ഹരിയാനയിലെ ഗുരുഗ്രാമില്‍ മുസ്‌ലിംകളുടെ ജുമുഅ നിസ്‌കാരത്തിനെതിരെ ഒരു ചെറു ന്യൂനപക്ഷം വരുന്ന തീവ്ര ഹിന്ദുത്വവാദികള്‍ നടത്തിക്കൊണ്ടിരിക്കുന്ന കോലാഹലങ്ങള്‍ ഏതാനും മാസങ്ങളായി ദേശീയ പത്ര മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ട്. ജുമുഅ നിസ്‌കാരത്തെ ഒരു ക്രമസമാധാന പ്രശ്‌നമായി പരിവര്‍ത്തിപ്പിക്കുക എന്ന അജന്‍ഡയാണ് ഈ എതിര്‍പ്പുകള്‍ക്ക് പിന്നിലെന്ന് വ്യക്തമാണ്. മതേതര ജനാധിപത്യ വ്യവസ്ഥയില്‍ പൊതുസ്ഥലങ്ങളെ മതാനുഷ്ഠാനങ്ങള്‍ക്ക് വേണ്ടി ഉപയുക്തമാക്കുന്നത് അനുവദനീയമാണോ എന്ന മറ്റൊരു പ്രശ്‌നവും ഇതോടൊപ്പം പൊന്തിവന്നിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ ജുമുഅ നിസ്‌കരിക്കുന്നതിന് അനുവദിക്കുകയില്ല എന്നും വിവിധ മതവിഭാഗങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ അനുവദിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ മതപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സംഘം ചേരലിന് നിയമവിധേയത്വം നല്‍കുകയുള്ളൂവെന്നും ഹരിയാന മുഖ്യമന്ത്രി വ്യക്തമാക്കിയ സ്ഥിതിക്ക് ഗുരുഗ്രാമിലെ മുസ്‌ലിംകള്‍ക്ക് ജുമുഅ നിസ്‌കാരം നടത്താനുള്ള പ്രത്യേക സ്ഥലങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തി അനുവദിച്ചു കൊടുക്കുമെന്നും അങ്ങനെ ഇപ്പോഴുണ്ടായിട്ടുള്ള ഈ പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടുമെന്നും പ്രതീക്ഷിക്കാവുന്നതാണ്. പക്ഷേ, പൊതുസ്ഥലങ്ങളെ മതാനുഷ്ഠാനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത് മതേതര സിദ്ധാന്തത്തിന് വിരുദ്ധമാണ് എന്ന വാദഗതിയെ പിന്തുണക്കുന്നവരല്ല ഗുരുഗ്രാമിലെ മുസ്‌ലിംകളുടെ ജുമുഅ നിസ്‌കാരം തടസ്സപ്പെടുത്താനും ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കാനും രംഗത്ത് വന്നത് എന്നത് ശ്രദ്ധിക്കണം. മുസ്‌ലിംകള്‍ക്ക് നിസ്‌കാരം നിഷേധിച്ചിടത്ത് അക്കൂട്ടര്‍ മതാചാര പ്രകാരമുള്ള പൂജാദികര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതാണ് പിന്നീട് നാം കണ്ടത്. യഥാര്‍ഥത്തില്‍ മതാനുഷ്ഠാനങ്ങളെയല്ല, മുസ്‌ലിംകളെയാണവര്‍ ഉന്നം വെച്ചിട്ടുള്ളത് എന്ന് സുവ്യക്തമാകുന്നുണ്ട്. മുസ്‌ലിംകള്‍ പൊതു സ്ഥലം മതാനുഷ്ഠാനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതിനോടുള്ള അവരുടെ എതിര്‍പ്പിന്റെ ഉത്ഭവ സ്ഥാനം മതേതര സിദ്ധാന്തമല്ല, മുസ്‌ലിം വിരോധമാണ്. ഗുരുഗ്രാമിലെ പ്രശ്‌നം അതുകൊണ്ട് തന്നെ ഒരു പ്രാദേശിക പ്രശ്‌നമല്ല. ഇന്ത്യന്‍ ജനാധിപത്യത്തെ ആഴത്തില്‍ ബാധിച്ചിട്ടുള്ള മതവര്‍ഗീയതയുടെ സാമൂഹികവത്കരണത്തിന്റെ ഒരു പ്രാദേശികമായ പൊട്ടിത്തെറിയാണ് ഗുരുഗ്രാമില്‍ കണ്ടത്. ഈ പ്രശ്‌നം ഏറെ ഗൗരവമര്‍ഹിക്കുന്നതും സമചിത്തതയോടെയും അവധാനതയോടെയും അഭിസംബോധന ചെയ്യപ്പെടേണ്ടതുമാണ്.
ഈ രാജ്യത്ത് ജീവിക്കുന്ന വിവിധ സമുദായങ്ങളില്‍പ്പെട്ട ഭൂരിപക്ഷം ആളുകള്‍ക്കും മതവര്‍ഗീയത എന്ന മഹാ പാപത്തില്‍ നേരിട്ട് യാതൊരു പങ്കാളിത്തവുമില്ല. ഇന്ത്യയിലെ ഹൈന്ദവരില്‍ 80 ശതമാനവും മുസ്‌ലിംകളില്‍ 79 ശതമാനവും മറ്റു മതസ്ഥരോട് ആദരവും സഹിഷ്ണുതയും വെച്ചുപുലര്‍ത്തേണ്ടത് അവരുടെ മതപരമായ ബാധ്യതയാണെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ്. ( പി ഇ ഡബ്ല്യു സെന്റര്‍ എന്ന ഒരു നോണ്‍ പ്രോഫിറ്റബിള്‍ സംഘടന 2019 നവംബറിനും 2021 മാര്‍ച്ചിനും ഇടയില്‍ ഇന്ത്യയിലെ നാനാജാതി മതസ്ഥരിലും പെട്ട 30,000 ആളുകളെ നേരില്‍ കണ്ട്, പതിനേഴ് ഭാഷകളില്‍ സര്‍വേ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച വിവരങ്ങളാണ് ആധാരം). അന്യമത വിദ്വേഷം കൊണ്ടുനടക്കുന്ന ആളുകള്‍ ഇപ്പോള്‍ എണ്ണത്തില്‍ കുറവാണെങ്കിലും മതസഹിഷ്ണുതയും പരസ്പര ബഹുമാനവും ഇന്ത്യക്കാര്‍ എന്ന നിലയിലും ഓരോരുത്തരുടെ മതവിശ്വാസത്തിന്റെ ഭാഗമായും നിലനിര്‍ത്തിപ്പോരേണ്ടത് അനിവാര്യമാണെന്ന് കരുതുന്നവരില്‍ കണ്ടുവരുന്ന ചില സവിശേഷതകള്‍ അത്ര ശുഭോദര്‍ക്കമല്ല. മതവിശ്വാസികളായ ഹിന്ദുക്കളിലും മുസ്‌ലിംകളിലും ഉള്‍പ്പെടുന്നവരില്‍ പകുതിയോളം പേരും അവരുടെ സുഹൃത്തുക്കളും അയല്‍ക്കാരും സ്വമതസ്ഥരാകണമെന്ന് ആഗ്രഹിക്കുന്നുവെന്നാണ് പി ഇ ഡബ്ല്യു സര്‍വേ കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള സാമൂഹിക പ്രവണതകള്‍ ഇതിന് മുമ്പും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇതര മതസ്ഥരോട് ബഹുമാനവും സഹിഷ്ണുതയും വെച്ചുപുലര്‍ത്തുമ്പോഴും അയല്‍വാസത്തിനും മറ്റും സ്വമതസ്ഥര്‍ക്ക് മുന്‍ഗണന നല്‍കുന്ന പ്രവണതകള്‍ വാസ്തവത്തില്‍ വര്‍ഗീയതയുടെ സാമൂഹികവത്കരണത്തിന്റെ ആശയപരമായ അടിത്തറ പ്രബലമായിക്കൊണ്ടിരിക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. വര്‍ഗീയവാദത്തിന്റെ വളര്‍ച്ചക്ക് ഏറ്റവും അനുകൂലമായ ഒരു സാഹചര്യം സാമൂഹിക ജീവിതത്തില്‍ രൂപപ്പെടുത്തുന്നത് ഇത്തരം മുന്‍ഗണനകളാണ്.
മതവിശ്വാസം മനുഷ്യ ബന്ധങ്ങള്‍ക്ക് തടസ്സമായിക്കൂടാ. വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുന്നവരുടെ പ്രധാന ലക്ഷ്യം മനുഷ്യര്‍ക്കിടയില്‍ മതില്‍ക്കെട്ടുകളുണ്ടാക്കുകയെന്നതാണ്. ഗുരുഗ്രാമിലെ മുസ്‌ലിംകളോട് ഇന്ത്യയിലെ നാനാ ജാതി മതസ്ഥര്‍ നന്ദി പറയണം. ഇത്രത്തോളം പ്രകോപനങ്ങളുണ്ടായിട്ടും പ്രകോപനം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടവരുടെ ഉദ്ദേശ്യത്തിന് അവര്‍ വഴിപ്പെട്ടില്ല എന്നത് ഒരു വലിയ കാര്യമാണ്. ഗുരുഗ്രാമിലെ ഹിന്ദുത്വ വാദികളുടെ കുതന്ത്രങ്ങള്‍ക്ക് അവരെ വീഴ്ത്താനായിട്ടില്ല, അതൊരു നല്ല പാഠമാണ്.
source https://www.sirajlive.com/religion-and-hate-fascist-conspiracies-in-gurugram.html
إرسال تعليق