ ഖണ്ഡ സേവാ പ്രമുഖ് പൊന്നാട് കാവച്ചിറ പ്രസാദ് എന്ന രാജേന്ദ്ര പ്രസാദ്, ആര്‍ എസ് എസ് കലവൂര്‍ മണ്ഡല്‍ കാര്യവാഹക് കുട്ടന്‍ എന്ന രതീഷ് എന്നിവരാണ് റിമാന്‍ഡിലുള്ളത്. രണ്ടാഴ്ച ഷാനിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു. വാടകെക്കെടുത്ത കാറില്‍ രണ്ട് ദിവസം പിന്തുടര്‍ന്നു. ശനിയാഴ്ച രാത്രി ഏഴരയോടെ കാറിലെത്തിയ അഞ്ച് പേരും ബൈക്കിലെത്തിയ ഒരാളുമാണ് കൃത്യം നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. കേരളത്തില്‍ നടക്കുന്ന ഇത്തരം കൊലപാതകങ്ങളില്‍ ഏറിയ പങ്കിലും ഒരു ഭാഗത്ത് ആര്‍ എസ് എസുണ്ട്. അവരുടെ ശാഖയിലും മറ്റും ആയുധ പരിശീലനങ്ങള്‍ നടക്കുന്നുണ്ട്. കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ക്രൂരമായ വൈദഗ്ധ്യം ആര്‍ എസ് എസ് ക്രിമിനല്‍ സംഘങ്ങള്‍ക്കുണ്ട് എന്നതും വസ്തുതയാണ്. ഹിന്ദുത്വ ഫാസിസത്തിന് വളരാന്‍ മനുഷ്യ കബന്ധങ്ങള്‍ വേണമെന്നതിന് ഇന്ത്യ കടന്നു പോയ എണ്ണമറ്റ കലാപങ്ങള്‍ സാക്ഷ്യം നില്‍ക്കുന്നു.

ഷാന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകം ബി ജെ പി നേതാവ് അഡ്വ. രഞ്ജിത്ത് കൊല്ലപ്പെട്ടു. വീട്ടിലെത്തിയ അക്രമി സംഘം വെട്ടിക്കൊല്ലുകയായിരുന്നു. കൊലക്ക് പകരം കൊല നടത്തുക. എന്നിട്ട് അത് വലിയ വീരകൃത്യമായി കൊണ്ടാടുക. അത് ചൂണ്ടിക്കാട്ടി കൂടുതല്‍ പേരെ ഇത്തരം വൈകാരിക പ്രവണതകളിലേക്ക് തള്ളിവിടുക. ഇതാണ് തന്ത്രം. ഷാനിന്റെ മയ്യിത്ത് വഹിച്ചു കൊണ്ടുള്ള യാത്രയെ വിലാപ യാത്രയെന്ന് വിളിക്കരുതെന്നാണ് ഒരു നേതാവ് പറയുന്നത് കേട്ടത്. എന്താണ് ആ പറഞ്ഞതിന്റെ അര്‍ഥം? കൊല്ലപ്പെടുന്നത് രക്തസാക്ഷിത്വമാണെങ്കില്‍ കൊല്ലുന്നത് പുണ്യ കര്‍മവുമാകില്ലേ? കൊല്ലാനും ചാവാനുമുള്ള ആഹ്വാനമല്ലേ ഇത്. ഇങ്ങനെ പോയാല്‍ ഈ നാടിന്റെ ഗതിയെന്താകും?
രാഷ്ട്രീയ കൊലപാതകം എന്ന പ്രയോഗം തന്നെ തെറ്റാണ്. കൊലപാതകം. അത്ര മതി. ജനാധിപത്യത്തെ കുറിച്ചാണല്ലോ എല്ലാ രാഷ്ട്രീയക്കാരും സംസാരിക്കുന്നത്. വിയോജിപ്പുള്ളയാളെ കൊന്നു തള്ളുന്നതില്‍ എന്ത് ജനാധിപത്യമാണുള്ളത്. കൊന്നാല്‍ ഒരു പാര്‍ട്ടിയെ തകര്‍ക്കാനാകുമോ? ചോര ഒഴുക്കിയാലേ അണികളെ പിടിച്ചു നിര്‍ത്താനാകൂ എന്ന് വന്നാല്‍ അത് രാഷ്ട്രീയമല്ല, തെമ്മാടിത്തമാണ്. യുവാക്കളുടെ ചോരത്തിളപ്പ് വഴിതിരിച്ചു വിടാന്‍ എത്രയോ നല്ല കാര്യങ്ങളുണ്ട്. ശരിയായ രാഷ്ട്രീയം പറയാനില്ലാത്തവരാണ് ആയുധമെടുക്കുന്നത്. കൊലപാതകങ്ങള്‍ക്ക് ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിക്കുന്ന പ്രവണത കൂടി വരികയാണ്. ഇത്തരം ക്രിമിനല്‍ സംഘങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്ന രാഷ്ട്രീയ നേതാക്കള്‍ അനാഥരായ കുഞ്ഞുങ്ങളോട് എന്ത് സമാധാനം പറയും. ആലപ്പുഴയില്‍ നാല് കുഞ്ഞുങ്ങള്‍ പിതാവ് നഷ്ടപ്പെട്ടുവെന്ന യാഥാര്‍ഥ്യത്തിന് മുന്നില്‍ വിറങ്ങലിച്ച് നില്‍പ്പുണ്ട്. വിധവകള്‍, പുത്രനഷ്ടത്തില്‍ വേവുന്ന മാതാപിതാക്കള്‍, സുഹൃദ് നഷ്ടത്തില്‍ ഉരുകുന്ന സഹപ്രവര്‍ത്തകര്‍ അവരോടൊക്കെ നമ്മള്‍ എന്ത് സമാധാനം പറയും?
കൊലപാതകങ്ങളില്‍ നേരിട്ട് പങ്കാളികളായവരെ പിടിച്ചാല്‍ പോരാ. ഗൂഢാലോചനയുടെ ചുരുളഴിയുക തന്നെ വേണം. അതില്‍ പങ്കെടുത്തവര്‍ എത്ര ഉന്നതരായാലും നിയമത്തിന്റെ മുന്നില്‍ വരണം. എല്ലാ പദ്ധതിയും തയ്യാറാക്കി മറഞ്ഞിരിക്കുന്നവര്‍ പിടിക്കപ്പെടുമെന്ന് വന്നാല്‍ വലിയ മാറ്റമുണ്ടാകുമെന്നുറപ്പാണ്. ഇത്തരം കൊലപാതകങ്ങള്‍ക്ക് പിറകേ ദൃശ്യമാധ്യമങ്ങള്‍ ഒരുക്കുന്ന അശ്ലീലക്കാഴ്ചകള്‍ അടിയന്തരമായി നിര്‍ത്തണം. കൊല്ലപ്പെട്ടയാളുടെ സംസ്‌കാര ദൃശ്യം വിശദമായി തത്സമയം നല്‍കുകയാണ് ചെയ്യുന്നത്. ഇതിന്റെ ആവശ്യമെന്താണ്? വര്‍ഗീയ വിദ്വേഷം പടരുന്നത് നല്ല പങ്കും സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രൊഫൈലുകള്‍ വഴിയാണ്. ഇവ പൂര്‍ണമായി നീക്കണം. ഭരണകൂടത്തിന്റെ നടപടികള്‍ ഏകപക്ഷീയമാകുമ്പോള്‍ മറുപക്ഷത്തിന്റെ തീവ്രവാദ പ്രവണതകള്‍ ശക്തമാകുകയാണ് ചെയ്യുക. ഭരിക്കുന്നവര്‍ക്ക് ഒരു കൂട്ടരോടും മമതാ ബോധം ഉണ്ടാകാന്‍ പാടില്ല.
ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു കാര്യം കൂടി അടിവരയിട്ട് പറയേണ്ടിയിരിക്കുന്നു, ഇതില്‍ മതം ഒരു ഘടകമേയല്ല. ഹിന്ദുത്വ ഫാസിസത്തെ നേരിടേണ്ടത് ആയുധമെടുത്താണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതിനേക്കാള്‍ വലിയ രാഷ്ട്രീയ മൗഢ്യമില്ല. വര്‍ഗീയത പടര്‍ത്തി ആള്‍ബലം കൂട്ടാന്‍ ആര് ശ്രമിച്ചാലും വകവെച്ച് കൊടുക്കാനാകില്ല.



source https://www.sirajlive.com/killing-is-not-democracy-political-stupidity.html

Post a Comment

Previous Post Next Post